മാലേഗാവ് സ്ഫോടനം: പ്രോസിക്യൂട്ടറെ മാറ്റിയതിനെതിരെ കേന്ദ്രത്തിനും എന്‍.ഐ.എക്കും സുപ്രീംകോടതി നോട്ടീസ്
text_fieldsന്യൂഡല്‍ഹി: ഹിന്ദുത്വ ഭീകരര്‍ പ്രതികളായ മാലേഗാവ് സ്ഫോടനക്കേസിന്‍െറ വിചാരണ അട്ടിമറിക്കാനുള്ള നീക്കം വെളിപ്പെടുത്തിയ സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ രോഹിണി സലിയാനെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയതിനെതിരായ പൊതുതാല്‍പര്യഹരജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനും എന്‍.ഐ.എക്കും നോട്ടീസ് അയച്ചു. ഒരാഴ്ചക്കകം നിലപാട് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടാണ് ജസ്റ്റിസ് ചെലമേശ്വറുടെ നേതൃത്വത്തിലുള്ള ബെഞ്ച് നോട്ടീസ് നല്‍കിയത്.
സാധ്വി പ്രജ്ഞ സിങ് താക്കൂര്‍, കേണല്‍ പ്രസാദ് പുരോഹിത് തുടങ്ങി സംഘ്പരിവാര്‍ ബന്ധമുള്ളവരാണ് 2008ല്‍ നടന്ന മാലേഗാവ് സ്ഫോടനക്കേസിലെ പ്രതികള്‍. കേന്ദ്രത്തിലെ ഭരണമാറ്റത്തിന് പിന്നാലെ, എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ തന്നെ വന്നുകണ്ടുവെന്നും കേസ് നടത്തിപ്പില്‍ മെല്ളെപ്പോക്ക് നയം സ്വീകരിക്കാന്‍ നിര്‍ദേശിച്ചുവെന്നുമാണ് രോഹിണി സലിയാന്‍ വെളിപ്പെടുത്തിയത്. മെല്ളെപ്പോക്ക് സാധ്യമല്ളെന്ന് വ്യക്തമാക്കിയ രോഹിണി സലിയാന്‍ അക്കാര്യം പരസ്യമാക്കിയതിന് പിന്നാലെ പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് നീക്കംചെയ്യപ്പെടുകയും ചെയ്തു.
മെല്ളെപ്പോക്ക് നിര്‍ദേശം നല്‍കിയ എന്‍.ഐ.എ ഉദ്യോഗസ്ഥന്‍െറ നടപടിക്കു പിന്നില്‍ രാഷ്ട്രീയ, ഭരണ നേതൃത്വമാണെന്ന് കാണിച്ച് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിങ്ങാണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. നീതിന്യായസംവിധാനത്തിലെ കടന്നുകയറ്റമാണിതെന്നും പ്രോസിക്യൂട്ടറായി രോഹിണി സലിയാനെ തിരിച്ചുകൊണ്ടുവരണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ നിലപാട് വിശദീകരിക്കാനാണ് സുപ്രീംകോടതി കേന്ദ്രത്തോടും എന്‍.ഐ.എയോടും ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ, കേസിലെ പ്രതി കേണല്‍ പ്രസാദ് പുരോഹിതിന്‍െറ ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍.ഐ.എ സത്യവാങ്മൂലം നല്‍കി.
സ്ഫോടനത്തില്‍ പുരോഹിതിന്‍െറ പങ്കിന് വ്യക്തമായ തെളിവുണ്ടെന്നും ജാമ്യം നല്‍കരുതെന്നും എന്‍.ഐ.എ സത്യവാങ്മൂലത്തില്‍ പറയുന്നു. പുരോഹിത് ഏഴു വര്‍ഷമായി വിചാരണ തടവുകാരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
