അറബ് വിപ്ളവത്തിന് തിരിയിട്ടത് ഒറ്റമിനിറ്റ് സിനിമ -ഇല്‍യാസ് ബക്കര്‍
text_fieldsതിരുവനന്തപുരം: തുനീഷ്യയിലും തുട൪ന്ന് അറബ് ലോകമാകെയും പട൪ന്ന മുല്ലപ്പൂ വിപ്ളവത്തിന് കാരണമായത് അലിയെന്ന, സിനിമാക്കാരനല്ലാത്ത യുവാവിൻെറ ഒറ്റമിനിറ്റ് സിനിമയാണെന്ന് തുനീഷ്യൻ സംവിധായകൻ ഇൽയാസ് ബക്ക൪. ചലച്ചിത്രമേളയോടനുബന്ധിച്ച് അരവിന്ദൻ സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അധികാരികളോടുള്ള പ്രതിഷേധമായി മുഹമ്മദ് ബുഅസീസീയെന്ന യുവാവ് സ്വയം കത്തിയെരിയുന്ന ദൃശ്യമായിരുന്നു അലി പക൪ത്തിയത്. ഇത് അൽജസീറയിൽ അപ്ലോഡ് ചെയ്യുകയും തുട൪ന്ന് സോഷ്യൽ നെറ്റ്വ൪ക് സൈറ്റുകളിലൂടെ പ്രചരിച്ച് വലിയൊരു വിപ്ളവത്തിന് നാന്ദിയാവുകയുംചെയ്തു. സിനിമയുടെ ശക്തിയും സാധ്യതയും വിളിച്ചറിയിച്ച മഹത്തായ സംഭവമാണിതെന്നും ബക്ക൪ പറഞ്ഞു.
വിപ്ളവം ഞങ്ങളൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എപ്പോഴും ചിരിക്കുന്നൊരു നാടാണ് തുനീഷ്യ. പക്ഷെ ഈ ചിരിക്കുള്ളിൽ വലിയൊരു കനൽ ഉണ്ടായിരുന്നുവെന്ന് ബിൻ അലി അറിഞ്ഞത് വളരെ വൈകിയായിപ്പോയി. അപ്പോഴേക്കും വിപ്ളവം അയാളെ താഴെയിറക്കി.
പ്രക്ഷോഭകരെ ഭീകരവാദികളെന്നും അൽ ഖാഇദക്കാരെന്നും വിളിച്ച് അടിച്ചമ൪ത്താൻ നോക്കിയെങ്കിലും കഴിഞ്ഞില്ല. വിപ്ളവത്തിന് ശേഷം ഒരു ചരിത്രസന്ധിയിലാണ് രാജ്യം. അധികാരത്തിലേറിയ മിതവാദ ഇസ്ലാമിക പാ൪ട്ടിയായ അന്നഹ്ദക്ക് എന്തുചെയ്യാൻ കഴിയുമെന്നാണ് ഉറ്റുനോക്കുന്നത്.
‘ഞങ്ങൾ ചെയ്യുന്നതെന്തെന്ന് നിങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഞങ്ങൾക്കറിയാ’മെന്ന് പുതിയ പ്രസിഡൻറ് പറഞ്ഞതിൽ പ്രതീക്ഷയുണ്ട്. അതെ, ഞങ്ങൾ തെരുവിൽ തന്നെയാണ്. നേടിയ സ്വാതന്ത്ര്യത്തിന് ഭംഗംവരാതെ നോക്കാൻ ഞങ്ങൾ പഠിച്ചുകഴിഞ്ഞു -ബക്ക൪ വ്യക്തമാക്കി. തൻെറ വികാരങ്ങളാണ് തന്നെക്കൊണ്ട് സിനിമയെടുപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
