വിമാനത്താവളത്തില്‍ ദേഹപരിശോധന ഒഴിവാക്കണമെന്ന് രാംദേവ്, ഗുര്‍മീത് സിങ്
text_fieldsന്യൂഡല്‍ഹി: വിമാനത്താവളങ്ങളില്‍ പരിശോധന കൂടാതെ കടത്തിവിടണമെന്ന് ആവശ്യപ്പെട്ട് യോഗസ്വാമി രാംദേവ്, ആള്‍ദൈവം ഗുര്‍മീത് രാം റഹിം സിങ് എന്നിവര്‍ കേന്ദ്രസര്‍ക്കാറിനെ സമീപിച്ചു. ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുന്നു.
പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്ര മോദിയെ പിന്തുണക്കുകയും അഴിമതിവിരുദ്ധ സമരം വഴി ബി.ജെ.പിയെ സഹായിക്കുകയും ചെയ്ത രാംദേവിന് 25 കേന്ദ്രസേനാംഗങ്ങളുടെ അകമ്പടിയുള്ള ‘സെഡ്’ സുരക്ഷ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസുകള്‍ നേരിടുന്ന ദേര സച്ചാ സൗദ നേതാവ് ഗുര്‍മീത്സിങ് ഹരിയാനയില്‍ ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ കൈയയച്ച് സഹായിച്ചിരുന്നു. ഇരുവരും വെവ്വേറെയാണ് വ്യോമയാന മന്ത്രാലയത്തെ സമീപിച്ചത്. വിമാനത്താവളത്തിലെ പരിശോധന ഒഴിവാക്കിയാല്‍, വാഹനത്തില്‍നിന്നിറങ്ങി നേരിട്ട് വിമാനത്തിലേക്ക് കയറാന്‍ ഭരണഘടനാ പദവി വഹിക്കുന്നവര്‍ക്കും ചുരുക്കം അതിപ്രധാന വ്യക്തികള്‍ക്കും കിട്ടുന്ന അവകാശമാണ് ആള്‍ദൈവങ്ങള്‍ക്ക് ലഭിക്കുക. വിമാനത്താവളങ്ങളിലെ ദേഹപരിശോധനയില്നിന്ന് 31 വിഭാഗത്തില്‍പെട്ടവരെയാണ് നിലവില്‍ ഒഴിവാക്കിയിട്ടുള്ളത്. രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരില്‍നിന്ന് തുടങ്ങുന്ന ഈ ലിസ്റ്റില്‍ ഉയര്‍ന്ന കോടതികളിലെ ജഡ്ജിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, സ്ഥാനപതിമാര്‍ എന്നിവര്‍ക്കൊപ്പം സുരക്ഷ പരിഗണിച്ച് ദലൈലാമ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, റോബര്‍ട്ട് വാദ്ര എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതില്‍ റോബര്‍ട്ട് വാദ്രയെ പട്ടികയില്‍നിന്ന് നീക്കുന്ന കാര്യം പരിഗണനയിലാണ്. രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന്, ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍, അറ്റോണി ജനറല്‍ എന്നിവരെയും പട്ടികയില്‍നിന്ന് ഒഴിവാക്കിയേക്കും. ദിവ്യനായ രാംദേവിന് സ്വന്തം പ്രോട്ടോക്കോള്‍ ഉണ്ടെന്നാണ് അദ്ദേഹത്തിന്‍െറ ആശ്രമാധികൃതരുടെ പക്ഷം. വിമാനത്താവള പരിശോധന ഒഴിവാക്കിയാല്‍ സമയലാഭമുണ്ട്.
ത്രിശൂലം, ദണ്ഡ് എന്നിവയുമായി വിമാനത്തില്‍ കയറാന്‍ അനുവദിക്കണമെന്ന് ചില സന്യാസിമാര്‍ വ്യോമസേനാ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതും പരിഗണനയിലാണ്. സന്യാസിമാരെ ഇത്തരം ആയുധങ്ങളുടെ കാര്യത്തില്‍ പേടിക്കേണ്ടതില്ളെന്ന കാഴ്ചപ്പാടിലാണ് അധികൃതര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
