ന്യൂഡൽഹി: യു.എൻ സുരക്ഷാസമിതിയിൽ കശ്മീർ പ്രശ്‌നം ഉന്നയിക്കാനുള്ള ചൈനയുടെ ശ്രമത്തിന് തടയിട്ട് ഇന്ത്യ. രാജ്യത്തിൻെറ ആഭ്യന്തര കാര്യങ്ങളിൽ ബീജിങ്ങിെൻറ ഇടപെടലിനെ ശക്തമായി നിരാകരിക്കുന്നുവെന്ന് ഇന്ത്യ അറിയിച്ചു.
''ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങെള കുറിച്ച് യു. എൻ സുരക്ഷാ സമിതിയിൽ ചർച്ച ആരംഭിക്കാനുള്ള ശ്രമം ചൈന നടത്തി. ഇന്ത്യയുടെ ആഭ്യന്തര വിഷയം സംബന്ധിച്ച ഒരു പ്രശ്‌നം ഉന്നയിക്കാൻ ചൈന ശ്രമിക്കുന്നത് ഇതാദ്യമല്ല. മുമ്പത്തെ അവസരങ്ങളിലെന്നപോലെ ചൈനയുടെ നടപടിക്ക് അന്താരാഷ്ട്ര സമൂഹത്തിൻെറ പിന്തുണ ലഭിച്ചില്ല''- വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ചൈനയുടെ ഇടപെടലിനെ ശക്തമായി നിരാകരിക്കുന്നുവെന്നും ചൈന ഇത്തരം ശ്രമകരമായ നടപടികളിൽ നിന്ന് മാറി ശരിയായ നിഗമനങ്ങളിൽ എത്തണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.