കെ.എസ്.ആര്‍.ടി.സിയുടെ തമിഴ്നാട് സര്‍വീസുകള്‍ നിര്‍ത്തുന്നു
text_fieldsകൊച്ചി: മുല്ലപ്പെരിയാ൪ പ്രശ്നത്തിൻെറ പേരിൽ അതി൪ത്തിയിൽ തുടരുന്ന അക്രമ സംഭവങ്ങൾമൂലം കെ.എസ്.ആ൪.ടി.സിയുടെ തമിഴ്നാട്ടിലേക്കുള്ള ഇൻറ൪ സ്റ്റേറ്റ് സ൪വീസുകൾ നി൪ത്തുന്നു. ഇതുമൂലം 10 ലക്ഷത്തിലേറെയാണ് പ്രതിദിന നഷ്ടം. ഇതേസമയം കുമളി റൂട്ടിലൊഴികെ തമിഴ്നാട്ടുകാരുടെ ബസുകളെല്ലാം കേരളത്തിലേക്ക് സുഗമമായി സ൪വീസ് നടത്തുന്നുണ്ട്.
250ഓളം സ൪വീസുകളാണ് കെ.എസ്.ആ൪.ടി.സി തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളിലേക്ക് പ്രതിദിനം നടത്തുന്നത്. ഇത്രതന്നെ സ൪വീസുകൾ തമിഴ്നാട്ടിൽനിന്ന് തിരിച്ചുമുണ്ട്. തമിഴ്നാട് ട്രാൻസ്പോ൪ട്ട് കോ൪പറേഷനുമായാണ് കെ.എസ്.ആ൪.ടി.സിയുടെ കരാറെങ്കിലും കോ൪പറേഷൻ വിവിധ റൂട്ടുകളിലേക്കുള്ള സ൪വീസുകൾ കമ്പനികൾക്ക് വീതിച്ചുനൽകുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ സ൪വീസ് നടത്തുന്ന ഒരു ബസിനുനേരെ പോലും കേരളത്തിൽ ആക്രമണം ഉണ്ടായിട്ടില്ല. ഇതേസമയം, തമിഴ്നാട്ടിൽ 12 കെ.എസ്.ആ൪.ടി.സി ബസുകൾക്കുനേരെ ആക്രമണം നടന്നു. ബസുകൾക്ക് കേടുപാടുകൾ സംഭവിച്ചതിൻെറ പേരിൽ കെ.എസ്.ആ൪.ടി.സിക്ക് ഭീമമായ നഷ്ടമുണ്ടായി. കൊല്ലത്തുനിന്ന് പോകുന്ന മധുര ബസിനു നേ൪ക്ക് കഴിഞ്ഞ ദിവസം ചാണകവെള്ളം ഒഴിച്ചു. യാത്രക്കാ൪ക്കും മ൪ദനമേറ്റു. മൂന്നാ൪- തേനി, കട്ടപ്പന- കമ്പം, കുമളി- കമ്പം സ൪വീസുകൾ സംഘ൪ഷം തുടങ്ങിയപ്പോൾ തന്നെ നിലച്ചു. പൊള്ളാച്ചി വഴിയുള്ള സ൪വീസുകളും ഇപ്പോൾ തടസ്സപ്പെട്ടു. പാലക്കാട്-കോയമ്പത്തൂ൪ റൂട്ടിലെ സ൪വീസുകൾ കോൺവോയ് അടിസ്ഥാനത്തിലാണ് നടത്തുന്നത്. എറണാകുളം- മധുര, തിരുവല്ല-മധുര സ൪വീസുകളും രണ്ടു ദിവസമായി പോകുന്നില്ല. പാലക്കാട്ടുനിന്നുള്ള സ൪വീസുകൾക്കുനേരെ ആക്രമണം ഉണ്ടായതിനുശേഷം ബസുകൾ വാളയാ൪ ചെക്പോസ്റ്റിൽ തടഞ്ഞിട്ടശേഷം തമിഴ്നാട് പൊലീസ് കോൺവോയ് ആയി കൊണ്ടുപോവുകയാണ് ചെയ്യുന്നത്. ചെക് പോസ്റ്റിൽ ഒന്നും ഒന്നരയും മണിക്കൂ൪ തുട൪ച്ചയായി തടഞ്ഞിടുന്നതുമൂലം കെ.എസ്.ആ൪.ടി.സി ബസിൽ കയറാൻ തമിഴ്നാട്ടുകാ൪ മാത്രമല്ല മലയാളി യാത്രക്കാരും മടിക്കുന്നു. ബസ് യാത്രയിൽ സുരക്ഷതിത്വം ഉറപ്പുവരുത്താൻ കഴിയാത്ത കെ.എസ്.ആ൪.ടി.സിയുടെ നിസ്സഹായാവസ്ഥയും ഇതിന് കാരണമാണ്. കെ.എസ്.ആ൪.ടി.സി ബസുകൾ യാത്രക്കാരില്ലാതെ വഴിയിൽ കിടക്കുമ്പോൾ തമിഴ്നാട്ടിലെ ബസുകൾ നിറയെ യാത്രക്കാരുമായി സ൪വീസ് നടത്തി ലാഭം കൊയ്യുകയാണ്.
മുല്ലപ്പെരിയാ൪ പ്രശ്നം ശബരിമല സ്പെഷൽ സ൪വീസുകളെയും പ്രതിസന്ധിയിലാക്കി. തമിഴ്നാട്ടിലേക്ക് കെ.എസ്.ആ൪.ടി.സി ബസുകളൊന്നും ഇപ്പോൾ അയക്കുന്നില്ല. തമിഴ്നാട്ടിൽനിന്നുള്ള ബസുകൾ കുമളി റൂട്ട് ഒഴിവാക്കി മറ്റുവഴികളിലൂടെ എത്തുന്നുമുണ്ട്. തമിഴ്നാട്ടിൽനിന്നുള്ള ശബരിമല തീ൪ഥാടകരുടെ എണ്ണത്തിലും വലിയ തോതിൽ കുറവുവന്നു. പമ്പയിൽനിന്നുള്ള ദീ൪ഘദൂര ബസുകളിൽ തമിഴരുടെ തിരക്ക് കുറഞ്ഞതുകൂടാതെ പമ്പ- നിലക്കൽ ചെയിൻ സ൪വീസിലും യാത്രക്കാ൪ കുറവാണ്. സീസണിൽ ശബരിമലയിൽ എത്തുന്ന സ്വകാര്യ വാഹനങ്ങളിൽ പകുതിയിലേറെയും തമിഴ്നാട്ടിൽനിന്നാണ്. പ്രതിസന്ധിയിലൂടെ നീങ്ങുന്ന കെ.എസ്.ആ൪.ടി.സിക്ക് ഒരുപരിധിവരെ പിടിച്ചുനിൽക്കാൻ കഴിഞ്ഞിരുന്നത് ശബരിമല സീസൺകൊണ്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
