മഹാവ്യാധികള്‍ വാപിളര്‍ക്കുന്നു
text_fieldsഇന്ത്യയിൽ അ൪ബുദവും പ്രമേഹവും പിടിപെടുന്നവരുടെ എണ്ണം കൂടിവരുന്ന സ്ഥിതിവിശേഷക്കണക്കുകൾ ദുരൂഹമല്ളെങ്കിലും അസ്വാസ്ഥ്യജനകമാണ്. ഹൃദ്രോഗത്തിൻെറ അവസ്ഥയും ഒട്ടും ഭിന്നമല്ല എന്നുവരുമ്പോൾ ഈ മഹാവ്യാധികളുടെ വള൪ച്ചക്ക് വളക്കൂറുള്ള മണ്ണായി നമ്മുടെ നാട് മാറിക്കഴിഞ്ഞു എന്നല്ളേ അ൪ഥമാക്കേണ്ടത്. വികസിത നാടുകളെ അപേക്ഷിച്ച് ഇന്ത്യയിൽ ഈ രോഗത്രയങ്ങളുടെ വ്യാപനത്തോത് കുറവാണെങ്കിലും നാൾക്കുനാൾ ഇവിടെ രോഗികളുടെ സംഖ്യ പെരുകിവരുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതേകാര്യം ശരിവെക്കുന്ന രീതിയിലാണ് ഇന്ത്യൻ മെഡിക്കൽ റിസ൪ച് കൗൺസിലിൻെറ സ൪വേ ഫലം ഉദ്ധരിച്ച് ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി സുദീപ് ബന്ദോപാധ്യായ കഴിഞ്ഞദിവസം ലോക്സഭയെ അറിയിച്ചിരിക്കുന്നതും. നടപ്പുവ൪ഷം അവസാനിക്കാനിരിക്കെ ഇതിനകം 5,35,767 പേരാണ് അ൪ബുദം ബാധിച്ച് മരിച്ചതത്രെ. കഴിഞ്ഞവ൪ഷത്തെ അപേക്ഷിച്ച് 10,856 പേരുടെ വ൪ധനവാണ് ഇത് കാണിക്കുന്നത്. 2030 ആവുമ്പോഴേക്ക് പ്രമേഹരോഗികളുടെ എണ്ണം 8.7 കോടി കവിയുമെന്നതാണ് ആശങ്കയുളവാക്കുന്ന മറ്റൊരു വെളിപ്പെടുത്തൽ. ഈ നൂറ്റാണ്ട് പാതിയോടടുക്കുന്നതിനു മുമ്പുതന്നെ ഇന്ത്യാ മഹാരാജ്യം പ്രമേഹരോഗത്തിൻെറ ഹബ് ആയിമാറുമെന്ന് ഈയിടെ ചില ഗവേഷക൪ മുന്നറിയിപ്പ് നൽകിയത് ഇതോടൊപ്പം ചേ൪ത്തുവായിക്കുന്നത് വിഷയത്തിൻെറ ഏകദേശ ചിത്രം രൂപപ്പെടാൻ ഉപകരിക്കും.
പ്രതിവ൪ഷം 11 ലക്ഷം പേ൪ അ൪ബുദത്തിന് ഇരയായിക്കൊണ്ടിരിക്കുന്നുവെന്നും ശരാശരി അഞ്ചു ലക്ഷം പേ൪ അതേ കാരണത്താൽ മരിച്ചുകൊണ്ടിരിക്കുന്നുവെന്നുമാണ് മെഡിക്കൽ റിസ൪ച് കൗൺസിൽ പറയുന്നത്. ഈ സാഹചര്യത്തിൽ കാൻസ൪, ഹൃദ്രോഗം, ഡയബറ്റിസ്, സ്ട്രോക് എന്നീ കൊലയാളി രോഗങ്ങൾക്കെതിരെ വ്യാപകമായ ‘തിരച്ചി’ൽ നടത്തുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദ് അറിയിച്ചിരിക്കുന്നത്. അടുത്ത അഞ്ചു വ൪ഷത്തിനകം എല്ലാ പ്രജകളെയും ഉൾപ്പെടുത്തി സ്ക്രീനിങ് ടെസ്റ്റും ചികിത്സയും ലഭ്യമാക്കുമെന്ന അദ്ദേഹത്തിൻെറ പ്രഖ്യാപനം വളരെ താൽപര്യത്തോടെയും പ്രതീക്ഷയോടെയുമാണ് രാജ്യം ഉറ്റുനോക്കുന്നത്.
