രഹസ്യം ബാക്കിയാക്കി നേതാജി രേഖകള്‍ വെളിച്ചത്തിലേക്ക്
text_fieldsകൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്‍െറ തിരോധാനവുമായി ബന്ധപ്പെട്ട 64 രഹസ്യരേഖകള്‍ പശ്ചിമബംഗാര്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. സര്‍ക്കാര്‍ കൈവശവും പൊലീസ് ലോക്കറിലുമായി സൂക്ഷിച്ച അതീവ രഹസ്യരേഖകളാണ് കൊല്‍ക്കത്ത പൊലീസ് ആസ്ഥാനത്ത് വെള്ളിയാഴ്ച നേതാജിയുടെ ബന്ധുക്കള്‍ക്ക് കൈമാറിയത്.
1945ല്‍ വിമാനാപകടത്തില്‍ നേതാജി മരിച്ചുവെന്ന് സ്ഥിരീകരിക്കുന്ന രേഖകള്‍ പുറത്തുവിട്ട രേഖകളിലില്ല. രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍, കത്തുകള്‍ എന്നിവയാണ് ഇതിലുള്ളത്. സുഭാഷ് ചന്ദ്രബോസ് മരിച്ചുവെന്ന് കരുതുന്ന തായ്വാനിലെ വിമാനാപകടം കഴിഞ്ഞ് 19 വര്‍ഷത്തിനുശേഷം 1964 ഫെബ്രുവരിയില്‍ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെന്ന് അമേരിക്കന്‍ ഇന്റലിജന്‍സിന്‍െറ റിപ്പോര്‍ട്ടിലുണ്ട്. റഷ്യയില്‍നിന്ന് ചൈന വഴിയാണ് അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചതെന്നാണ് റിപ്പോര്‍ട്ട്. അന്ന് അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ 67 വയസ്സുണ്ടാകുമായിരുന്നു.
ഇപ്പോള്‍ പുറത്തുവന്ന രേഖകളില്‍ അദ്ദേഹം 1964 വരെ ജീവിച്ചിരുന്നുവെന്ന് തെളിയിക്കുന്ന സാഹചര്യത്തെളിവുകള്‍ ഉണ്ടായേക്കുമെന്ന് ടൈംസ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 1945ലെ വിമാനാപകടത്തിനുശേഷവും നേതാജി ജീവിച്ചിരുന്നതായി മഹാത്മാ ഗാന്ധി വിശ്വസിച്ചിരുന്നതായി ചില ഇന്റലിജന്‍സ് ഫയലുകളില്‍ സൂചനയുണ്ട്. ജവഹര്‍ലാല്‍ നെഹ്റുവിന് നേതാജി അയച്ച ഒരു കത്തിനെക്കുറിച്ചും ഫയലിലുണ്ട്. താന്‍ റഷ്യയിലാണെന്നും ഇന്ത്യയിലേക്ക് വരാന്‍ താല്പര്യമുണ്ടെന്നുമായിരുന്നു കത്തില്‍. നെഹ്റുവിന് ഈ കത്ത് കിട്ടിയ സമയത്താണത്രേ ഗാന്ധിയുടെ പ്രസ്താവനയുണ്ടായത്.
12,744 പേജുകളടങ്ങിയ രേഖയുടെ ഡിജിറ്റലൈസ് ചെയ്ത ഡീവീഡിയാണ് പുറത്തിറക്കിയത്. രേഖയുടെ യഥാര്‍ഥ ഫയലുകള്‍ കൊല്‍ക്കത്തയിലെ പൊലീസ് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ ഇവ പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരമുണ്ടാകുമെന്ന് കൊല്‍കത്ത സിറ്റി പൊലീസ് കമീഷണര്‍ സുരജിത്ത് കര്പുരകായസ്ത പറഞ്ഞു. 12,744 പേജുള്ള 64 രേഖകളില്‍ 55 എണ്ണം പൊലീസിന്െറതും ഒമ്പതെണ്ണം സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ചിന്‍െറ ഇന്റലിജന്‍സ് വിങ്ങിന്െറതുമാണെന്ന് അദ്ദേഹം പറഞ്ഞു. ധീരനായ ഇന്ത്യയുടെ പുത്രന് എന്ത് സംഭവിച്ചുവെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് മ്യൂസിയം സന്ദര്‍ശിച്ച മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. വര്‍ഷങ്ങളായി മൂടിവെക്കപ്പെട്ട രഹസ്യങ്ങള്‍ പുറത്തുവിട്ടതോടെ ചരിത്രപരമായ ദിനത്തിനാണ് ബംഗാള്‍ സര്‍ക്കാര്‍ സാക്ഷ്യംവഹിച്ചത്.
70 വര്‍ഷത്തെ ദുരൂഹതക്ക് അറുതിവരുത്താനായിട്ടില്ല. രേഖകള്‍ പുറത്തുവിട്ടാല്‍ അയല്‍രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍ വീഴുമെന്നാണ് കേന്ദ്രസര്‍ക്കാറിന്‍െറ മുന്നറിയിപ്പ്. എന്നാല്‍, സ്വാതന്ത്ര്യം നേടിത്തന്നതില്‍ മുഖ്യ പങ്കുവഹിച്ച നേതാവിന്‍െറ തിരോധാനത്തെക്കുറിച്ചറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അത് ഒരിക്കലും നേതാക്കളെ അപമാനിക്കാനല്ല.
അതുകൊണ്ടുതന്നെ കേന്ദ്രത്തിന്‍െറ കൈവശമുള്ള രേഖകളും പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും മമത ആവശ്യപ്പെട്ടു. പശ്ചിമ ബംഗാള്‍ സര്‍ക്കാറിന്‍െറ നടപടി സ്വാഗതംചെയ്യുന്നതായി നേതാജിയുടെ പൗത്രന് ചന്ദ്രബോസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
