സഹോദരനെ കൊലപ്പെടുത്തിയ യുവാവും സഹായിയും കുറ്റക്കാര്‍
text_fieldsകോട്ടയം: വിവാദമായ ഗോപകുമാ൪ വധക്കേസിൽ അനുജനും സൃഹുത്തും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. തെളിവുകളുടെ അഭാവത്തിൽ ബന്ധുവായ മൂന്നാം പ്രതിയെ കോട്ടയം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി കെ.പി. പ്രസന്നകുമാരി കുറ്റവിമുക്തനാക്കി. രണ്ടാം പ്രതിയും കൊല്ലപ്പെട്ട മണിമല കടയനിക്കാട് കള്ളിക്കൽവീട്ടിൽ ഗോപകുമാറിൻെറ സഹോദരനുമായ അനിയൻ കുഞ്ഞ് എന്ന ഉണ്ണികൃഷ്ണൻ (37), ഒന്നാം പ്രതി റാന്നി പഴവങ്ങാടി മോതിരവയൽ തുണ്ടിയിൽ ബിനു എന്ന ബിനുരാജ് (30) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ബന്ധുവും മൂന്നാം പ്രതിയുമായ കടയനിക്കാട് കോത്തലപ്പടി പടിഞ്ഞാറെ പുത്തൻകല്ലിൽ ബിജുവിനെയാണ് (41) കുറ്റവിമുക്തനാക്കിയത്. ശിക്ഷ സംബന്ധിച്ച് വെള്ളിയാഴ്ച കോടതി വാദം കേൾക്കും.
ഉണ്ണികൃഷ്ണൻ 302ാം വകുപ്പ് പ്രകാരം കൊലപാതകത്തിനും 201ാം വകുപ്പ്പ്രകാരം തെളിവ് നശിപ്പിച്ചതിനും കുറ്റക്കാരനാണെന്നാണ് കണ്ടെത്തിയത്. തെളിവ് നശിപ്പിച്ച കുറ്റം മാത്രമാണ് ബിനുവിനെതിരെ യുള്ളത്. സാഹചര്യത്തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷന് സംഭവിച്ചവീഴ്ച മൂന്നാം പ്രതി ബിജുവിനെ വെറുതെ വിടാൻ സഹായകമായി.
2007 നവംബ൪ 30ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. രണ്ടാം പ്രതിയായ ഉണ്ണികൃഷ്ണനെ അവഗണിച്ച് മാതാപിതാക്കൾ ഗോപകുമാറിന് അമിത പരിഗണനനൽകിയെന്ന തെറ്റിദ്ധാരണയും സ്വത്ത് വീതം വെച്ചപ്പോൾ തറവാടും പുരയിടവും നൽകിയ വിരോധവുമാണ് കൊലപാതകത്തിൽ കലാശിച്ചത്്.
തറവാട്ടിൽ ഒറ്റക്ക് താമസിക്കുന്ന ഗോപകുമാറിനെ വകവരുത്താൻ ബന്ധു ബിജു, സുഹുത്ത് ബിനു എന്നിവരെ വിളിച്ചുവരുത്തി ഉണ്ണികൃഷ്ണൻ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. സംഭവദിവസം രാത്രി 9.30ന് ബൈക്കിൽ എത്തിയ മൂവ൪ സംഘം വീടിൻെറ പരിസരത്ത് ഒളിച്ചിരുന്നു. രാത്രി 10.15ന് മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയ ഗോപകുമാറിൻെറ കഴുത്തിൽ അയയിൽ ഉണങ്ങാൻ ഇട്ടിരുന്ന കൈലിമുണ്ട് ഉപയോഗിച്ച് ഞെരുക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. വീട് പൂട്ടി താക്കോൽ കൈക്കലാക്കിയശേഷം മൃതദേഹം പ്ളാസ്റ്റിക് ചാക്കിൽ കെട്ടി ഉണ്ണികൃഷ്ണൻെറ കാറിൻെറ ഡിക്കിയിൽ ഒളിപ്പിച്ചു. പുല൪ച്ചെ പമ്പ-വടശേരിക്കര റോഡിൽ ചെളിക്കുഴി വനാതി൪ത്തിയിൽ എത്തി കുഴിയെടുത്ത് മൃതദേഹം മറവു ചെയ്തു. വീടിൻെറ താക്കോൽ വനത്തിലേക്ക് എറിഞ്ഞതിന് ശേഷമാണ് സംഘം മടങ്ങിയത്.
2009 മാ൪ച്ച് 19ന് മറവുചെയ്ത സ്ഥലത്തെത്തിയ പ്രതികൾ തെളിവ് നശിപ്പിക്കാനും എല്ലുകൾ കത്തിക്കാനും ശ്രമിച്ചു. കുഴിച്ചിട്ട ഭാഗത്തെ മണ്ണ് മാറ്റിയതോടെ അഴുകാത്ത മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം കുഴിയിലേക്ക് വീണ്ടും തള്ളിയിട്ട് പൊതിഞ്ഞ പ്ളാസ്റ്റിക് ചാക്കും കെട്ടാനുപയോഗിച്ച കയറും എടുത്ത് കത്തിച്ചുകളഞ്ഞു.
കോട്ടയം ഡിവൈ.എസ്.പിയായിരുന്ന പി.കെ. മധു 2009 ഏപ്രിൽ 26ന് മറ്റൊരു കേസ് അന്വേഷിക്കുന്നതിനിടെ നിരവധി മോഷണക്കേസിൽ പ്രതിയും ഒന്നാംപ്രതിയുമായ ബിനുവിനെ അറസ്റ്റ് ചെയ്തതാണ് വഴിത്തിരിവായത്. ചോദ്യം ചെയ്യലിനൊടുവിൽ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്ത് മൃതദേഹം മറവുചെയ്ത സ്ഥലത്തുനിന്ന് അവശിഷ്ടം കണ്ടെത്തി.
തലയോട്ടിയുടെ സൂപ്പ൪ ഇംപോസിഷനും ഡി.എൻ.എ പ്രെഫൈൽ ടെസ്റ്റിലൂടെയുമാണ് മൃതദേഹം ഗോപകുമാറിൻേറതാണെന്ന് തിരിച്ചറിഞ്ഞത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം. ജോൺസൺ ജോസഫ് അന്വേഷണം പൂ൪ത്തിയാക്കി കുറ്റപത്രം നൽകി.
പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ളിക് പ്രോസിക്യൂട്ട൪ അഡ്വ. ആ൪. വിക്രമൻ നായ൪, അഡീഷനൽ ജില്ലാ പബ്ളിക് പ്രോസിക്യൂട്ട൪ അഡ്വ. ജിതേഷ് ജെ. ബാബു, അഡ്വ. വി.എസ്. മനുലാൽ, അഡ്വ. അഭിലാഷ് ചന്ദ്രൻ എന്നിവ൪ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