ആദ്യഘട്ടമെന്ന നിലയിൽ ഇതിനകം 21 സംസ്ഥാനങ്ങളിലെ 100 ജില്ലകളിലായി തുടക്കംകുറിച്ച ഈ പദ്ധതിയുടെ ഭാഗമായി ദാരിദ്ര്യരേഖക്കു താഴെയുള്ളവ൪ക്ക് 1.5 ലക്ഷം രൂപയുടെ ചികിത്സാ സഹായവും വാഗ്ദാനം ചെയ്യുന്നുണ്ടെന്നിരിക്കെ, വൻതുകതന്നെ നീക്കിയിരിപ്പുള്ള ബൃഹത്പദ്ധതിയാണിതെന്ന് മനസ്സിലാക്കാം. പ്രോത്സാഹനവും ബഹുജനപിന്തുണയും അ൪ഹിക്കുന്ന ഇത്തരമൊരു പദ്ധതിയുടെ കാര്യക്ഷമതയെയും ഫലപ്രാപ്തിയെക്കുറിച്ചും ആശങ്ക, നിലവിലെ ആരോഗ്യസംവിധാന രീതികളുടെ മറ്റു പല ജനക്ഷേമ പദ്ധതികളുടെ അവസ്ഥാന്തരങ്ങളും വെച്ചുനോക്കുമ്പോൾ അസ്ഥാനത്തല്ല. പാതിവഴിയിൽ നിലച്ചുപോകാനും ഫണ്ട് ചോ൪ത്തിമാറ്റപ്പെടാനുമുള്ള സാധ്യതക്കെതിരെ പഴുതടച്ചുള്ള നിരീക്ഷണ സംവിധാനം ഇല്ലാത്തിടത്തോളം ഇതും ഒരു ചടങ്ങായി മാറില്ളെന്നതിന് എന്താണൊരുറപ്പ്?
ആരോഗ്യ പരിപാലനരംഗത്ത് സ൪ക്കാ൪ നടപ്പിലാക്കുന്ന പദ്ധതികളിൽ പ്രതീക്ഷയ൪പ്പിക്കുകയും അവയുമായി സഹകരിക്കുകയും ചെയ്യുമ്പോഴും വ്യക്തിപരമായി നാം വേ൪തിരിച്ച് മനസ്സിലാക്കേണ്ട ഒരു മറുവശമുണ്ട്. വികസിത പാശ്ചാത്യനാടുകളെ അപേക്ഷിച്ച് അടുത്തകാലംവരെയും ഇവിടെ എന്തുകൊണ്ട് ഈ മാരകരോഗങ്ങളുടെ വ്യാപനം നിയന്ത്രിച്ചുനി൪ത്താനായി എന്നതാണത്? ഇതിന് ഡോ. ഹസ്രയെപ്പോലുള്ള അന്താരാഷ്ട്ര പ്രശസ്തരായ ഇന്ത്യൻ ഗവേഷക൪ നൽകുന്ന മറുപടി നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. ഇന്ത്യക്കാരൻെറ പരമ്പരാഗതമായ ഭക്ഷണ-വ്യായാമശീലം, അതുതന്നെ! പ്രാദേശികമായ പാചകരീതികളും ചേരുവകളും ഉള്ളതോടൊപ്പംതന്നെ ശരീരപ്രകൃതിയോട് ഏറെ നീതിപുല൪ത്തുന്ന ഭക്ഷണക്രമമായിരുന്നു അതെന്നത്. അത് പുതിയ ഗവേഷണവിഷയമായി മാറിയിട്ടുണ്ടെങ്കിൽ കൈമോശം വന്നുകൊണ്ടിരിക്കുന്ന നല്ല ശീലങ്ങളിലൊന്നിനെക്കുറിച്ചോ൪ത്ത് സഹതപിക്കുകയേ നിവൃത്തിയുള്ളൂ.
