മണി ദാ; കാലത്തിനതീതമായ കാന്‍വാസ്
text_fieldsആധുനിക ഇന്ത്യന്‍ ചിത്രകലയുടെ ഏറ്റവും തേജസാര്‍ന്ന മുഖങ്ങളിലൊന്നാണ് ‘മണി ദാ’ എന്നറിയപ്പെടുന്ന കെ.ജി. സുബ്രഹ്മണ്യന്‍. ചിത്രകലയെ രാഷ്ട്രീയപ്രവര്‍ത്തനവും ദര്‍ശനവുമായി പ്രയോഗിച്ച അദ്ദേഹം അനവധി മാധ്യമങ്ങളില്‍ ഒരേസമയം ആചാര്യസ്ഥാനം വഹിച്ച വിപുല കാന്‍വാസാണ്. കലാചരിത്രവും സൗന്ദര്യശാസ്ത്രവും അസാമാന്യ പ്രതിഭയോടെ കൈകാര്യം ചെയ്ത കെ.ജി. സുബ്രഹ്മണ്യന്‍ എല്ലാ കാലത്തും ആധുനികനായിരുന്നു. ‘ഞാനൊരു പോസ്റ്റ്മോഡേണിസ്റ്റാണെന്ന് ആരോ പറഞ്ഞു; ഞാനാകട്ടെ മോഡേണിസം എന്താണെന്ന് ഇന്ത്യയില്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നു’ ഒരിക്കല്‍ അദ്ദേഹം പാതി തമാശയില്‍ പറഞ്ഞു.
ടാഗോറും രവിവര്‍മയും അടക്കമുള്ളവരുടെ കലാജീവിതത്തെ നിശിതവിചാരണക്ക് വിധേയനാക്കിയ കെ.ജി. സുബ്രഹ്മണ്യന്‍ നിര്‍ഭയനായ വിമര്‍ശകനും ആയിരുന്നു. ചിത്രകല കച്ചവടമാക്കുന്നതില്‍ അദ്ദേഹം പ്രതിഷേധിച്ചു. ‘എന്‍െറ ചിത്രം വാങ്ങാനുള്ള നിങ്ങളുടെ യോഗ്യത പണമാകരുത്’ എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
1924ല്‍ കൂത്തുപറമ്പില്‍ റവന്യൂ ഇന്‍സ്പെക്ടറായിരുന്ന ഗണപതി അയ്യരുടെ മകനായി ജനിച്ച് മയ്യഴിയില്‍ മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കിയ അദ്ദേഹം 19ാം വയസ്സില്‍ മദ്രാസ് പ്രസിഡന്‍സി കോളജില്‍ ഇക്കണോമിക്സ് ബിരുദത്തിന് ചേര്‍ന്നു. പഠനത്തിനിടെ, 1943ല്‍ അദ്ദേഹം ക്വിറ്റിന്ത്യാ സമരത്തിലേക്കിറങ്ങി. ലാത്തിച്ചാര്‍ജില്‍ പല്ലുകള്‍ നഷ്ടപ്പെട്ടു. മദിരാശി സെക്രട്ടേറിയറ്റിനുമുന്നില്‍ മുദ്രാവാക്യം മുഴക്കി പ്രകടനം നയിച്ചതിന് ആറുമാസം തടവുശിക്ഷ. മയ്യഴിയില്‍ തിരിച്ചത്തെി ബ്രിട്ടീഷ് വിരുദ്ധ സമരം തുടര്‍ന്നു.
