ഒരു റാങ്ക് ഒരു പെന്‍ഷന്‍: പദ്ധതിയുടെ പിതൃത്വത്തെച്ചൊല്ലി ബി.ജെ.പി-കോണ്‍ഗ്രസ് പോര്
text_fieldsന്യൂഡല്‍ഹി:ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയുടെ പിതൃത്വത്തെച്ചൊല്ലി ബി.ജെ.പി-കോണ്‍ഗ്രസ് പോര്. പദ്ധതി പ്രഖ്യാപിച്ച് പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍, യു.പി.എ സര്‍ക്കാറിനെ നേരിട്ട് കുറ്റപ്പെടുത്തിയപ്പോള്‍ രാഷ്ട്രീയം തിരുകിക്കയറ്റുകയാണ് ബി.ജെ.പിയെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.
2014ല്‍ യു.പി.എ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുമെന്ന് കേവലം പ്രഖ്യാപനം മാത്രമാണ് നടത്തിയതെന്ന് പരീകര്‍ ചൂണ്ടിക്കാട്ടി. പദ്ധതി എങ്ങനെയാണ് നടപ്പാക്കുക, എത്ര ചെലവ് വരും എന്നീ കാര്യങ്ങളില്‍ യു.പി.എ സര്‍ക്കാര്‍ വേണ്ട പഠനം നടത്തിയിട്ടില്ല. പദ്ധതിക്ക് വര്‍ഷം 10,000 കോടി രൂപ വരെ ചെലവുണ്ടെന്നിരിക്കെ, 2014ലെ ബജറ്റില്‍ 500 കോടി മാത്രമാണ് നീക്കിവെച്ചത്. യു.പി.എ സര്‍ക്കാര്‍ മുന്നൊരുക്കം നടത്താതിരുന്നതിനാലാണ് പദ്ധതി ഇത്രയും വൈകിയതെന്നും പ്രതിരോധമന്ത്രിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം വിളിച്ച മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്‍റണി, യു.പി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കുന്ന എന്‍.ഡി.എ സര്‍ക്കാര്‍ വിമുക്തഭടന്മാരെയും രാജ്യത്തെയും വിഡ്ഢിയാക്കുകയാണെന്ന് പറഞ്ഞു. പദ്ധതി എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമായി വിശദീകരിക്കുന്ന രണ്ടു ഉത്തരവുകള്‍ യു.പി.എ 2014ല്‍ പുറത്തിറക്കിയിട്ടുണ്ട്. ബജറ്റില്‍ 500 കോടി നീക്കിവെച്ചത് പ്രാഥമിക ഗഡു എന്ന നിലക്കാണ്. കൂടുതല്‍ പണം സപ്ളിമെന്‍ററി ബജറ്റില്‍ വകകൊള്ളിച്ചിട്ടുണ്ട്. യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് മൂന്നുതവണ വിമുക്ത ഭടന്മാരുടെ പെന്‍ഷന്‍ പരിഷ്കരിച്ചു. അതിലൂടെ പെന്‍ഷന്‍കാര്‍ക്കിടയിലെ അന്തരം കുറച്ചുകൊണ്ടുവന്നു. അതിനൊടുവിലാണ് ഒരു റാങ്ക് ഒരു പെന്‍ഷന്‍ പ്രഖ്യാപിച്ചത്. യു.പി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനേക്കാള്‍ കുറഞ്ഞ ആനുകൂല്യമാണ് ഇപ്പോള്‍ എന്‍.ഡി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ സര്‍ക്കാറിനെ അന്യായമായി കുറ്റപ്പെടുത്തിയതിന് പിന്നില്‍ ബി.ജെ.പിയുടെ രാഷ്ട്രീയമാണ്. പ്രതിരോധ മന്ത്രാലയത്തിന്‍െറ വാര്‍ത്താക്കുറിപ്പില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് അപലപനീയമാണെന്നും പ്രതിരോധ വിഷയങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് അവസാനിപ്പിക്കണമെന്നും ആന്‍റണി ആവശ്യപ്പെട്ടു.
ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയുടെ ക്രെഡിറ്റ് അവകാശപ്പെടുന്ന കോണ്‍ഗ്രസ് വായടക്കണമെന്ന് മുന്‍ കരസേനാ മേധാവിയും കേന്ദ്ര സഹമന്ത്രിയുമായ വി.കെ. സിങ് പറഞ്ഞു. 42 വര്‍ഷമായി നിലനില്‍ക്കുന്ന പ്രശ്നം ഇത്രയും കാലം നീണ്ടതിന് കോണ്‍ഗ്രസാണ് ഉത്തരവാദിയെന്നും വി.കെ. സിങ് പറഞ്ഞു. പദ്ധതി നടപ്പായതിന്‍െറ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. യു.പി.എ സര്‍ക്കാര്‍ 500 കോടി മാത്രം നീക്കിവെച്ചപ്പോള്‍ 10,000 കോടി നീക്കിവെച്ച എന്‍.ഡി.എ സര്‍ക്കാറിന്‍െറ നടപടിയാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയതെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ അവകാശപ്പെട്ടു. കോണ്‍ഗ്രസ് നടപ്പാക്കിയ പദ്ധതി സ്വന്തം പേരില്‍ ചാര്‍ത്തുന്ന മോദിയുടെ നടപടി പരിഹാസ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു. പ്രതിരോധ മന്ത്രാലയത്തിന്‍െറ വാര്‍ത്താസമ്മേളനത്തില്‍ രാഷ്ട്രീയം പറഞ്ഞത് അപലപിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