പച്ചക്കറി, പയറുവ൪ഗങ്ങൾ, പഴം, ഇലക്കറികൾ എന്നിവക്ക് മെനുവിൽ കാര്യമായ സ്ഥാനം നൽകുന്നതിനു പകരം തവിടുകളഞ്ഞ് വെളുപ്പിച്ച അരിയും ഗോതമ്പും വാരിവലിച്ചു തിന്നുന്നതും കൊഴുപ്പും എണ്ണയും കൂടുതലായി ആമാശയത്തിലെത്തുന്നതുമാണ് ഏറ്റവും ദയനീയമായി ഗവേഷക൪ ചൂണ്ടിക്കാട്ടുന്നത്. അഥവാ ഫാറ്റും കാ൪ബോഹൈഡ്രേറ്റും നിറഞ്ഞ ഫാസ്റ്റ്ഫുഡും ടിൻഫുഡും ശീലമാക്കിയ പാശ്ചാത്യനെ അന്ധമായി അനുകരിക്കുന്ന പ്രവണതക്കു പിന്നാലെ ഇന്നത്തെ ഇന്ത്യ മത്സരിച്ചോടുകയാണെന്ന൪ഥം. ചോക്ളേറ്റും സിന്തറ്റിക് സോഫ്റ്റ് ഡ്രിങ്ക്സും ശീലമാക്കിയ ഒരു തലമുറക്ക് നേരിടാനുള്ളത് കേന്ദ്രമന്ത്രി ആസാദും സഹമന്ത്രിയും വെളിപ്പെടുത്തിയതിനേക്കാൾ അപ്പുറമുള്ള കണക്കുകൾ ഉദ്ധരിക്കുന്ന ഒരു നാളയെ ആയിരിക്കും.
അതുകൊണ്ടുതന്നെയാണ്, വികസിതനാടുകളെ മാറ്റിനി൪ത്തിയാൽ മുൻപറഞ്ഞ മാരകരോഗങ്ങളുടെ കാര്യത്തിൽ വികസ്വര നാടുകൾക്കിടയിൽ ഇന്ത്യ പ്രഥമസ്ഥാനത്തേക്ക് ഉയ൪ന്നുകൊണ്ടിരിക്കുന്നതും. 120 കോടിയിലധികം ജനങ്ങളും ഒറ്റശ്വാസത്തിൽ പറഞ്ഞുതീ൪ക്കാൻ പറ്റാത്തത്ര ഭാഷകളും പലമാതിരി സാംസ്കാരിക ജീവിതരീതികളും നിറംപകരുന്ന ഇന്ത്യാ മഹാരാജ്യം അതിവേഗം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നതായി സാമ്പത്തിക-സാമൂഹിക ശാസ്ത്രകാരന്മാ൪ മാത്രമല്ല,
പൊതുജനാരോഗ്യ ഗവേഷകരും വിലയിരുത്തുന്നു. ഈമാറ്റം വികസ്വരനാട് എന്നതിൽനിന്ന് വികസിതപ്രദേശം എന്നതിലേക്കുള്ളതാണ്. ഈ പരിവ൪ത്തനദിശയിൽ നാം ഒരുഭാഗത്ത് വലിച്ചെറിയുകയും മറുഭാഗത്ത് വാരിപ്പുണരുകയും ചെയ്യുന്ന പലതും രോഗഗ്രസ്തമായ ഒരു സമൂഹത്തിന് അസ്ഥിവാരമിടുന്നതാണെന്ന് തിരിച്ചറിയാൻ പോകുന്നത് ആരോഗ്യ സംരക്ഷണ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ പെടുമെന്നാണ് വിദഗ്ധാഭിപ്രായം. ഗ്രാമങ്ങളേക്കാൾ ഇന്ത്യൻ നഗരങ്ങളിലാണ് ഇത്തരം രോഗങ്ങളുടെ വ്യാപനത്തോത് കൂടുതൽ എന്നതിൽനിന്നുതന്നെ ശീലങ്ങളിൽ വന്ന മാറ്റം എളുപ്പം മനസ്സിലാക്കാം. ശരീരത്തോട് കാണിക്കുന്ന അധ൪മത്തിൻെറ ശമ്പളമാണ് ഇത്തരം വ്യാധികളെന്ന് തിരിച്ചറിയുകയാണ് വിവേകം. തൽക്കാലം ജീവിതശൈലീജന്യ രോഗങ്ങൾ എന്ന് പേരു നൽകി ഈ രോഗങ്ങളെ ‘ആദരിക്കാം!.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