വീണ്ടും മദിരാശിയിലത്തെി ചിത്രകലയിലെ ആചാര്യന്മാരായിരുന്ന കെ.സി.എസ്. പണിക്കരും ദേവി പ്രസാദ് റോയ് ചൗധരിയുമായും ബന്ധപ്പെട്ടു. നന്ദലാല്‍ ബോസിന്‍െറ ക്ഷണമനുസരിച്ച് 1944ല്‍ ശാന്തിനികേതനില്‍ കലാപഠനത്തിന് ചേര്‍ന്നു. ബിനോദ് ബിഹാര്‍ മുഖര്‍ജി, രാം കിങ്കര്‍ ബൈജ് തുടങ്ങിയ മഹാരഥന്മാരുടെ ശിക്ഷണത്തില്‍ അദ്ദേഹം ഇന്ത്യന്‍ കലയുടെ സമ്പന്നവും വിഭിന്നവുമായ ധാരകളുടെ അന്വേഷകനായി. പാരമ്പര്യത്തില്‍നിന്നും ആധുനികതയില്‍നിന്നും കുതറി മാറി അതുവരെ സഞ്ചരിച്ചിട്ടില്ലാത്ത അനവധി മാധ്യമങ്ങളിലേക്ക് അദ്ദേഹത്തിന്‍െറ ചിത്രകല സഞ്ചരിച്ചു. 1963ല്‍ ചുട്ട കളിമണ്ണില്‍ രചിച്ച ലഖ്നോവിലെ ചുമര്‍ശില്‍പം അടക്കമുള്ള രചനകള്‍ പരീക്ഷണങ്ങളുടെ പുതിയ കാന്‍വാസുകളായിരുന്നു. ഗ്ളാസ് പെയിന്‍റിങ്, ടെറാക്കോട്ട, കൊത്തുപണി, ഗുവാഷ് തുടങ്ങിയ അപൂര്‍വ മാധ്യമങ്ങളില്‍ വൈദഗ്ധ്യം തെളിയിച്ചു. താനൊരു ‘പോളിഗോട്ട്’ (പല ഭാഷയില്‍ സംസാരിക്കുന്നവന്‍) ആണെന്ന് അദ്ദേഹം പറയാറുണ്ട്. ഇന്ത്യയുടെ ബഹുമുഖവും വിഭിന്നവുമായ സംസ്കാരത്തിലായിരുന്നു അദ്ദേഹത്തിന്‍െറ കലയുടെ വേരുകള്‍.
1950ല്‍ ഡല്‍ഹിയിലേക്ക് മാറിയപ്പോള്‍ കലാകാരിയായ സുശീല ജസ്റയെ ജീവിതസഖിയാക്കി. ബറോഡയിലെ എം.എസ് സര്‍വകലാശാലയുടെ കലാവിഭാഗമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്സിലെ അധ്യാപകനെന്ന നിലക്ക് സ്ഥാപനത്തെ ആഗോളപ്രശസ്ത കലാപഠന കേന്ദ്രമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. 1950കളുടെ ഒടുവില്‍ ഖാദി-ഗ്രാമവ്യവസായ ബോര്‍ഡ്, കൈത്തറി ബോര്‍ഡ്, കരകൗശല ബോര്‍ഡ് എന്നീ ദേശീയ സ്ഥാപനങ്ങള്‍ക്കുവേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചു. ശാന്തിനികേതനിലായിരുന്നു വിശ്രമജീവിതം.
പത്മശ്രീ (1975), പത്മഭൂഷണ്‍ (2006), പത്മവിഭൂഷണ്‍ (2012), പ്രഥമ കാളിദാസ് സമ്മാന്‍ (1980), കേരളത്തിന്‍െറ പരമോന്നത ചിത്രകലാ പുരസ്കാരമായ രാജാരവിവര്‍മ പുരസ്കാരം(2001) എന്നിവക്ക് അര്‍ഹനായി. ലണ്ടനിലെ സ്ളെയ്ഡ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ അധ്യാപകനായിരുന്നു. ഓക്സ്ഫഡിലെ സെയ്ന്‍റ് കാതറൈന്‍സ് കോളജ് ഫെലോഷിപ് നല്‍കി ആദരിച്ചു. ആഗോളപ്രശസ്തമായ നിരവധി സര്‍വകലാശാലകളില്‍ ഇന്ത്യയുടെ ചിത്രകലാ അംബാസഡറായിരുന്നു.
‘ഞാന്‍ ആഹ്ളാദവാനല്ല. ഒരാള്‍ ആഹ്ളാദവാനാണെങ്കില്‍ മരിച്ചു എന്നാണര്‍ഥം. ഞാന്‍ കുറച്ച് അസന്തുഷ്ടനാണ്. അതുകൊണ്ട് ദിവസവും വരക്കാറുണ്ട്. ഇനിയും ധാരാളം ബാക്കിയുണ്ട് വരക്കാന്‍’ ഒരഭിമുഖം അദ്ദേഹം അവസാനിപ്പിച്ചത് ഇങ്ങനെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
