ഏഴാം ശമ്പള കമീഷന്‍: വേതനവര്‍ധന ഇന്ന് പരിഗണിക്കും
text_fieldsന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടിസ്ഥാന വേതനത്തില്‍ ഏഴാം ശമ്പള കമീഷന്‍ ശിപാര്‍ശ ചെയ്തതിനേക്കാള്‍ വര്‍ധനക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയേക്കും. ഒരുകോടിയിലധികം സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും കാത്തിരിക്കുന്ന തീരുമാനം ബുധനാഴ്ച ഉണ്ടാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ സമര്‍പ്പിച്ച ഏഴാം ശമ്പള കമീഷന്‍ ജൂനിയര്‍ തലത്തില്‍ അടിസ്ഥാന വേതനത്തില്‍ 14.27 ശതമാനം വര്‍ധനയാണ് ശിപാര്‍ശ ചെയ്തത്. കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ ശിപാര്‍ശയാണിത്.
ഈ വര്‍ഷത്തെ സാമ്പത്തികഞെരുക്കംകൂടി പരിഗണിച്ച് അടിസ്ഥാന ശമ്പളം 18 ശതമാനത്തിനും 25നുമിടയിലാകാനാണ് സാധ്യതയെന്ന് അധികൃതര്‍ സൂചിപ്പിച്ചു. പുതിയ വര്‍ധന ഈ വര്‍ഷം ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാകും. എന്നാല്‍, ആറു മാസത്തെ കുടിശ്ശിക ഒരുമിച്ചാണോ ഗഡുക്കളായാണോ നല്‍കുക എന്ന കാര്യത്തില്‍ മന്ത്രിസഭ തീരുമാനമെടുക്കും. കാബിനറ്റ് സെക്രട്ടറി പി.കെ. സിന്‍ഹയുടെ നേതൃത്വത്തിലുള്ള പാനല്‍ കമീഷന്‍ ശിപാര്‍ശ സൂക്ഷ്മപരിശോധന നടത്തി റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്. ഇതിനനുസരിച്ച് ധനമന്ത്രാലയം മന്ത്രിസഭാ യോഗത്തിനായി റിപ്പോര്‍ട്ട് തയാറാക്കി വരുകയാണ്. ഈ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗത്തില്‍ വെക്കുമെന്നാണ് കരുതുന്നത്.
ആകെ 23.55 ശതമാനം വര്‍ധനയാണ് ശമ്പളം, പെന്‍ഷന്‍, അലവന്‍സുകള്‍ എന്നിവയില്‍ കമീഷന്‍ ശിപാര്‍ശ ചെയ്തത്. ഇത് നിലവില്‍വരുന്നതോടെ സര്‍ക്കാറിന് 1.02 ലക്ഷം കോടിയുടെ അധികബാധ്യതയുണ്ടാകും. സര്‍വിസില്‍ കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയും പരമാവധി 2.5 ലക്ഷവുമാണ് കമീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇത് യഥാക്രമം 7000ഉം 90,000വുമായിരുന്നു. സെക്രട്ടറി പാനല്‍ ഇത് യഥാക്രമം 23,500ഉം 3.25 ലക്ഷവുമാക്കണമെന്ന് ശിപാര്‍ശ ചെയ്തതായാണ് കരുതുന്നത്. ആറാം ശമ്പള കമീഷന്‍ 20 ശതമാനം വര്‍ധനയായിരുന്നു ശിപാര്‍ശ ചെയ്തത്. എന്നാല്‍, ഇത് ഇരട്ടിയാക്കിയാണ് 2008ല്‍ നടപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
