മെഡിക്കല്‍ കോളജുകളുടെ നിലവാരം: മെഡിക്കല്‍ കൗണ്‍സില്‍ വീഴ്ചവരുത്തുന്നുവെന്ന് സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: മെഡിക്കല്‍ കോളജുകളില്‍ അടിസ്ഥാനസൗകര്യം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള പരിശോധനയുടെ കാര്യത്തില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വീഴ്ച വരുത്തുകയാണെന്ന് സുപ്രീംകോടതി. കേരളത്തിലെ മൂന്ന് മെഡിക്കല്‍ കോളജുകളില്‍ താല്‍ക്കാലിക പ്രവേശത്തിന് അനുമതി നല്‍കിയ ഹൈകോടതി ഉത്തരവിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് എം.വൈ. ഇഖ്ബാല്‍ അധ്യക്ഷനായ ബെഞ്ച് ഇങ്ങനെ പറഞ്ഞത്. അപേക്ഷ കിട്ടിയാല്‍ മൂന്നോ നാലോ മാസം അതിന്മേല്‍ നടപടിയെടുക്കില്ല.
അവസാന നിമിഷം അനുമതി നിഷേധിക്കുകയും ചെയ്യും. അങ്ങനെവന്നാല്‍ മാനേജ്മെന്‍റുകളുടെ അവകാശം സംരക്ഷിക്കാന്‍ കോടതിക്ക് ഇടപെടേണ്ടി വരുമെന്നും ബെഞ്ച് പറഞ്ഞു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹരജി സുപ്രീംകോടതി സെപ്റ്റംബര്‍ 22ന് പരിഗ
ണിക്കും.
വയനാട്ടിലെ ഡി.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, പാലക്കാട് പി.കെ. ദാസ് മെഡിക്കല്‍ കോളജ്, അടൂരിലെ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജ് എന്നിവയാണ് കേസിലെ കക്ഷികള്‍. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി ഈ വര്‍ഷം കുട്ടികളെ പ്രവേശിപ്പിക്കുന്നത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വിലക്കുകയായിരുന്നു.
മാനേജ്മെന്‍റുകള്‍ ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കോളജുകളില്‍ വേണ്ടത്ര സൗകര്യങ്ങളുണ്ടോയെന്ന പരിശോധന നടത്താന്‍ ഹൈകോടതി മെഡിക്കല്‍ കൗണ്‍സിലിനോട് നിര്‍ദേശിച്ചു. എന്നാല്‍, പരിശോധന നടത്താന്‍ വിസമ്മതിച്ച മെഡിക്കല്‍ കൗണ്‍സില്‍ ഹൈകോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ വെള്ളിയാഴ്ച പരിഗണനക്ക് വന്നപ്പോള്‍ കോളജ് മാനേജ്മെന്‍റിന്‍െറ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ ഈ മാസം 15ന് ഹൈകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പെടുത്തി.
മൂന്നു കോളജുകളിലും പ്രവേശം നടത്താന്‍ താല്‍ക്കാലിക അനുമതി നല്‍കുന്നതാണ് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. ഇടക്കാല ഉത്തരവിനെതിരെയും അപ്പീല്‍ തയാറാക്കിയിട്ടുണ്ടെന്ന് മെഡിക്കല്‍ കൗണ്‍സിലിന്‍െറ അഭിഭാഷകന്‍ മറുപടി നല്‍കി. ഇതേതുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സിലിന്‍െറ രണ്ടു ഹരജികളും ഒന്നിച്ച് പരിഗണിക്കാനായി ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
