ജയില്‍മോചിതനായ ദയാശങ്കര്‍ വീണ്ടും മായാവതിക്കെതിരെ
text_fieldsലഖ്നോ: ബി.എസ്.പി നേതാവ് മായാവതിയെ അധിക്ഷേപിച്ച കേസില്‍ ജയില്‍മോചിതനായ ബി.ജെ.പി മുന്‍ നേതാവ് ദയാശങ്കര്‍ വീണ്ടും മായാവതിക്കെതിരെ. ബി.എസ്.പിയുടെ പാര്‍ട്ടി ടിക്കറ്റുകള്‍ ലേലം വിളിച്ചുനല്‍കുകയാണെന്ന് ആരോപിച്ച അദ്ദേഹം ധൈര്യമുണ്ടെങ്കില്‍ അടുത്തവര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റില്‍ മത്സരിക്കണമെന്ന് മായാവതിയെ വെല്ലുവിളിക്കുകയും ചെയ്തു.
മായാവതി പാര്‍ട്ടി ടിക്കറ്റുകള്‍ വില്‍ക്കുന്നുണ്ടെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് പറഞ്ഞ ബി.ജെ.പി വൈസ് പ്രസിഡന്‍റായിരുന്ന ദയാശങ്കര്‍, വിഷയത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം, അതിനായി പൊതുതാല്‍പര്യ ഹരജി ഫയല്‍ചെയ്യുമെന്നും പറഞ്ഞു.
മായാവതിക്കെതിരായ പ്രസ്താവനയുടെ പേരില്‍ അറസ്റ്റിലായ അദ്ദേഹം കഴിഞ്ഞദിവസമാണ് മൗ ജയിലില്‍നിന്ന് മോചിതനായത്. ജയിലില്‍നിന്ന് ഇറങ്ങവെ, ബി.എസ്.പി പ്രവര്‍ത്തകര്‍ ജയില്‍പരിസരത്ത് പ്രതിഷേധം നടത്തി. ദയാശങ്കറിന്‍െറ ജാമ്യം റദ്ദാക്കാന്‍ ഹൈകോടതിയെ സമീപിക്കുമെന്ന് ബി.എസ്.പി പറഞ്ഞു.
