സ്മൃതിയുടെ കസേര തെറിപ്പിച്ചത് കാമ്പസ് രോഷം
text_fieldsന്യൂഡല്‍ഹി: സ്മൃതി ഇറാനിയെ അപ്രധാന വകുപ്പിലേക്ക് തരംതാഴ്ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ബന്ധിതനായതിന് പിറകില്‍ കാമ്പസ് പ്രശ്നങ്ങള്‍ സര്‍ക്കാറിന് സൃഷ്ടിച്ച തലവേദന. അസഹിഷ്ണുതയോടെ വിദ്യാര്‍ഥി സമൂഹവുമായി വഴക്കടിക്കുക വഴി കാമ്പസുകള്‍ സംഘര്‍ഷഭൂമിയാക്കി മാറ്റിയതാണ് സ്മൃതി ഇറാനിക്ക് തിരിച്ചടിയായത്.
പുതുതായി വകുപ്പിന്‍െറ ചുമതലയേറ്റ മന്ത്രി പ്രകാശ് ജാവ്ദേക്കറുടെ പ്രധാന ശ്രമം കാമ്പസുകളില്‍ സമാധാനം തിരിച്ചുകൊണ്ടുവരുകയും യുവസമൂഹത്തിന്‍െറ അകല്‍ച്ച മാറ്റിയെടുക്കുകയുമാണ്. വിദ്യാര്‍ഥി സമരത്തിന്‍െറ ഉല്‍പന്നമാണ് താനെന്നും കാമ്പസുകളില്‍ സമാധാനത്തിനായി ശ്രമിക്കുമെന്നുമായിരുന്നു ചുമതലയേറ്റയുടന്‍ പ്രകാശ് ജാവ്ദേക്കര്‍ നല്‍കിയ സന്ദേശം.
ഹൈദരാബാദില്‍ പിന്നാക്ക വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങള്‍, ഡല്‍ഹി ജെ.എന്‍.യുവിലെ ദേശവിരുദ്ധ പ്രസംഗത്തിന്‍െറ പേരില്‍ നടന്ന വിദ്യാര്‍ഥികളുടെ അറസ്റ്റ് എന്നിവ ന്യായീകരിക്കാന്‍ സ്മൃതി ഇറാനിയും സര്‍ക്കാറും കൊണ്ടുപിടിച്ച ശ്രമം നടത്തിയിരുന്നെങ്കിലും, രണ്ടു സംഭവങ്ങളും തെരഞ്ഞെടുപ്പുകളില്‍ ഉണ്ടാക്കാന്‍ പോകുന്ന തിരിച്ചടിയെക്കുറിച്ച് ബി.ജെ.പിക്കും പ്രധാനമന്ത്രിക്കുമുള്ള ആശങ്കയാണ് സ്മൃതിയുടെ കസേര തെറിപ്പിച്ചത്.
മായാവതിക്കൊപ്പമുള്ള ദലിത് വോട്ടുകള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയെ യു.പി തെരഞ്ഞെടുപ്പില്‍ രോഹിത് വെമുലയുടെ ആത്മഹത്യ വേട്ടയാടുമെന്ന് വ്യക്തമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ‘യുവാക്കളുടെ അഭിലാഷ’മായി അവതരിപ്പിക്കപ്പെട്ടതല്ലാതെ മോദിസര്‍ക്കാറിനു കീഴില്‍ കാമ്പസുകള്‍ സംഘര്‍ഷഭൂമിയായെന്ന നിരാശയിലാണ് ബി.ജെ.പിക്ക് വോട്ടു ചെയ്തവരടക്കം യുവാക്കളില്‍ നല്ല പങ്ക്.
