ഇറച്ചി നിരോധം ലംഘിച്ച ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍
text_fieldsമുംബൈ: ജൈനമതക്കാരുടെ വ്രതത്തേട് അനുബന്ധിച്ച് നഗരസഭ അറവും മാംസ വില്‍പനയും നിരോധിച്ചതിനെതിരെ ഇറച്ചി വിതരണം ചെയ്ത് പ്രതിഷേധിച്ച ശിവസേന, എം.എന്‍.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇന്നും നാളെയും അടുത്ത വ്യാഴം വെള്ളി ദിവസങ്ങളിലുമാണ് മുംബൈ നഗരസഭാ പരിധിയില്‍ അറവും ഇറച്ചി കച്ചവടവും നിരോധിച്ചിരിക്കുന്നത്. താണെ, നവി മുംബൈ മേഖലകളില്‍ ഇന്നു മുതല്‍ തുടര്‍ച്ചയായി എട്ടു ദിവസത്തേക്കാണ് നിരോധം. ഇന്നു രാവിലെ ദാദറില്‍ ബിജെപി സര്‍ക്കാറിനെതിരെ മുദ്രാവാക്യം മുഴക്കി രംഗത്തത്തെിയ എം.എന്‍.എസ്, ശിവസേനാ പ്രവര്‍ത്തകര്‍ ആട്ടിറച്ചിയും കോഴിയിറച്ചിയും വിതരണം ചെയ്യുകയായിരുന്നു.
അതെസമയം, ഭരണഘടനാ അവകാശങ്ങള്‍ ലംഘിച്ചാണ് നഗരസഭ അറവും ഇറച്ചി കച്ചവടവും നിരോധിച്ചതെന്ന് ചൂണ്ടിക്കാട്ടി നഗരസഭാ തീരുമാനത്തെ ചോദ്യംചെയ്ത് മട്ടന്‍ ഡീലേസ് അസോസിയേഷന്‍ ബോമ്പെ ഹൈക്കോടതിയെ സമീപിച്ചു. ജനങ്ങളുടെ ആഹാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് നിരോധമെന്നു ഹ്രജിക്കാര്‍ ആരോപിച്ചു. മുന്‍കൂര്‍ അറിയിപ്പില്ലാതെയാണ് നഗരസഭ നിരോധം ഏര്‍പ്പെടുത്തിയതെന്നും ഹരജിക്കാര്‍ പറയുന്നു.
സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനോടും മുംബൈ നഗരസഭയോടും ബോംബെ ഹൈകോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ വിശദീകരണം നല്‍കണമെന്നാണ് കോടതി നിര്‍ദേശം.
ശിവസേനാ, എന്‍.സി.പി പാര്‍ട്ടികള്‍ ഇറച്ചി നിരോധത്തിന് എതിരെ ശക്തമായി രംഗത്തുണ്ടെങ്കിലും അവര്‍ ഭരിക്കുന്ന നഗര സഭകളാണ് നിരോധം ഏര്‍പ്പെടുത്തിയത്. മുംബൈയില്‍ ശിവസേനയും നവിമുംബൈയില്‍ എന്‍.സി.പിയുമാണ് നഗരസഭ ഭരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം നഗരസഭാ കമീഷണര്‍മാരാണ് നിരോധം ഏര്‍പ്പെടുത്തിയതെന്നാണ് ശിവസേനയും എന്‍.സി.പിയും അവകാശപ്പെടുന്നത്. മുംബൈയിലും നവിമുംബൈയിലും നഗരസഭാ കമീഷണര്‍മാരാണ് നിരോധം ഏര്‍പ്പെടുത്തിയതെങ്കില്‍ ബിജെപി ഭരിക്കുന്ന മീരാഭയന്തറില്‍ നഗരസഭാ പ്രമേയത്തിലൂടെയാണ് എട്ടു ദിവസത്തെ നിരോധം ഏര്‍പ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
