നഗരവികസനം: സി.പി.എം കണ്ണടച്ച് ഇരുട്ടാക്കുന്നു -ഡി.സി.സി
text_fieldsതിരുവനന്തപുരം: നഗരത്തിൻെറ സത്വര വികസനത്തിനായി യു.ഡി.എഫ് സ൪ക്കാ൪ കഴിഞ്ഞ ആറുമാസം കൊണ്ടുചെയ്ത അത്രയും കാര്യങ്ങൾപോലും അഞ്ചുവ൪ഷത്തെ ഭരണത്തിനിടെ ചെയ്യാതിരുന്ന എൽ.ഡി.എഫ് നേതൃകക്ഷിയായ സി.പി.എം ആരോപണങ്ങൾ ഉന്നയിക്കുന്നത് കണ്ണടച്ച് ഇരുട്ടലാക്കലാണെന്ന് ഡി.സി.സി ആക്ടിങ് പ്രസിഡൻറ് എം. ജെറോം അറിയിച്ചു. യു.ഡി.എഫ് സ൪ക്കാറിൻെറ വികസന പ്രവ൪ത്തനങ്ങളെ ആക്ഷേപിക്കുന്നത് സംഘടനാ തെരഞ്ഞെടുപ്പിലുണ്ടായ വിഭാഗീയത മറച്ചുവെക്കാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മോണോ റെയിൽ യാഥാ൪ഥ്യമാക്കാനുള്ള നടപടികൾ സമയബന്ധിതമായി നടന്നുവരികയാണ്. ഇതുസംബന്ധിച്ച പഠന റിപ്പോ൪ട്ട് രണ്ടുമാസം കൊണ്ട് സമ൪പ്പിക്കാൻ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തിക്കഴിഞ്ഞു.
വിമാനത്താവളം ഹാങ്ങ൪ യൂനിറ്റിൻെറ ഉദ്ഘാടനം അറിഞ്ഞിട്ടും ഇതുസംബന്ധിച്ച ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്. എൽ.ഡി.എഫ് ഭരണകാലത്ത് നഗരത്തിൽ 22 പ്രാവശ്യം പൈപ്പ് ലൈൻ പൊട്ടിയിട്ടുണ്ട്. എന്നാൽ, യു.ഡി.എഫ് സ൪ക്കാ൪ അധികാരത്തിൽ വന്നയുടൻതന്നെ ഇതിന് ശാശ്വതപരിഹാരം കാണുന്നതിനായി ബജറ്റിൽ 50 കോടി അനുവദിക്കുകയുണ്ടായി. പൈപ്പ് ലൈനിൽ പൊട്ടലുണ്ടായ ഉടനെ യുദ്ധകാലാടിസ്ഥാനത്തിൽ സത്വരനടപടികൾ സ്വീകരിച്ചു.
അഞ്ചുവ൪ഷമായി പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി 100 ദിവസം കൊണ്ട് പൂ൪ത്തിയാക്കണമെന്ന് പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. കേന്ദ്രാനുമതി ലഭിച്ചിട്ടും തുറമുഖ പദ്ധതിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻപോലും എൽ.ഡി.എഫ് സ൪ക്കാറിന് സാധിച്ചില്ല.
കരമന -കളിയിക്കാവിള ദേശീയപാത വികസനത്തിന് വ്യവസ്ഥാപിതമായ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കാതെയും പ്രോജക്ട് റിപ്പോ൪ട്ടിന് അനുമതിയില്ലാതെയുമാണ് എൽ.ഡി.എഫ് സ൪ക്കാ൪ തറക്കല്ലിട്ടത്. എന്നാൽ, ഇപ്പോഴത് സാധ്യമാക്കാനുള്ള എല്ലാ ശ്രമങ്ങളും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ നടന്നുവരികയാണ്.
40 വ൪ഷത്തോളമായി നഗരസഭ ഭരണം നടത്തിവരുന്ന സി.പി.എം നഗരവാസികൾക്ക് നരകസമാനമായ സാഹചര്യമാണ് ഒരുക്കിയിതെന്നും ജനങ്ങളെ വിഡ്ഢികളാക്കുന്ന സി.പി.എമ്മിൻെറ നീക്കം ജനങ്ങൾ തിരിച്ചറിയുമെന്നും ജറോം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
