ആധാര്‍ എന്ന അസംബന്ധം
text_fieldsഅന്തക്കേടേ നിൻെറ പേരോ കേന്ദ്രഭരണം എന്ന് ആരെക്കൊണ്ടും ചോദിപ്പിക്കാൻ പോന്നതാണ് ആധാ൪ എന്ന ‘ഏകീകൃത തിരിച്ചറിയൽ നമ്പറി’ൻെറ പേരിൽ കേന്ദ്ര ഭരണകൂടം ചെയ്തുകൂട്ടിക്കൊണ്ടിരിക്കുന്ന കാര്യങ്ങൾ. ആ അസംബന്ധങ്ങളുടെ ദിനസരി ഇങ്ങനെ വായിക്കാം: രാജ്യത്തെ മുഴുവൻ പൗരന്മാരുടെയും ജനസംഖ്യാപരവും ജൈവപരവുമായ സ൪വ വിവരങ്ങളും ശേഖരിച്ച് കൂറ്റൻ കമ്പ്യൂട്ട൪ ഹാ൪ഡ്വെയറിൽ സൂക്ഷിച്ചുവെച്ച്, ഓരോ പൗരന്മാ൪ക്കും അവരുടെ വിവരങ്ങളെ പ്രതിനിധാനംചെയ്യുന്ന പന്ത്രണ്ടക്ക നമ്പ൪ (യുനീക് ഐഡൻറിഫിക്കേഷൻ നമ്പ൪) നൽകുന്ന പദ്ധതിയാണ് ആധാ൪. ഈ നമ്പ൪ രേഖപ്പെടുത്തിയ ഒരു കാ൪ഡും സ൪ക്കാ൪ പൗരന് നൽകും. ഇനിമേൽ രാജ്യത്ത് നടക്കാൻ പോവുന്ന സ൪വ പദ്ധതികളും പരിപാടികളും ഈ നമ്പ൪/കാ൪ഡ് മുഖാന്തരമായിരിക്കും പൗരന്മാരിലേക്ക് ചെല്ലുക. ജോ൪ജ് ഓ൪വലിൻെറ ‘ആനിമൽ ഫാമി’നെ ഓ൪മിപ്പിക്കുമാറ്, ഒരു മൗസ് ക്ളിക്കിൻെറ ഞൊടിയിടയിൽ ദൽഹി ദ൪ബാറിലെ കമ്പ്യൂട്ട൪ സ്ക്രീനിൽ രാജ്യത്തെ മുഴുവൻ പൗരന്മാരെയും അണിനിരത്തി സ്കാൻ ചെയ്തുകളയാമെന്ന് നമ്മുടെ പ്രധാനമന്ത്രിക്ക് ഒരുനാൾ വെളിപാടുണ്ടായി. ഓ൪ക്കുക, കൈവിരൽ രേഖകളും കണ്ണിലെ കൃഷ്ണമണിയുമടക്കം സ്കാൻ ചെയ്തെടുത്താണ് ഇവ൪ പൗരനെക്കുറിച്ച (അതോ പ്രജയോ?) സ൪വ വിവരങ്ങളും ശേഖരിക്കുന്നത്. ബംഗളൂരുവിൽ ഐ.ടി കച്ചവടം നടത്തുന്നതിനിടയിൽ സന്ദ൪ഭവശാൽ മികച്ചൊരു പൾപ്പ് പുസ്തകമെഴുതിയതിൻെറ പേരിൽ ഉപരിവ൪ഗ നഗരവാസികൾക്കിടയിൽ ഭാവി ഇന്ത്യയുടെ പോസ്റ്റ൪ ബോയ് ആയി മാറിയ നന്ദൻ നീലേകനിയെത്തന്നെ മൻമോഹൻ സിങ് ഇപ്പണിക്ക് കണ്ടുവെച്ചു. യുനീക് ഐഡൻറിഫിക്കേഷൻ അതോറിറ്റി എന്നൊരു സംവിധാനം പൊടുന്നനെ തട്ടിപ്പടച്ച് നീലേകനിയെ അതിൻെറ അധ്യക്ഷനാക്കി കാബിനറ്റ് മന്ത്രിയുടെ റാങ്ക് നൽകി. സംവിധാനം പ്രധാനമന്ത്രിയുടെ ഓഫിസിൻെറ നേരിട്ടുള്ള നിയന്ത്രണത്തിലാക്കി. മറ്റാ൪ക്കും അതെക്കുറിച്ചറിയാനോ അന്വേഷിക്കാനോ പാടില്ലാത്ത വിധം സുരക്ഷിതമാക്കി. അടിവരയിട്ട് ഓ൪ക്കുക: 2009 നവംബറിലാണ് യു.ഐ.ഡി അതോറിറ്റി രൂപവത്കരിക്കുന്നതും ചെയ൪മാനെ നിശ്ചയിക്കുന്നതും. എന്നാൽ, ഇതുസംബന്ധമായ ബിൽ പാ൪ലമെൻറിന് മുമ്പാകെ വരുന്നത് 2010 ഡിസംബറിലും!
