ദക്ഷിണ ധ്രുവത്തില്‍ അപൂര്‍വ ശതാബ്ദിയാഘോഷം
text_fieldsഓസ്ലോ: ഭൂമിയുടെ ദക്ഷിണധ്രുവം കഴിഞ്ഞദിവസം ആഘോഷത്തിലായിരുന്നു. നോ൪വേക്കാരനായ റോൾഡ് ആമുണ്ട്സൻ ഇവിടെ കാൽകുത്തിയിട്ട് നൂറാം വ൪ഷം തികഞ്ഞതിൻെറ ആരവങ്ങളായിരുന്നു അവിടെ. നോ൪വേ പ്രധാനമന്ത്രി ജെൻസ് സ്റ്റോൾട്ടൻ ബ൪ഗ് അടക്കമുള്ള നിരവധി പ്രമുഖരാണ് ചടങ്ങിനെത്തിയത്.
1911 ഡിസംബ൪ 14ന് ദക്ഷിണധ്രുവത്തിലെത്തിയ ആമുണ്ട്സൻ നോ൪വീജിയൻ പതാക നാട്ടിയ സ്ഥലത്ത് ഐസിൽ തീ൪ത്ത അദ്ദേഹത്തിൻെറ അ൪ധകായ പ്രതിമ അനാച്ഛാദനം ചെയ്ത് സംഘം അനുസ്മരണം നടത്തി.
1909ൽ റോബ൪ട്ട് പെറി ഉത്തരധ്രുവം കീഴടക്കിയതു മുതൽ ദക്ഷിണധ്രുവം കീഴടക്കുക എന്നത് ആമുണ്ട്സൻെറ സ്വപ്നമായി.
അതിസാഹസിക യാത്രക്കൊടുവിലാണ് ആമുണ്ട്സൻ ദക്ഷിണ ധ്രുവത്തിലെത്തിയത്. രണ്ടു മാസംകൊണ്ട് 9800 അടി (3000 മീറ്റ൪) താണ്ടിയാണ് ആമുണ്ട്സൻ സംഘം ലക്ഷ്യസ്ഥാനത്തെത്തിയത്. ഹിമവണ്ടി വലിക്കാൻ പ്രത്യേക പരിശീലനം നൽകിയ നായകളെയാണ് അദ്ദേഹം ഒപ്പം കൂട്ടിയത്.
1912 ജനുവരി 17ന് റോബ൪ട്ട് സ്കോട്ടിൻെറ നേതൃത്വത്തിൽ രണ്ടാം സംഘം ഏറെ പ്രതീക്ഷയോടെയാണ് ധ്രുവത്തിലെത്തിയത്. എന്നാൽ, ആമുണ്ട്സൻെറ കൂടാരവും കുറിപ്പും അദ്ദേഹം നാട്ടിയ നോ൪വീജിയൻ പതാകയുമാണ് സംഘത്തിന് കാണാനായത്. ആമുണ്ട്സൻ സംഘം സുരക്ഷിതമായി തിരിച്ചെത്തിയെങ്കിലും സ്കോട്ട് സംഘം വഴി മധ്യേ മരണത്തിനു കീഴടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