മന്ത്രാലയത്തെക്കാള്‍ വലുതാണ് താനെന്ന മട്ടിലായിരുന്നു സ്മൃതിയുടെ പ്രവര്‍ത്തനം. വിദ്യാര്‍ഥി സമൂഹവും അക്കാദമിക പ്രമുഖരുമായി മാത്രമല്ല, ഉദ്യോഗസ്ഥരുമായും മന്ത്രി അടിക്കടി പ്രശ്നങ്ങള്‍ സൃഷ്ടിക്കുമായിരുന്നു. മന്ത്രിയുമായി ഒത്തുപോകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മാനവശേഷി വികസന മന്ത്രാലയത്തില്‍ നിന്ന് മാറ്റത്തിന് അപേക്ഷിച്ചവരുടെ ലിസ്റ്റില്‍ ആറു സെക്രട്ടറിമാരും 10 അഡീഷനല്‍ സെക്രട്ടറിമാരും 12 ജോയന്‍റ് സെക്രട്ടറിമാരുമുണ്ട്.
പ്രത്യേക പരിഗണന നല്‍കിയാണ് നരേന്ദ്ര മോദി സുപ്രധാനമായ മാനവശേഷി വികസന വകുപ്പിന്‍െറ ചുമതല സ്മൃതിക്ക് നല്‍കിയത്. എന്നാല്‍, ഇവരെ തുടര്‍ന്നും സംരക്ഷിച്ചാല്‍ അപകടമാണെന്ന് മോദി തിരിച്ചറിഞ്ഞതാണ് മാറ്റത്തിന് വഴിവെച്ചത്. ബി.ജെ.പി പ്രസിഡന്‍റ് അമിത് ഷായുമായി സ്മൃതി നല്ല ബന്ധത്തിലല്ലാതിരുന്നതും മറ്റൊരു കാരണമായി. തുടക്കത്തില്‍ സ്മൃതിക്ക് അനുകൂലമായിരുന്നെങ്കിലും എടുത്തുചാട്ടവും വഴക്കടിക്കലും മുഖമുദ്രയാക്കിയ മന്ത്രിയെ മാറ്റണമെന്നായിരുന്നു പിന്നീട് ആര്‍.എസ്.എസിന്‍െറയും കാഴ്ചപ്പാട്. പ്രകാശ് ജാവ്ദേക്കര്‍ ഭരണതലത്തില്‍ മികവൊന്നും കാണിച്ചിട്ടില്ല. വനം-പരിസ്ഥിതി മന്ത്രിയെന്ന നിലയില്‍ പരിസ്ഥിതി സംരക്ഷണത്തെക്കാള്‍, പദ്ധതി ക്ളിയറന്‍സുകള്‍ക്കാണ് അദ്ദേഹം മുന്‍തൂക്കം നല്‍കിയത്. വിദ്യാഭ്യാസ രംഗത്ത് സമവായത്തിന്‍െറയും വിദേശ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നതടക്കമുള്ള ഉദാരമായ പരിഷ്കരണത്തിന്‍െറയും വഴി അദ്ദേഹം സ്വീകരിക്കുമെന്നാണ് കരുതുന്നത്. കാവിവത്കരണത്തിന് പാകത്തില്‍ തികഞ്ഞ ആര്‍.എസ്.എസ് പൈതൃകവുമുണ്ട്.
ടെക്സ്റ്റൈല്‍സ് മന്ത്രാലയത്തിലേക്ക് തരംതാഴ്ത്തിയതിന്‍െറ ജാള്യം മുഖത്തുകാട്ടാതെയാണ് പുതിയ മന്ത്രിക്കായി കസേര വിട്ടുകൊടുക്കുന്ന ചടങ്ങിനായി സ്മൃതി ഇറാനി മാനവശേഷി വികസന മന്ത്രാലയത്തില്‍ എത്തിയത്. വകുപ്പുമാറ്റത്തെക്കുറിച്ച ഊഹാപോഹങ്ങളെക്കുറിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് ‘ആളുകള്‍ പലതും പറയും, അത് അവരുടെ രീതിയാണ്’ എന്നായിരുന്നു സ്മൃതിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
