പാചക പഠന ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ‘വെജിറ്റേറിയന്‍ കോഴ്സു’കളുമായി കേന്ദ്രം
text_fieldsന്യൂഡല്‍ഹി: സര്‍ക്കാറിന് കീഴിലുള്ള ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ വെജിറ്റേറിയന്‍ കോഴ്സുകള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഹോട്ടല്‍ വ്യവസായ മേഖലയില്‍നിന്നുള്ള ആവശ്യം പരിഗണിച്ചാണിതെന്നാണ് കേന്ദ്ര ടൂറിസം മന്ത്രാലയം നല്‍കുന്ന വിശദീകരണം. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം ബീഫ് വിലക്ക് ഉള്‍പ്പെടെയുള്ള സംഭവവികാസങ്ങളുടെ തുടര്‍ച്ചയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. നിലവില്‍ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ കുക്കിങ് കോഴ്സുകളുടെ സിലബസില്‍ വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളുണ്ട്. എല്ലാതരം വിഭവങ്ങളും തയാറാക്കാന്‍ പരിശീലിച്ചാല്‍ മാത്രമേ കോഴ്സ് പാസാകാനാകൂ.
ഇറച്ചിയും മുട്ടയും കൈകാര്യം ചെയ്യാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് പഠിക്കാന്‍ കഴിയുന്ന വിധം വെജിറ്റേറിയന്‍ വിഭവങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി പുതിയ കോഴ്സ് തുടങ്ങാനാണ് കേന്ദ്ര ടൂറിസം മന്ത്രാലയം നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടര്‍ മാനേജ്മെന്‍റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജിയോട് നിര്‍ദേശിച്ചിരിക്കുന്നത്. പുതിയ വെജിറ്റേറിയന്‍ കോഴ്സ് സിലബസ് തയാറാക്കാന്‍ ആറംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളുടെ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലായിരിക്കും തുടക്കത്തില്‍ വെജിറ്റേറിയന്‍ കോഴ്സുകള്‍ ആരംഭിക്കുക. പ്രധാനമന്ത്രി മോദിയുടെ മണ്ഡലമായ യു.പിയിലെ വാരാണസിയില്‍ തുടങ്ങാനിരിക്കുന്ന ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെജിറ്റേറിയന്‍ കോഴ്സ് മാത്രമാകും ഉണ്ടാവുക.
വെജിറ്റേറിയന്‍ ഷെഫുമാര്‍ക്ക് ജോലിസാധ്യത എത്രത്തോളം എന്ന ചോദ്യം ഈ മേഖലയിലെ വിദഗ്ധര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍, നല്ല സാധ്യതയാണെന്നാണ് കേന്ദ്ര ടൂറിസം മന്ത്രാലയം നല്‍കുന്ന മറുപടി. രാജ്യത്തെ ബഹുഭൂരിപക്ഷവും മത്സ്യവും മാംസവും കഴിക്കുന്നവരല്ല. മാത്രമല്ല, പുതിയകാലത്ത് വെജിറ്റേറിയന്‍ ഭക്ഷണത്തോട് താല്‍പര്യം കൂടിവരുകയുമാണ്. വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ മാത്രം കേന്ദ്രീകരിച്ചുള്ള കോഴ്സുകള്‍ അനിവാര്യമാണെന്നും മന്ത്രാലയം വൃത്തങ്ങള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
