ന്യൂഡല്‍ഹി: ബാലവേലക്ക് അറുതിവരുത്താന്‍ ശിക്ഷ കഠിനമാക്കി രാജ്യത്ത് പുതിയ നിയമം പ്രാബല്യത്തില്‍. 14 വയസ്സിനുതാഴെ പ്രായമുള്ള കുട്ടികളെക്കൊണ്ട് ഏതെങ്കിലും തരത്തിലുള്ള ജോലിയെടുപ്പിക്കുന്നത് ഇനിമുതല്‍ രണ്ടുവര്‍ഷം വരെ തടവും പരമാവധി 50,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമായിരിക്കും. സ്കൂള്‍ സമയം കഴിഞ്ഞോ അവധിക്കാലത്തോ കുട്ടികള്‍ കുടുംബത്തെ സഹായിക്കുന്നത് മാത്രമാണ് പുതിയ നിയമത്തില്‍ ബാലവേല അല്ലാതായി കണക്കാക്കുക. 14നും 18നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരെ അപകട സാധ്യതനിറഞ്ഞ ഖനികളിലും സ്ഫോടകവസ്തുക്കളും തീപിടിക്കാവുന്നതുമായ വസ്തുക്കള്‍ കൈാര്യം ചെയ്യുന്ന സ്ഥലങ്ങളിലും തൊഴിലെടുപ്പിക്കരുതെന്ന് നിയമം നിഷ്കര്‍ഷിക്കുന്നു. എന്നാല്‍ സിനിമ, ടെലിവിഷന്‍, പരസ്യം തുടങ്ങിയവയില്‍ കലാകാരന്‍ എന്ന നിലയില്‍ കുട്ടികള്‍ക്ക് പങ്കാളിയാകാം. അഭിനയിക്കുന്നതിനോ മറ്റ് വിനോദോപാധികളില്‍ ഏര്‍പ്പെടുന്നതിനോ വിലക്കില്ല. സര്‍കസ് ഒഴികെയുള്ള കായികയിനങ്ങളിലും ഏര്‍പ്പെടാമെന്ന് നിയമം അനുശാസിക്കുന്നു.
പുതിയ ശിക്ഷാവ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ‘ബാലവേല നിരോധവും നിയന്ത്രണവും ഭേദഗതി നിയമം 2016’ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി വെള്ളിയാഴ്ചയാണ് അംഗീകാരം നല്‍കിയത്. തുടര്‍ന്ന് ഉത്തരവായി പുറത്തിറങ്ങി. 1986ലെ ബാലവേല നിരോധ നിയമമാണ് ശിക്ഷ കൂട്ടി ഭേദഗതി ചെയ്തത്.
രാജ്യസഭ ജൂലൈ 19നും ലോക്സഭ ജൂലൈ 26നും നിയമം സംബന്ധിച്ച ബില്‍ പാസാക്കിയിരുന്നു. ഭേദഗതി ചെയ്ത നിയമപ്രകാരം കുട്ടികളെ തൊഴിലെടുപ്പിക്കുന്നവര്‍ക്ക് ആറുമാസം മുതല്‍ രണ്ടു വര്‍ഷംവരെ ആയിരിക്കും തടവുശിക്ഷ. നേരത്തെ ഇത് മൂന്നുമാസം മുതല്‍ ഒരുവര്‍ഷം വരെയായിരുന്നു. പിഴശിക്ഷ 20,000 മുതല്‍ 50,000 രൂപ വരെയാക്കി. നിലവിലിത് 10,000 മുതല്‍ 20,000 രൂപ വരെയാണ്.