
മാവൂരിൽ കൂടുതൽ പ്രദേശങ്ങൾ ഒറ്റപ്പെട്ടു; ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
text_fieldsമാവൂർ: ചാലിയാർ പുഴയിൽ ജലനിരപ്പ് വീണ്ടും ഉയർന്നതോടെ തീരങ്ങളിൽ വെള്ളപ്പൊക്കകെടുതി രൂക്ഷമായി. മാവൂരിൽ 200 ഓളം കുടുംബങ്ങൾ വീട് ഒഴിഞ്ഞ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നുണ്ട്. ഉൾനാടൻ ഗ്രാമീണ റോഡുകളെല്ലാം വെള്ളത്തിനടിയിലായതോടെ പ്രദേശങ്ങൾ ഒറ്റപ്പെട്ടു.
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കുടുങ്ങിയവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാൻ പുതിയാപ്പയിൽനിന്ന് സീ റസ്ക്യൂ ടീം മാവൂരിലെത്തിയിട്ടുണ്ട്. കോഴിക്കോട് -ഊട്ടി ഹ്രസ്വദൂര പാതയുടെ ഭാഗമായ മാവൂർ -കൂളിമാട് റോഡിൽ വെള്ളം കയറിയതോടെ അടച്ചു. ചെറൂപ്പ-ഊർക്കടവ്, മാവൂർ -കണ്ണിപ്പറമ്പ്- കുന്ദമംഗലം, ചെറൂപ്പ - കുറ്റിക്കടവ്-കുന്ദമംഗലം, കുറ്റിക്കടവ്- കോഴിക്കോട് റോഡുകൾ വെള്ളത്തിനടിയിലാണ്. ചാലിയാറും ചെറുപുഴയുമാണ് നിറഞ്ഞു കവിഞ്ഞ് മാവൂർ ഗ്രാമപഞ്ചായത്തിനെ പ്രളയത്തിൽ മുക്കിയത്.
ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലും വെള്ളപ്പൊക്കം രൂക്ഷമാണ്. ഗ്രാമ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ 100 ലധികം കുടുംബങ്ങൾ വീടൊഴിഞ്ഞിട്ടുണ്ട്. ചാലിയാറിൻ്റെയും ഇരുവഴിഞ്ഞിയുടെയും സംഗമ കേന്ദ്രമായ കൂളിമാട് അങ്ങാടിയിൽ വെള്ളം കയറിയിട്ടുണ്ട്.