രാമക്ഷേത്രം: പാക് വിമര്‍ശനം തള്ളി ഇന്ത്യ
text_fieldsന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച പാകിസ്താന്റെ വിമര്‍ശനം തള്ളി ഇന്ത്യ. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്താന്‍ ഇടപെടരുതെന്നും സാമുദായിക പ്രേരണയില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
രാമക്ഷേത്ര നിര്‍മാണം അപലപിച്ച് പാകിസ്താന്റെ വിദേശകാര്യ മന്ത്രാലയമാണ് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നത്.
ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്താന്റെ പ്രസ്താവന കണ്ടു. അതിര്‍ത്തി കടന്നുള്ള തീവ്രവാദം പ്രയോഗിക്കുകയും, സ്വന്തം ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ മതപരമായ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന ഒരു രാജ്യത്തിന്റെ അപ്രതീക്ഷിത നിലപാടൊന്നുമല്ല ഇത്. എന്നിരുന്നാലും, ഇത്തരം അഭിപ്രായങ്ങള്‍ വളരെ ഖേദകരമാണ് -വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്ത പറഞ്ഞു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ പ്രചാരണം നടത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ പ്രതികരണങ്ങള്‍.