ആന്ധ്രയില്‍ ചരക്കുലോറി മറിഞ്ഞ് 16 മരണം
text_fieldsരാജമുന്ദ്രി: ആന്ധ്രയിലെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ നിര്‍മാണസാമഗ്രികള്‍ കയറ്റിയ ചരക്കുലോറി മറിഞ്ഞ് 16 തൊഴിലാളികള്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ ഗോദാവരി ജില്ലയിലെ ഗന്ധേപ്പള്ളി ഗ്രാമത്തിലാണ് അപകടം. സാധനങ്ങള്‍ക്കൊപ്പം 35 കര്‍ഷകത്തൊഴിലാളികളും ലോറിയില്‍ യാത്ര ചെയ്തിരുന്നു. ലോറി മറിഞ്ഞപ്പോള്‍ അതിനടിയില്‍പെട്ട് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് ജില്ലാ കലക്ടര്‍ എച്ച്. അരുണ്‍കുമാര്‍ പറഞ്ഞു. ദച്ചേപ്പള്ളിയില്നിന്ന് ഗുണ്ടൂര്‍ ജില്ലയിലേക്ക് പോയ ലോറിയാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവര്‍ അപകടനില തരണംചെയ്തിട്ടുണ്ട്. അപകടത്തില്‍പെട്ട 32 പേരെക്കുറിച്ചെ ഇപ്പോള്‍ അറിവായിട്ടുള്ളൂ. മറ്റുള്ളവരെപ്പറ്റിയുള്ള അന്വേഷണം തുടരുകയാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതോ വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതോ ആണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നു. അപകടത്തിനുശേഷം ഡ്രൈവറും ക്ളീനറും ഓടിരക്ഷപ്പെട്ടു. സംസ്ഥാന ധനകാര്യമന്ത്രി വൈ. രാമകൃഷ്ണനുഡു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ലക്ഷംരൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
