ഗുജറാത്തിലെ വിവാദ ഭീകരവിരുദ്ധ ബില്ലിന് കേന്ദ്രത്തിന്‍െറ അംഗീകാരം
text_fieldsന്യൂഡല്‍ഹി: ഭീകരതയുടെ പേരിലുള്ള അറസ്റ്റിനും അന്വേഷണത്തിനും ഗുജറാത്ത് പൊലീസിന് വിപുല അധികാരം ലഭിക്കുന്ന ഭീകരവിരുദ്ധ ബില്ലിന് കേന്ദ്രസര്‍ക്കാറിന്‍െറ അംഗീകാരം. യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് രണ്ടുവട്ടം തിരിച്ചയച്ച ബില്‍ ആഭ്യന്തരമന്ത്രാലയം അംഗീകരിച്ച് രാഷ്ട്രപതിയുടെ ഒപ്പിനയച്ചു.
‘ഗുജറാത്ത് ഭീകരത-സംഘടിത കുറ്റകൃത്യ നിയന്ത്രണ ബില്‍’ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായശേഷം 2003ല്‍ സംസ്ഥാന നിയമസഭ പാസാക്കിയതാണ്. എന്നാല്‍, 2004ല്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമും 2008ല്‍ പ്രതിഭ പാട്ടീലും തിരിച്ചയച്ചു. ഇപ്പോള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അംഗീകാരം ലഭിച്ചാല്‍ കര്‍ക്കശ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന നിയമം ഗുജറാത്തില്‍ പ്രാബല്യത്തില്‍വരും.
കേന്ദ്രത്തിന്‍െറ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുന്‍കാലത്തെ തിരിച്ചയക്കല്‍. യു.പി.എ സര്‍ക്കാറില്‍ നിര്‍ണായക സ്ഥാനത്തിരുന്ന പ്രണബ് മുഖര്‍ജിയുടെ അടുത്തേക്കാണ് ബില്‍ അംഗീകാരത്തിനായി ആഭ്യന്തരമന്ത്രാലയം അയച്ചിരിക്കുന്നതെങ്കിലും കേന്ദ്രസര്‍ക്കാറിന്‍െറ ശിപാര്‍ശക്ക് വിരുദ്ധമായ നിലപാട് സ്വീകരിക്കാന്‍ രാഷ്ട്രപതിക്ക് പരിമിതിയുണ്ട്. അപ്രഖ്യാപിത അടിയന്തരാവസ്ഥ സംസ്ഥാനത്ത് വരുന്നതിനു തുല്യമാണ് ഈ കാടന്‍ നിയമമെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. വാജ്പേയി സര്‍ക്കാറിന്‍െറ കാലത്ത് പാര്‍ലമെന്റിന്‍െറ സംയുക്ത സമ്മേളനം വിളിച്ച് പാസാക്കുകയും പിന്നീട് വിവാദങ്ങളെ തുടര്‍ന്ന് പിന്‍വലിക്കുകയും ചെയ്ത ‘പോട്ട’ നിയമത്തിന്‍െറ മറ്റൊരു പതിപ്പാണ് ഗുജറാത്തിലെ നിയമം.
പൊലീസ് സൂപ്രണ്ടിനു മുമ്പാകെ രേഖപ്പെടുത്തുന്ന കുറ്റസമ്മതമൊഴി കോടതി അംഗീകരിക്കുമെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ക്രിമിനല്‍ നടപടിച്ചട്ടം അനുസരിച്ച് ഗുരുതര കുറ്റങ്ങളില്‍ 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ളെങ്കില്‍ കുറ്റാരോപിതന് ജാമ്യത്തിന് അര്‍ഹതയുണ്ട്. എന്നാല്‍, കുറ്റപത്രം നല്കിയില്ളെങ്കില്ക്കൂടി, ഭീകരതാ കേസിന്‍െറ അന്വേഷണത്തിന് പ്രതിയെ 180 ദിവസംവരെ ജാമ്യത്തില്‍ വിടാതിരിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഗുജറാത്ത് നിയമം.
ഉത്തമവിശ്വാസത്തില്‍ പൊലീസുദ്യോഗസ്ഥര്‍ ചെയ്യുന്ന കാര്യങ്ങള്‍ നിയമനടപടിയില്‍നിന്ന് ഒഴിവാക്കും. ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിയമപരിരക്ഷ നല്‍കും. ചോര്‍ത്തിയ മൊബൈല്‍ ഫോണ്‍ കാളുകള്‍ കോടതി തെളിവായി സ്വീകരിക്കും. പുതിയ സര്‍ക്കാര്‍ കഴിഞ്ഞ ജൂലൈയില്‍ ചില വിശദീകരണങ്ങള്‍ ചോദിച്ച് ബില്‍ തിരിച്ചയച്ചിരുന്നു. ഫോണ്‍ചോര്‍ത്തല്‍ തെളിവായി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ഐ.ടി നിയമവശങ്ങളിലാണ് വിശദീകരണം ചോദിച്ചത്. ചോര്‍ത്തിയ ഫോണ്‍സംഭാഷണം കോടതിയില്‍ തെളിവായി നിലനില്‍ക്കുമോ, സംസ്ഥാനസര്‍ക്കാറിന് ഫോണ്‍ ചോര്‍ത്താനുള്ള അധികാരം എന്നിവയുടെ കാര്യത്തില്‍ ആഭ്യന്തരമന്ത്രാലയം സംശയം പ്രകടിപ്പിച്ചു. എന്നാല്‍, ഭരണഘടനപ്രകാരം സമാവര്‍ത്തി പട്ടികയില്‍പെടുന്ന ക്രിമിനല്‍നിയമം രൂപപ്പെടുത്തുന്നതില്‍ കേന്ദ്രവും സംസ്ഥാനങ്ങളും അധികാരം പങ്കിടുന്നുണ്ടെന്ന നിലപാടാണ് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