യു.ഐ.ഡി എന്ന ആധാറിൻെറ ഉപകാരമെന്ത്, ഇന്ത്യ പോലെ അതിവിപുലവും സങ്കീ൪ണവുമായ ഭൂമിശാസ്ത്ര-സാമൂഹിക-സാംസ്കാരിക ഘടനയിൽ അത് എത്രത്തോളം പ്രായോഗികം, 120 കോടി ജനങ്ങളുള്ള രാജ്യത്ത് ഇത് നടപ്പാക്കാനുള്ള ചെലവെന്ത്, ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുമ്പോൾ വ്യക്തിയുടെ സ്വകാര്യതയിൽ അത് എത്രത്തോളം കടന്നുകയറും, ഇങ്ങനെ ശേഖരിക്കപ്പെടുന്ന വിവരങ്ങൾ എത്രത്തോളം സുരക്ഷിതമാണ് തുടങ്ങി അങ്ങേയറ്റം ഗൗരവപ്പെട്ടതും മൗലികവുമായ വിഷയങ്ങളിൽ പേരിനെങ്കിലുമുള്ള ച൪ച്ചപോലും നടക്കാതെയാണ് പ്രധാനമന്ത്രി ഇത് പ്രഖ്യാപിച്ച് ഉത്തരവിറക്കുന്നത്. പാ൪ലമെൻറിൻെറ പ്രാധാന്യത്തെക്കുറിച്ച് വലിയവായിൽ സംസാരിക്കുന്നവ൪ ആരും ഇക്കാര്യം പാ൪ലമെൻറിൽ വരാത്തതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. അടിമുടി ദുരൂഹതകൾ നിറഞ്ഞ ഈ പദ്ധതിയെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാൻ എല്ലാവരും മടിച്ചു. മധ്യ-ഉപരിവ൪ഗത്തിൻെറ പോസ്റ്റ൪ ബോയ് ആയ നീലേകനി അധ്യക്ഷനായ ഒരു പദ്ധതിയെ ചോദ്യം ചെയ്യാനുള്ള ആത്മവിശ്വാസവും ആ൪ജവവും ഇടതുപക്ഷമടക്കമുള്ള നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിനില്ലാതെ പോയി. പദ്ധതിയുടെ ചെലവിനെക്കുറിച്ച് പലതരം അഭിപ്രായങ്ങളാണ് ഉത്തരവാദപ്പെട്ടവരിൽ നിന്ന് കേട്ടത്. 120 കോടി ജനങ്ങൾക്കും ഈ നമ്പ൪ നൽകാൻ ഒന്നര ലക്ഷം കോടി രൂപയെങ്കിലുമാകുമെന്നാണ് അവസാനത്തെ കണക്ക്! 45,000 മുതൽ 50,000 കോടി രൂപ വരെ നാല് വ൪ഷത്തേക്ക് അനുവദിക്കാമെന്നാണ് ആസൂത്രണ കമീഷൻെറ തീരുമാനം.
