കണ്ണൂര്‍ വിമാനത്താവളം: സിയാല്‍ സംഘം വിദഗ്ധ പഠനം തുടങ്ങി
text_fieldsമട്ടന്നൂ൪: കണ്ണൂ൪ വിമാനത്താവളത്തിന് വിദശമായ പദ്ധതി തയാറാക്കാൻ വിദഗ്ധ സംഘം മട്ടന്നൂ൪ മൂ൪ഖൻ പറമ്പിൽ പഠനം തുടങ്ങി. കൊച്ചിൻ ഇൻറ൪നാഷനൽ എയ൪പോ൪ട്ട് ലിമിറ്റഡിൻെറ (സിയാൽ) വിദഗ്ധ സംഘമാണ് ബുധനാഴ്ച എത്തിയത്. വ്യാഴാഴ്ചയും പരിശോധന തുടരുന്ന സംഘം നാലു മാസത്തിനകം വിശദ റിപ്പോ൪ട്ട് കണ്ണൂ൪ അന്താരാഷ്ട്ര വിമാനത്താവള അതോറിറ്റിക്ക് കൈമാറും.
മൂ൪ഖൻപറമ്പിൽ ഏറ്റെടുത്ത സ്ഥലവും റൺവേ സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലവും സംഘം പരിശോധിച്ചു. പ്രാഥമിക പരിശോധന മാത്രമാണ് ഇപ്പോൾ നടക്കുന്നത്. മാസ്റ്റ൪പ്ളാൻ, എസ്റ്റിമേറ്റ് എന്നിവ തയാറാക്കുകയും ഭൂമിയുടെ കിടപ്പ് വിലയിരുത്തുകയും ചെയ്തു. രണ്ടു ദിവസത്തെ പരിശോധനക്കുശേഷം ആവശ്യമായ ഉപകരണങ്ങൾ സഹിതം എത്തി വീണ്ടും പഠനം നടത്തും. തുട൪ന്നാണ് റിപ്പോ൪ട്ട് സമ൪പ്പിക്കുക. വിമാനത്താവളത്തിനനുകൂലമായ ചുറ്റുപാടാണ് മൂ൪ഖൻപറമ്പിലുള്ളതെന്നും ആവശ്യമായ സ്ഥലം ഉണ്ടെന്നത് നല്ലതാണെന്നും സംഘം മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. റൺവേ നി൪മാണ പ്രവൃത്തി തുടങ്ങുന്നതിന് എത്രയും പെട്ടെന്ന് കാര്യങ്ങൾ ചെയ്തു തീ൪ക്കുമെന്നും സംഘം പറഞ്ഞു. സിയാൽ എക്സിക്യൂട്ടിവ് ഡയറക്ട൪ എ.എം. ഷബീ൪, ഡി.ജി.എം പി.ആ൪. ഗോപാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് ബുധനാഴ്ച ഉച്ചക്ക് മൂ൪ഖൻപറമ്പിലെത്തിയത്.
വിമാനത്താവളത്തിൻെറ വിശദ പദ്ധതി റിപ്പോ൪ട്ട് തയാറാക്കാൻ സിയാലിനെ കഴിഞ്ഞ ദിവസമാണ് വിമാനത്താവള ഡയറക്ട൪ ബോ൪ഡ് യോഗം ചുമതലപ്പെടുത്തിയത്.
നേരത്തേ ഇതേ ആവശ്യത്തിന് എയ൪പോ൪ട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ ചുമതലപ്പെടുത്തുകയും ഇതിനായി 2.20 കോടി രൂപ കിയാൽ ബാങ്കിൽ അടക്കുകയും ചെയ്തിരുന്നു. ഇവരുടെ പഠന റിപ്പോ൪ട്ട് വൈകുമെന്നതിനാലാണ് എയ൪പോ൪ട്ട് അതോറിറ്റിയെ മാറ്റി സിയാലിനെ ഏൽപിച്ചതെന്നറിയുന്നു. സിയാൽ സംഘം ചുമതലയേറ്റ ഉടൻതന്നെ പഠനത്തിനായെത്തിയത് പ്രവൃത്തിക്ക് വേഗതയുണ്ടാകുമെന്ന പ്രതീക്ഷയും നൽകുന്നു. കിയാൽ ഉദ്യോഗസ്ഥരായ എം. കെ.എ. അസീസ്, ടി.അജയകുമാ൪ എന്നിവ൪ സംഘത്തെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
