ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുമെന്ന് യു.എസിലെ മാധ്യമ വ്യവസായികള്‍ക്ക് മോദിയുടെ ഉറപ്പ്
text_fieldsന്യൂയോര്‍ക്: ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുമെന്ന് യു.എസിലെ മാധ്യമ വ്യവസായികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പ്. ‘‘ഇത് സാങ്കേതികവിദ്യയാല്‍ നയിക്കപ്പെടുന്ന കാലഘട്ടവും സമൂഹവുമാണ്. അതുകൊണ്ടുതന്നെ ബൗദ്ധികസ്വത്തവകാശസംരക്ഷണം സര്‍ഗാത്മകതയുടെ പോഷണത്തിന് അനിവാര്യമാണ്’’; പ്രമുഖ മാധ്യമവ്യവസായികളുമായുള്ള കൂടിക്കാഴ്ചയില്‍ മോദി പറഞ്ഞു.
ബൗദ്ധികസ്വത്തവകാശസംരക്ഷണത്തില് യു.എസ് ഇന്ത്യയുമായി ഭിന്നത തുടരുന്ന സാഹചര്യത്തിലാണ് മോദിയുടെ ഉറപ്പ്. ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന അമേരിക്കന്‍ വ്യവസായങ്ങളുടെ ബൗദ്ധികസ്വത്തവകാശം സംരക്ഷിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെടുന്നതായി കഴിഞ്ഞ മേയില്‍ യു.എസ് കുറ്റപ്പെടുത്തിയിരുന്നു.
ആഗോള മാധ്യമമേഖലയെ സംബന്ധിച്ച് ഇന്ത്യ ഏറ്റവുംവലിയ വിപണിയാണെന്ന് മാധ്യമവ്യവസായികള് പറഞ്ഞു. 4ജി നെറ്റ്വര്ക് വിപുലപ്പെടുത്തിയും ഡിജിറ്റലൈസേഷന് ത്വരിതപ്പെടുത്തിയും ഇന്ത്യന്‍ മാധ്യമസംവിധാനത്തെ ചലനാത്മകമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
തൊഴിലവസരത്തിന്െറയും വികസനത്തിന്‍െറയും കാര്യത്തില്‍ വിനോദവ്യവസായത്തിന് വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടിയ സി.ഇ.ഒമാര്‍, മോദിയുടെ ഊര്‍ജ്ജസ്വലമായ നേതൃത്വത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തു. ഈയിടെ തുടക്കമിട്ട ഡിജിറ്റല്‍ ഇന്ത്യ സംവിധാനം ആവേശകരമാണെന്ന് അവര്‍ പറഞ്ഞു. റൂപര്‍ട്ട് മര്‍ഡോക്, ജെയിംസ് മര്‍ഡോക്, റോബര്‍ട്ട് തോംസണ്‍, ഉദയ് ശങ്കര്‍, ഡേവിഡ് സസ്ളാവ്, മിഷേല്‍ ലിന്റണ് തുടങ്ങി യു.എസ് മാധ്യമമേഖലയിലെ പ്രമുഖര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. സാങ്കേതികവിദ്യയുടെയും മാധ്യമങ്ങളുടെയും മേഖലയില്‍ സമീപകാലത്തുണ്ടായ മാറ്റം വിവരത്തിന്‍െറ അതിരില്ലാത്ത ജനാധിപത്യവത്കരണത്തിന് ഇടയാക്കിയിട്ടുണ്ടെന്ന് മോദിയും മാധ്യമവ്യവസായികളും ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യയാല്‍ നയിക്കപ്പെടുന്ന ഈ യുഗത്തില്‍ അടിസ്ഥാന സൗകര്യവികസനമെന്നപോലെ ഡിജിറ്റല്‍ സൗകര്യവികസനവും അതിപ്രധാനമാണെന്ന് മോദി ചൂണ്ടിക്കാട്ടി. ഈ മേഖലയില്‍ ഇന്ത്യ ആഗോള മാധ്യമവ്യവസായികള്ക്ക് വലിയ അവസരവും വെല്ലുവിളിയും നല്കുന്നു.
