ന്യൂഡല്‍ഹി: പൗരത്വ സമരത്തില്‍ പങ്കെടുത്തതിന് ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത സാമൂഹിക പ്രവര്‍ത്തകനും ശിശുരോഗ വിദഗ്ധനുമായ ഡോ. കഫീല്‍ ഖാെൻറ ജാമ്യഹരജി അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിനിടെ കുടുംബം വീണ്ടും സുപ്രീംകോടതിയിലേക്ക്. നേരത്തേ കഫീൽ ഖാെൻറ മോചനത്തിനുവേണ്ടി സമര്‍പ്പിച്ച ഹരജിയിൽ അലഹബാദ് ഹൈകോടതിയെ സമീപിക്കാനായിരുന്നു സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നത്.
കേസ് കേള്‍ക്കുന്നത് 10 ദിവസം വീണ്ടും നീട്ടിവെക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ അലഹബാദ് ഹൈകോടതി ബെഞ്ച് 14 ദിവസം നീട്ടിനല്‍കുകയായിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചുമത്തിയ ദേശസുരക്ഷ നിയമത്തിെൻറ (എന്‍.എസ്.എ) കാലാവധി ആഗസ്റ്റ് 12ന് തീരാനിരിക്കെ മൂന്നു മാസത്തേക്കുകൂടി നീട്ടി അന്യായ തടങ്കല്‍ നീട്ടാനാണ് യോഗി സര്‍ക്കാര്‍ സമയം വാങ്ങിയതെന്ന് കഫീലിെൻറ കുടുംബം കുറ്റപ്പെടുത്തിയിരുന്നു. അതിനിടയിലാണ് കുടുംബം വീണ്ടും സുപ്രീംകോടതിയിലെത്തുന്നതെന്ന് സഹോദരൻ അദീൽ ഖാൻ 'മാധ്യമ'ത്തോടു പറഞ്ഞു.