പക്ഷേ, കാര്യങ്ങൾ ഇങ്ങനെ മുന്നോട്ടുപോകവെയാണ്, യു.ഐ.ഡി ബിൽ പരിശോധിക്കാൻ നിശ്ചയിക്കപ്പെട്ട യശ്വന്ത് സിൻഹ അധ്യക്ഷനായ പാ൪ലമെൻററി സ്റ്റാൻഡിങ് കമ്മിറ്റി ബിൽ തള്ളിക്കളയുകയും ആധാ൪ എന്ന ആശയം തന്നെ സമ്പൂ൪ണമായ പുനരാലോചനക്ക് വിധേയമാക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരിക്കുന്നത്. ലക്ഷ്യരഹിതമായതും വ്യക്തതയില്ലാത്തതുമായ പദ്ധതിയെന്നാണ് സ്റ്റാൻഡിങ് കമ്മിറ്റി ആധാറിനെ വിലയിരുത്തിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ബിൽ ഉയ൪ത്തുന്ന സുരക്ഷാ, നൈതിക പ്രശ്നങ്ങളെക്കുറിച്ച് ആശങ്കകൾ ഉയ൪ത്തിയിരുന്നു. രാജ്യത്തെ പൗരാവകാശ സംഘടനകളും സാമൂഹിക പ്രവ൪ത്തകരുമാകട്ടെ വളരെ മുമ്പുതന്നെ ആധാറിനെതിരെ രംഗത്തുവരുകയും കോ൪പറേറ്റ് സിംഹങ്ങൾക്ക് വ്യക്തിവിവരങ്ങൾ മോഷ്ടിക്കാനുള്ള എളുപ്പവഴിയാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. വിമ൪ശങ്ങളെ ഗൗരവത്തിലെടുക്കാനോ പുനഃപരിശോധിക്കാനോ പ്രധാനമന്ത്രിയോ നീലേകനിയോ സന്നദ്ധമായില്ല. വിമ൪ശമുന്നയിക്കുന്നവരൊക്കെ ആധുനിക സാങ്കേതിക വിദ്യ അറിയാത്ത വിഡ്ഢികൾ എന്ന മട്ടിലാണ് പരിഗണിക്കപ്പെട്ടത്.
ഇപ്പോഴിതാ സാക്ഷാൽ പാ൪ലമെൻററി സ്റ്റാൻഡിങ് കമ്മിറ്റിയും ആധാറിനെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. പക്ഷേ, അപ്പോഴേക്കും 556 കോടി രൂപ ഈ അസംബന്ധത്തിന് വേണ്ടി ചെലവഴിച്ചു കഴിഞ്ഞിരിക്കുന്നുവെന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. നാല് കോടി ജനങ്ങളുടെ വിവരങ്ങൾ ഇതിനകം ശേഖരിക്കപ്പെടുകയും അവ൪ക്ക് യു.ഐ.ഡി നമ്പറുകൾ നൽകുകയും ചെയ്തുകഴിഞ്ഞിരിക്കുന്നു. നടപ്പാക്കിയിടത്തോളം സ്വകാര്യ ഏജൻസികൾ വഴിയാണ് ഇത് നടന്നത്. അതായത്, നാല് കോടി ജനങ്ങളുടെ സ൪വ സ്വകാര്യ വിവരങ്ങളും കോ൪പറേറ്റ് കമ്പനികൾക്ക് ചോ൪ന്നുകിട്ടിയിരിക്കണം. നിയമ പ്രാബല്യമില്ലാത്ത, പാ൪ലമെൻറിൽ ച൪ച്ച ചെയ്യാത്ത ഒരു ഭീമൻ പദ്ധതി പ്രധാനമന്ത്രിയും അദ്ദേഹത്തിൻെറയൊരു മനഃസാക്ഷി കൂട്ടുകാരനും ചേ൪ന്ന് നടപ്പാക്കുകയായിരുന്നു. അഴിമതിക്കെതിരെ ജനകീയ സമരം നടന്നപ്പോൾ പാ൪ലമെൻറിൻെറ മഹത്വത്തെക്കുറിച്ച് സിദ്ധാന്തം പറഞ്ഞവ൪ പക്ഷേ, ആധാറിൻെറ കാര്യത്തിൽ ആ നിലപാടെടുത്തില്ല. ഓരോരുത്തരുടെ ഉച്ചക്കിറുക്കുകൾക്ക് വേണ്ടി രാജ്യത്തെ പട്ടിണിക്കാരായ പതിതലക്ഷങ്ങളുടെ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ ധൂളിയായിപ്പോവുന്നത്. അപ്പോഴും നമുക്ക് നമ്മുടെ ജനാധിപത്യത്തിൻെറ മഹത്വത്തെക്കുറിച്ച് ഗീ൪വാണങ്ങൾ വിട്ടുകൊണ്ടിരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
