രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷപദത്തോടടുക്കുന്നു
text_fieldsന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന, ഏറെക്കാലമായി നിലനില്‍ക്കുന്ന അഭ്യൂഹം യാഥാര്‍ഥ്യത്തോടടുക്കുന്നു. അടുത്തയാഴ്ച നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനുശേഷം രാഹുല്‍ ചുമതല ഏറ്റെടുക്കുമെന്നാണ് അറിയുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ ദയനീയ പരാജയത്തെ തുടര്‍ന്ന് നേതൃമാറ്റവും അഴിച്ചുപണിയും സംബന്ധിച്ച ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ സജീവമാണ്. കോണ്‍ഗ്രസ് അധ്യക്ഷപദത്തില്‍ സോണിയ ഗാന്ധിയുടെ കാലാവധി ഈ വര്‍ഷം ഡിസംബര്‍ വരെയുണ്ടെങ്കിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ്, ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കു മുമ്പേ പാര്‍ട്ടിക്ക് പുത്തനുണര്‍വ് സൃഷ്ടിക്കാന്‍ നേതൃമാറ്റം നേരത്തേ വേണമെന്ന അഭിപ്രായമാണ് മുതിര്‍ന്ന നേതാക്കളില്‍ പലര്‍ക്കുമുള്ളത്. പഞ്ചാബില്‍നിന്നുള്ള മുതിര്‍ന്ന നേതാവ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങാണ് രാഹുലിന് പദവി നല്‍കുമെന്ന വിവരം പരസ്യപ്പെടുത്തിയത്. ഇതു സോണിയയുടെ തീരുമാനമാണെന്നും പാര്‍ട്ടി ഒന്നടങ്കം ഇത് മാനിക്കുന്നുവെന്നും അദ്ദേഹം ചണ്ഡിഗഢില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എന്നാല്‍, മാറ്റം എ.ഐ.സി.സി അധ്യക്ഷതലത്തില്‍ മാത്രം ഒതുങ്ങില്ല. നിലവില്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നവര്‍ എന്നറിയപ്പെടുന്ന പല നേതാക്കളെയും ഒഴിവാക്കാനും സാധ്യതയുണ്ട്. ചില പി.സി.സി അധ്യക്ഷന്മാര്‍ക്കും മാറ്റമുണ്ടാകും. പുതിയ തലമുറയിലേക്ക് നേതൃത്വം കൈമാറിയാല്‍ മാത്രമേ അടുത്ത മൂന്നു വര്‍ഷം പ്രവര്‍ത്തനം ഊര്‍ജിതമാക്കി പൊതുതെരഞ്ഞെടുപ്പില്‍ മുന്നിലത്തൊനാകൂ എന്നാണ് കണക്കുകൂട്ടല്‍.
സോണിയയെ ഉപദേശിച്ച് വഴിതെറ്റിച്ച നേതാക്കളെ അവധിയെടുപ്പിച്ച് വീട്ടിലിരുത്തണമെന്ന കിഷോര്‍ ചന്ദ്ര ദിയോയുടെ അഭിപ്രായം ബഹുഭൂരിപക്ഷം വരുന്ന നേതാക്കളും ശരിവെക്കുന്നു. ശശി തരൂര്‍, ദിഗ്വിജയ് സിങ്, കമല്‍നാഥ് തുടങ്ങിയ നേതാക്കളും പാര്‍ട്ടി നേതൃത്വത്തില്‍ അഴിച്ചുപണി വേണമെന്ന വാദക്കാരാണ്.
എ.കെ. ആന്‍റണി, ആനന്ദ് ശര്‍മ, ജയറാം രമേശ്, മണിശങ്കര്‍ അയ്യര്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും രാഹുല്‍ ഗാന്ധി തെരഞ്ഞെടുക്കുന്ന യുവനേതാക്കളും ഉള്‍പ്പെടുന്ന ‘ടീം രാഹുല്‍’ തന്നെയാവും പാര്‍ട്ടിയെ നയിക്കുക.
സചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ, ജിതിന്‍ പ്രസാദ തുടങ്ങിയവരെ കൂടുതല്‍ ഉത്തരവാദിത്തം ഏല്‍പിക്കും. പ്രിയങ്ക ഗാന്ധിയെ പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ സജീവമാക്കാനും നീക്കമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
