സേലം ആത്മഹത്യ: നഗ്നഫോട്ടോ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ
text_fieldsചെന്നൈ: ഫേസ്ബുക്കിൽ മോർഫ് ചെയ്ത് നഗ്നഫോട്ടോകൾ പ്രചരിക്കപ്പെട്ടതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ തമിഴ്നാട് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. സേലം സ്വദേശി സുരേഷാണ് അറസ്റ്റിലായത്. സ്വകാര്യ ഫാക്ടറിയിൽ ജോലിക്കാരനാണ് ഇയാൾ. പ്രണയാഭ്യർഥന നിരസിച്ചപ്പോഴുണ്ടായ വൈരാഗ്യം മൂലമാണ് പെൺകുട്ടിയുടെ വ്യാജഫോട്ടോകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതെന്ന് ഇയാൾ വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചു.
ഈ മാസം 23നാണ് ഇയാൾ യുവതിയുടെ ഫോട്ടോകൾ അപ്ലോഡ് ചെയ്തത്. അന്നുതന്നെ പെൺകുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതിപ്പെട്ടിരുന്നു. പെൺകുട്ടിക്ക് സംശയമുള്ള മറ്റൊരാളുടെ പേര് പരാതിയിൽ സൂചിപ്പിച്ചിരുന്നുവെങ്കിലും ഇയാൾ കുറ്റക്കാരനല്ലെന്ന് കണ്ട് പൊലീസ് വെറുതെ വിടുകയായിരുന്നു.
ഞായറാഴ്ച യുവതിയുടെ മറ്റൊരു നഗ്നഫോട്ടോ പ്രതി വീണ്ടും ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചു. ഇത്തവണ യുവതിയുടെ അച്ഛന്‍റെ ഫോൺനമ്പർ സഹിതമാണ് ഫോട്ടോ അപ്് ലോഡ് ചെയ്തത്. ഇതിനെ തുടർന്നാണ് അപമാനം സഹിക്കവയ്യാതെ യുവതി ഫാനിൽ തൂങ്ങി ആത്മഹത്യ ചെയ്തത്.
യുവതിയുടെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് പ്രതി സുരേഷിന്‍റെ വീട്. പെൺകുട്ടിയെ അപമാനിക്കാനായാണ് താൻ ഇത്തരത്തിൽ ചെയ്തത് എന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
പരാതി നൽകിയിട്ടും നടപടി എടുക്കാതിരുന്ന പൊലീസിനെതിരെ വ്യാപകമായ പരാതി ഉയർന്നിരുന്നു.
മാതാപിതാക്കൾ പോലും തന്നെ വിശ്വസിക്കുന്നില്ലെന്നും ഫോട്ടോകൾ പോസ്റ്റ് ചെയ്തയാൾക്ക് താൻ ഒരിക്കലും അത്തരത്തിലുള്ള ഫോട്ടോകൾ അയച്ചുകൊടുത്തിട്ടില്ലെന്നും പെൺകുട്ടി ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു. അമ്മയും അച്ഛനും പോലും വിശ്വസിക്കുന്നില്ലായെങ്കിൽ പിന്നെ ജീവിച്ചിരിക്കുന്നതിൽ എന്തർഥമാണുള്ളത് എന്നും കുറിപ്പിൽ ചോദിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
