പിതാവ് പുഴയിലെറിഞ്ഞു; മകൾ ജീവന്‍റെ നൂൽപാലത്തിൽ തൂങ്ങിക്കിടന്നത് 11 മണിക്കൂർ
text_fieldsതാനെ: ഷൂ വാങ്ങിത്തരാമെന്ന് പറഞ്ഞ പ്രലോഭിപ്പിച്ച് പിതാവ് തന്നെ മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ഏകത എന്ന ആറുവയസുകാരി ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല. എന്തായാലും ഭാഗ്യം ഏകതക്കൊപ്പമായിരുന്നു. നദിയിൽ വളരുന്ന കുളവാഴച്ചെടികളിൽ തങ്ങിനിന്ന കുട്ടിയെ ഫയർ ഫോഴ്സെത്തിയാണ് രക്ഷപ്പെടുത്തിയത്.
ബദ് ലാപുരിലെ ഉല്ലാസ് നദിക്ക് കുറുകെയുള്ള പാലത്തിനരികെ ബുധനാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. തൊട്ടടുത്തുള്ള സ്വകാര്യ കമ്പനിയിലെ സുരക്ഷാജീവനക്കാരനാണ് രാവിലെ കുട്ടിയുടെ കരച്ചിൽ കേട്ടത്. തൊട്ടടുത്ത് ആരേയും കാണാതെയായപ്പോൾ ഇയാൾ പാലത്തിന് മുകളിൽ കയറി നോക്കുകയായിരുന്നു. അപ്പോഴാണ് താഴെ നദിയിലെ കുളവാഴച്ചെടികൾക്കിടയിൽ തൂങ്ങി നിന്ന് കരയുന്ന കുട്ടിയെ കണ്ടത്. ഉടൻ പൊലീസിനെയും ഫയർ ഫോഴ്സിനെയും വിവരമറിയിക്കുകയും 15 മിനിറ്റിനകം ഫയർഫോഴ്സെത്തി കുഞ്ഞിനെ രക്ഷിക്കുകയുമായിരുന്നു.
ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് വർധക് നഗറിലെ താമസക്കാരിയായ ഏകത തുൾസിറാം സിയാനി എന്ന ആറുവയസുകാരിയെ പിതാവ് നദിയിലെറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. ഏകദേശം 11 മണിക്കൂറാണ് ഏകത നദിയിൽ ജീവനുവേണ്ടി പോരാടിയത്. എങ്ങനെയാണ് നദിയിൽ വീണത് എന്ന ചോദ്യത്തിന് പിതാവും സുഹൃത്തും ചേർന്ന് തന്നെ നദിയിൽ എറിയുകായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. പുതിയ ഷൂ വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പിതാവ് വീട്ടിൽ നിന്ന് തന്നെ കൂട്ടിക്കൊണ്ടുപോയതെന്നും പെൺകുട്ടി പറഞ്ഞതായി പൊലീസ് അറിയിച്ചു.
കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബുധനാഴ്ച രാത്രി ഏകതയുടെ മാതാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സംഭവത്തിന് ശേഷം പിതാവ് ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിത പ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