ഇന്ത്യയിലെ പ്രാദേശികഭാഷകളെ മുന്‍നിര്‍ത്തി ഉള്ളടക്കത്തിന്‍െറയും നിക്ഷേപത്തിന്‍െറയും കാര്യത്തില്‍ പുതിയ പദ്ധതികള്‍ രൂപപ്പെടുത്താന്‍ അദ്ദേഹം വ്യവസായികളോട് അഭ്യര്‍ഥിച്ചു. ബ്രോഡ്ബാന്‍ഡിലൂടെ ഇന്ത്യയിലെ ആറുലക്ഷം ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെക്കുറിച്ച് മോദി വിശദീകരിച്ചു.
വിനോദ ചാനല്മേഖലയിലെ വളര്‍ച്ച ചൂണ്ടിക്കാട്ടി ഇന്ത്യ ഈ രംഗത്തെ വന്‍ വിപണിയായി മാറുകയാണെന്നും നിലവിലെ സംവിധാനത്തില്‍ തങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രശ്നങ്ങളൊന്നുമില്ളെന്നും സി.ഇ.ഒമാര്‍ അഭിപ്രായപ്പെട്ടതായി കൂടിക്കാഴ്ചക്കുശേഷം വിദേശകാര്യവകുപ്പിന്‍െറ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ബ്രോഡ്ബാന്‍ഡ് ഘടന വിപുലീകരിക്കണം എന്ന് എല്ലാ മേധാവികളും ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ഒരു കമ്യൂണിക്കേഷന്‍ സര്‍വകലാശാല സ്ഥാപിക്കണമെന്ന ആശയവും മോദി മുന്നോട്ടുവെച്ചതായി വികാസ് സ്വരൂപ് അറിയിച്ചു. മാധ്യമമേഖലയില്‍ നിലവിലുള്ള 26 ശതമാനത്തിന്‍െറ നേരിട്ടുള്ള വിദേശനിക്ഷേപതോത് വര്‍ധിപ്പിക്കുന്ന കാര്യം കൂടിക്കാഴ്ചയില്‍ വിഷയമായില്ല.
അതിനിടെ, മോദിയെ വാനോളം പുകഴ്ത്തി റൂപര്‍ട്ട് മര്‍ഡോക്ക്. മാധ്യമമേധാവികളുമായുള്ള കൂടിക്കാഴ്ചക്കുശേഷം ട്വിറ്ററിലാണ് മര്‍ഡോക്കിന്‍െറ അഭിപ്രായപ്രകടനം. സ്വാതന്ത്ര്യത്തിനുശേഷം ഏറ്റവും മികച്ച നയങ്ങള്‍ രൂപവത്കരിച്ച ഏറ്റവും മികച്ച പ്രധാനമന്ത്രിയായി മോദിയെ മര്‍ഡോക്ക് വാഴ്ത്തി. പക്ഷെ, ഏറ്റവും സങ്കീര്‍ണമായ രാജ്യത്ത് ഈ നയങ്ങള്‍ നടപ്പാക്കുകയെന്നത് വലിയൊരു വെല്ലുവിളിയാണെന്നും അദ്ദേഹം കുറിച്ചു.
പ്രതിരോധ മേഖലയില്‍ യു.എസ് കോര്‍പറേറ്റുകള്‍ക്ക് മോദിയുടെ സ്വാഗതം
ന്യൂയോര്‍ക്: ഇന്ത്യന്‍ പ്രതിരോധ മേഖലക്ക് ആവശ്യമായ സാമഗ്രികള്‍ നിര്‍മിക്കാന്‍ അമേരിക്കന്‍ കമ്പനികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ലോക്ഹെഡ് മാര്ട്ടിന് ചെയര്മാന് മാരിലിന് ഹെവ്സണ് ഉള്‍പ്പെടെയുള്ളവരുമായാണ് മോദി ചര്‍ച്ച നടത്തിയത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
