മധ്യപ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 90 മരണം
text_fieldsജാബുവ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനങ്ങളില്‍ 90 പേര്‍ മരിച്ചു. 150 പേര്‍ക്ക് പരിക്കേറ്റു. ജാബുവ ജില്ലയില്‍നിന്ന് 60 കിലോമീറ്റര്‍ അകലെ പെറ്റ്ലവാഡ് നഗരത്തില്‍ ശനിയാഴ്ച രാവിലെ 8.30നാണ് സംഭവം. സ്ഫോടനത്തില്‍ ഇരുനില കെട്ടിടം പൂര്‍ണമായും തകര്‍ന്നു. രജേന്ദ്ര തത്വ എന്നയാളുടെ ഉടമസ്ഥതയിലുള്ള സേതിയ ഹോട്ടലിലാണ് ദുരന്തം.
സ്ഫോടകവസ്തു സൂക്ഷിക്കാന്‍ ലൈസന്‍സുള്ള ഇയാള്‍ ഉഗ്ര സ്ഫോടകശേഷിയുള്ള ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഗ്യാസ് സിലിണ്ടറിനടുത്ത് സൂക്ഷിച്ചതാണ് ദുരന്തത്തിന്‍െറ വ്യാപ്തി വര്‍ധിക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സിലിണ്ടറില്‍നിന്നുള്ള തീ ജലാറ്റിന്‍ സ്റ്റിക്കുകളിലേക്ക് പടര്‍ന്നതോടെ ഇവ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തിരക്കേറിയ ബസ്സ്റ്റാന്‍ഡിന് സമീപത്താണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ഇത് അപകടത്തിന്‍െറ വീര്യം കൂട്ടാന്‍ ഇടയായതായി പൊലീസ് വ്യക്തമാക്കി. സമീപത്തുള്ള വീടുകളിലേക്കും കടകളിലേക്കും തീ പടര്‍ന്നതോടെ അത് വന്‍ ദുരന്തമായി മാറി.
രാവിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനത്തെിയവരാണ് മരിച്ചവരില്‍ ഭൂരിഭാഗവുമെന്ന് പെറ്റ്ലവാഡ് പൊലീസ് ഓഫിസര്‍ എ.ആര്‍. ഖാന്‍ പറഞ്ഞു. ഉഗ്ര സ്ഫോടനത്തില്‍ ഹോട്ടലിന്‍െറ ചുവരുകള്‍ തകര്‍ന്ന് പുറത്തേക്ക് തെറിച്ചുവീണാണ് പലരും മരിച്ചത്. മൃതദേഹങ്ങളില്‍ ഭൂരിഭാഗവും തിരിച്ചറിയാനാവാത്തവിധം ഛിന്നഭിന്നമായ നിലയിലാണ്. നിരവധി കടകള്‍ പ്രവര്‍ത്തിക്കുന്ന തിരക്കേറിയ സ്ഥലമായതിനാല്‍ മരണസംഖ്യ ഇനിയുമുയരാന്‍ സാധ്യതയുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി അഗ്നിശമനസേനയും പൊലീസും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി വരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപവീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും സംസ്ഥാനസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൊട്ടിത്തെറിക്കു പിന്നിലെ യഥാര്‍ഥകാരണം കണ്ടത്തൊന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
