കാട്ടാനകളുടെ മരണം: ട്രെയിനുകളുടെ വേഗത 30 കിലോമീറ്ററായി കുറക്കണമെന്ന് തമിഴ്നാട് വനം വകുപ്പ്
text_fieldsകോയമ്പത്തൂര്‍: കാട്ടാനകളുടെ മരണം തുടര്‍ക്കഥയായ പശ്ചാത്തലത്തില്‍ ട്രെയിനുകളുടെ വേഗത 30 കിലോമീറ്ററായി കുറക്കണമെന്ന തമിഴ്നാട് വനം വകുപ്പിന്‍െറ ആവശ്യത്തോട് റെയില്‍വേ അധികൃതര്‍ അനുകൂലമായി പ്രതികരിച്ചില്ല. ട്രെയിനുകളുടെ വേഗത പോലുള്ള വിഷയങ്ങളില്‍ നയപരമായ തീരുമാനമുണ്ടാവണമെന്നും ഇക്കാര്യത്തില്‍ ദക്ഷിണ റെയില്‍വേയാണ് നടപടി സ്വീകരിക്കേണ്ടതെന്നും പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു. കോയമ്പത്തൂരിലെ തമിഴ്നാട് ഫോറസ്റ്റ് അക്കാദമിയില്‍ പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതരും തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത സംയുക്ത യോഗം നടന്നു.
രാത്രി വാളയാറിലെ വനഭാഗത്തോട് ചേര്‍ന്ന മൂന്നര കിലോമീറ്റര്‍ നീളമുള്ള ‘ബി’ റെയില്‍പാതയില്‍ കേരളത്തില്‍നിന്ന് ചെന്നൈയിലേക്കും വടക്കേ ഇന്ത്യന്‍ നഗരങ്ങളിലേക്കും 40ഓളം ട്രെയിനുകളാണ് സര്‍വിസ് നടത്തുന്നത്. കഞ്ചിക്കോട് നിന്ന് പോത്തന്നൂര്‍ വരെ 24 കിലോമീറ്ററില്‍ ട്രെയിനുകള്‍ കുറഞ്ഞ വേഗതയില്‍ ഓടിച്ചാല്‍ ഒരു മണിക്കൂറിലധികം സമയം വൈകാനാണ് സാധ്യത.
ഇത് മുഴുവന്‍ ട്രെയിന്‍ ഷെഡ്യൂളുകളെയും ബാധിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ആനകള്‍ പ്രധാനമായി കടന്നുവരുന്ന രണ്ടിടങ്ങളില്‍ റെയില്‍പാലത്തിന് താഴെ പ്രത്യേക വഴികള്‍ നിര്‍മിക്കാനും ലോക്കോ പൈലറ്റുകളുടെ സൗകര്യാര്‍ഥം പാളങ്ങള്‍ക്ക് ഇരുവശവും കുറ്റിക്കാടുകള്‍ വെട്ടിത്തെളിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
ആനകളുടെ സഞ്ചാരം മനസ്സിലാക്കുന്നതിന് ഈ ഭാഗത്ത് ഒരു വാച്ച് ടവര്‍ നിര്‍മിക്കുകയും 20 നൈറ്റ് വിഷന്‍ കാമറകള്‍ പിടിപ്പിക്കുകയും ചെയ്യും. യോഗത്തില്‍ പാലക്കാട് ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ നരേഷ് ലല്‍വാനി, തമിഴ്നാട് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വന്യജീവി വിഭാഗം) എച്ച്. ബാസവരാജു തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
