ഏക സിവില്‍കോഡ്: സാധ്യതതേടി കേന്ദ്രസര്‍ക്കാര്‍
text_fieldsന്യൂഡല്‍ഹി: ഏക സിവില്‍കോഡ് നടപ്പാക്കുന്ന വിഷയം പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമ കമീഷനോട് ആവശ്യപ്പെട്ടു. നിയമ മന്ത്രാലയമാണ് കമീഷന് കത്തയച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സമുദായങ്ങള്‍ക്കുമിടയില്‍ സമവായമില്ലാത്ത വിഷയത്തിലാണ് സര്‍ക്കാര്‍ നടപടി. വിവാഹം, വിവാഹ മോചനം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയ വിഷയങ്ങളില്‍ വിവിധ സമുദായങ്ങള്‍ക്ക് വേറിട്ട വ്യക്തിനിയമങ്ങളാണ് ഇന്ത്യയിലുള്ളത്. അതുമാറ്റി, എല്ലാ പൗരന്മാര്‍ക്കും പൊതു വ്യക്തിനിയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനാണ് ഏക സിവില്‍കോഡ് ലക്ഷ്യമിടുന്നത്.
നിയമ പരിഷ്കരണം നടപ്പാക്കുന്നതില്‍ സുപ്രധാനമായ ഉപദേശക റോളാണ് നിയമ കമീഷനുള്ളത്. സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ബല്‍ബീര്‍ സിങ് ചൗഹാന്‍െറ നേതൃത്വത്തിലുള്ള സമിതി നിയമമന്ത്രാലയത്തിന്‍െറ കത്ത് അടിസ്ഥാനപ്പെടുത്തി ഏക സിവില്‍കോഡ് വിഷയത്തില്‍ വിദഗ്ധരും ബന്ധപ്പെട്ട മറ്റെല്ലാവരുമായി ചര്‍ച്ച നടത്താന്‍ ബാധ്യസ്ഥമാണ്. ഇതിനുശേഷം കമീഷന്‍െറ കാഴ്ചപ്പാടും ഏകസിവില്‍ കോഡ് നടപ്പാക്കുന്നതിന്‍െറ വഴികളും ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
സമവായമില്ലാത്ത വിഷയമാണെന്നിരിക്കേ, ഏക സിവില്‍കോഡ് നടപ്പാക്കുക എളുപ്പമല്ല. നിരവധി വ്യക്തിനിയമങ്ങളും ആചാരരീതികളും വൈകാരികതകളുമുള്ള ഇന്ത്യയില്‍ ഒറ്റ സിവില്‍കോഡ് പ്രായോഗികമല്ളെന്നതുതന്നെ കാരണം. ഇക്കാര്യത്തിലെ പ്രായോഗിക വിഷമതകള്‍ കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ വന്ന നാളുകളില്‍ പാര്‍ലമെന്‍റിനെ അറിയിക്കുകയും ചെയ്തതാണ്. എന്നാല്‍, സംഘ്പരിവാറിന്‍െറയും ബി.ജെ.പിയുടെയും അജണ്ടക്ക് അനുസൃതമാണ് നിയമമന്ത്രാലയത്തിന്‍െറ ഇപ്പോഴത്തെ നടപടി.
ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തുകളയുക, ഏക സിവില്‍കോഡ് നടപ്പാക്കുക, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുക എന്നീ മൂന്നു വിവാദ അജണ്ടകള്‍ കാലാകാലങ്ങളില്‍ ബി.ജെ.പി ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുണ്ട്. ഇവ പ്രകടനപത്രികയിലെ പതിവ് ഇനങ്ങളുമാണ്. യു.പി തെരഞ്ഞെടുപ്പ് അടുത്തവര്‍ഷം നടക്കാനിരിക്കേ, സര്‍ക്കാര്‍ നടപടിയില്‍ സവിശേഷമായ രാഷ്ട്രീയ ലാക്കും തെളിഞ്ഞുകിടക്കുന്നു. ഏക സിവില്‍കോഡിന്‍െറ കാര്യത്തില്‍ വിപുല കൂടിയാലോചന ആവശ്യമാണെന്ന് നിയമമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞിരുന്നു. ഭരണഘടനയുടെ ആമുഖവും 44ാം അനുച്ഛേദവും ഏക സിവില്‍കോഡിന് അനുകൂലമാണെന്ന വാദവും മന്ത്രി മുന്നോട്ടുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
