എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സാദിയ ദെൽവി അന്തരിച്ചുന്യൂഡൽഹി: എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സാദിയ ദെൽവി (63) അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.
ഉറുദു വനിത മാസികയായ 'ഷമ' സ്ഥാപകൻ ഹാഫിസ് യൂസഫ് ദെൽവിയുടെ കൊച്ചുമകളായ സാദിയ നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. 'അമ്മ ആൻറ് ഫാമിലി', 'സിന്ദഹി കിത്നി ഖുബ്സൂരത് ഹേ' തുടങ്ങിയ ടെലിവിഷൻ പരമ്പരകൾക്ക് തിരക്കഥയൊരുക്കുകയും അഭിനയിക്കുകയും ചെയ്തു. പ്രശസ്ത എഴുത്തുകാരൻ ഖുശ്വന്ത് സിങ്ങുമായുള്ള അഭിമുഖപരമ്പരയായ 'നോട്ട് എനൈസ് മാൻ ടു നോ' എന്ന പരിപാടിയുടെ നിർമാതാവായിരുന്നു സാദിയ.
ഡൽഹിയിലെ ഭക്ഷണ പാരമ്പര്യത്തെ കുറിച്ച് 'ജാസ്മിൻ ആൻറ് ജിന്ന്സ്: മെമ്മറീസ് ആൻറ് റെസിപ്പീസ് ഓഫ് മൈ ഡൽഹി', 'സൂഫിസം, ദി ഹാർട് ഓഫ് ഇസ്ലാം', 'ദി സൂഫി കോർട്യാർഡ്: ദർഗാസ് ഓഫ് ഡൽഹി' തുടങ്ങി സാദിയയുടെ നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.