'ജയ് ശ്രീറാ'മിൽനിന്ന് 'ജയ് സിയറാ'മിലേക്ക് ചുവടുമാറ്റി മോദി
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോധ്യയിൽ രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിൽ
രാമക്ഷേത്ര ഭൂമിപൂജയുടെ ആഘോഷങ്ങൾക്ക് നടുവിൽ രാമനിൽനിന്ന് സീതയിലേക്ക് ചുവടുമാറി മുതിർന്ന ബി.ജെ.പി നേതൃത്വം. കാലങ്ങളായി ബി.ജെ.പിയുൾപ്പെടെ സംഘ്പരിവാർ സംഘടനകളുടെ ചടങ്ങുകളിലെല്ലാം മുഴങ്ങിയിരുന്ന മുദ്രാവാക്യമാണ് 'ജയ് ശ്രീറാം'.
എന്നാൽ, ബുധനാഴ്ച അയോധ്യയിൽ 'ജയ് സിയറാം' (സീതാ റാം) എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ച് ഉരുവിട്ടത്.സീതയെക്കുറിച്ച് മുെമ്പാരിക്കലും സൂചിപ്പിക്കാത്ത മോദി, ഭൂമിപൂജ ചടങ്ങിൽ 'ജാനകി മാതാവി'നെക്കുറിച്ച് ആവർത്തിച്ച് പറഞ്ഞത് ഏവരിലും അദ്ഭുതമുളവാക്കി. 'ജയ് ശ്രീറാം' വിളിക്കുപകരം 'ജയ് സിയറാ'മിെൻറ പൂർണരൂപമായ 'സിയാപതി (സീതയുടെ ഭർത്താവ്) രാംചന്ദ്ര കീ ജയ്' എന്നും ഉച്ചരിച്ചു.
രാമക്ഷേത്രത്തിന് വേണ്ടിയുള്ള ആക്രമണോത്സുക മുദ്രാവാക്യമായി വിശ്വഹിന്ദു പരിഷത്ത് തുടക്കം കുറിച്ച 'ജയ് ശ്രീറാം' വിളിയെ മറികടക്കുന്നതിെൻറ വ്യക്തമായ സൂചന പരമ്പരാഗതമായ 'സിയാപതി രാം ചന്ദ്ര കീ ജയ്' വിളി നൽകുന്നു.
ഹിന്ദു പുരുഷ മേധാവിത്വത്തെ സൂചിപ്പിക്കുന്ന 'ജയ് ശ്രീറാം' വിളി വർഷങ്ങളായി രാഷ്ട്രീയ നേതൃത്വം തുടർന്നുവരുന്നതാണ്. 'സിയാപതി' വിളിയിലൂടെ സീതക്ക് പ്രാമുഖ്യം നൽകി, സീതയുടെ ഭർത്താവ് എന്ന നിലയിൽ രാമനെ പിറകിലേക്ക് മാറ്റിനിർത്തുന്നതിെൻറ സൂചന കൂടിയാണ്.
ഭൂമിപൂജ ചടങ്ങിൽ 35 മിനിറ്റ് നീണ്ട മോദിയുടെ പ്രസംഗം തുടങ്ങിയതും അവസാനിപ്പിച്ചതും 'സിയാപതി രാംചന്ദ്ര കീ ജയ്' വിളിയിലൂടെയാണ്. ഇതോടെ രാമ ജന്മഭൂമി പ്രക്ഷോഭങ്ങൾക്ക് അന്ത്യമാകുമോ എന്ന ജിജ്ഞാസയിലാണ് അയോധ്യയിൽ പലരും. ക്ഷേത്രത്തിന് വേണ്ടിയുള്ള യുദ്ധം അവസാനിച്ചതിനാൽ ഇനിയെന്ത് യുദ്ധവെറി എന്നാകും.
അതെന്തായാലും മാറ്റം അനിവാര്യമാണെന്ന് പ്രധാനമന്ത്രി ഉച്ചത്തിൽതന്നെ എല്ലാവരെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഭൂമിപൂജക്ക് ശേഷം നടത്തിയ തെൻറ പ്രസംഗം ശ്രീരാമെൻറ നന്മയും മഹത്വവും ധീരതയും വാഴ്ത്തുന്നതിലാണ് കേന്ദ്രീകരിച്ചത്.
ചടങ്ങിൽ നീണ്ട മുടിയും നീണ്ട താടിയുമായി പ്രത്യക്ഷപ്പെട്ട മോദിക്ക് ഇതിനുപിന്നിൽ എന്തെങ്കിലും ലക്ഷ്യമുണ്ടോയെന്ന് വ്യക്തമല്ല. സ്വർണ മഞ്ഞ കുർത്തയും വെള്ള ധോത്തിയുമണിഞ്ഞുള്ള ഈ രൂപമാറ്റം ചടങ്ങിൽ സന്നിഹിതരായ സന്യാസിമാരുടെ വസ്ത്രങ്ങളോട് ചേരുംവിധമായിരുന്നു.
ചടങ്ങിെൻറ ശ്രദ്ധ മുഴുവൻ തന്നിൽ കേന്ദ്രീകരിക്കുന്ന കാര്യം അദ്ദേഹം ഉറപ്പുവരുത്തിയിരുന്നു. പൂജാ ചടങ്ങിൽ കാമറ ദൃഷ്ടിയിൽ വരുംവിധം അദ്ദേഹത്തിന് സമീപം ആരുമില്ലാതിരുന്നതിന് കോവിഡ് മുൻകരുതലിന് നന്ദി. മുഖ്യമായും സന്യാസിമാർക്ക് മാത്രമായി പരിമിതപ്പെടുത്തിയ ചടങ്ങിൽ തങ്ങളുടെ അസാന്നിധ്യം കൊണ്ട് കേന്ദ്ര മന്ത്രിസഭാംഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് ചടങ്ങിലെ മുഖ്യാതിഥിയായി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ എന്നിവരെ പ്രോട്ടോകോൾ കാരണങ്ങളാൽ ഒഴിവാക്കാൻ കഴിയാത്തതാവാം.
രാമക്ഷേത്ര പ്രക്ഷോഭത്തിലെ പ്രധാന നേതാക്കളെയെല്ലാം ചടങ്ങിൽ നിന്ന് ക്രമാനുഗതമായി മാറ്റിനിർത്തിയത് അയോധ്യയിൽ ചർച്ചയാണ്. എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിങ് എന്നിവരെ കോവിഡ് മാർഗനിർദേശമനുസരിച്ചുള്ള 'വയോധികർ' എന്ന ഗണത്തിലായതിനാൽ അതിഥികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കാൻ എളുപ്പമായി.
ചടങ്ങിലേക്ക് രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിരുന്നില്ലെങ്കിലും 'സന്ത് സമാജ്' ബന്ധങ്ങൾവഴി ഭൂമിപൂജ ചടങ്ങിലേക്ക് അവസാന നിമിഷം പ്രവേശനം നേടുകയായിരുന്നു.
മേൽപറഞ്ഞ നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് വ്യക്തമാക്കിയിരുന്നു. ബാബരി മസ്ജിദ് തകർത്ത കേസിൽ ഇവരെല്ലാം കോടതിയിൽ ഇപ്പോഴും വിചാരണ നേരിടുകയാണെന്നതാണ് കൗതുകം.