ബ്രിക്സ് സുരക്ഷ: ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയിൽ
text_fieldsപനാജി: ഗോവയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ന് ഇന്ത്യയിലെത്തും. ഉച്ചകോടി നടക്കുന്ന ഗോവയിലെ സുരക്ഷാ ക്രമീകരണങ്ങൾ ചർച്ച ചെയ്യാനാണ് വാങ് യി എത്തുന്നത്. ഗോവ മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പർസേക്കറുമായി വിദേശകാര്യ മന്ത്രി വാങ് യി കൂടിക്കാഴ്ച നടത്തും.
ഹോട്ടലുകൾ, റോഡുകൾ, ഗോവ സർക്കാറിന്‍റെ ക്രമീകരണങ്ങൾ എന്നിവ നേരിൽകണ്ട് ചൈനീസ് വിദേശകാര്യ മന്ത്രി വിലയിരുത്തും. മൂന്നു ദിവസത്തെ സന്ദർശനത്തിനാണ് വാങ് യി ഇന്ത്യയിലെത്തുന്നത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ഇദ്ദേഹം ശനിയാഴ്ച കൂടിക്കാഴ്ച നടത്തും.
ഒക്ടോബറിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്. ചൈനീസ് പ്രസിഡന്‍റ് ഷി ജിങ്പിയാൻ അടക്കമുള്ളവർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നിവരാണ് ബ്രിക്സിലെ അംഗരാജ്യങ്ങൾ.