കണ്ഡമാലിലെ ആശുപത്രികളില്‍ നാലു മാസത്തിനിടെ മരിച്ചത് 154 കുഞ്ഞുങ്ങള്‍
text_fieldsബെറാമ്പൂര്‍ (ഒഡിഷ): ആദിവാസി ഭൂരിപക്ഷ ജില്ലയായ ഒഡിഷയിലെ കണ്ഡമാലില്‍ നാലു മാസത്തിനിടെ വിവിധ ആശുപത്രികളില്‍ മരിച്ചത് 154 ശിശുക്കള്‍. ഏപ്രില്‍-ജൂലൈ കാലയളവിലാണ് ഈ മരണങ്ങളത്രയും. ശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തിനാവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതാണ് ജില്ലയില്‍ ശിശു മരണനിരക്ക് ഉയരാന്‍ കാരണം. ഈ മരണങ്ങളില്‍ 62 ഉം ജില്ലാ ആസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രിയിലുള്ള പ്രത്യേക നവജാതശിശു പരിപാലന യൂനിറ്റിലായിരുന്നു.
2014-15ല്‍ ഇവിടെ പ്രവേശിപ്പിച്ച 1069 കുഞ്ഞുങ്ങളില്‍ 142 പേര്‍ മരിച്ചിരുന്നു. സംസ്ഥാനത്തെ ശിശുമരണ നിരക്ക് 1000ത്തിന് 51 ആണെങ്കില്‍ ജില്ലയില്‍ ഇത് 1000ത്തിന് 58 ആണ്. 19 ശിശുരോഗ വിദഗ്ധന്മാര്‍ വേണ്ട ജില്ലയില്‍ കഴിഞ്ഞ മാസം വരെ ഒരാള്‍പോലും ഉണ്ടായിരുന്നില്ല. മേയില്‍ ഫുല്‍ബാനിയിലെ ആശുപത്രിയിലെ നവജാതശിശു പരിപാലന യൂനിറ്റില്‍ 26 കുഞ്ഞുങ്ങള്‍ മരിച്ചതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ പലതവണ സര്‍ക്കാറിന് എഴുതിയാണ് മൂന്നുപേരെ അനുവദിച്ചത്.
നവജാതശിശു പരിപാലന യൂനിറ്റില്‍പോലും ചൂടുപകരാനുള്ള ഒരു ഉപകരണവും ഓക്സിജന്‍ സിലിണ്ടറും അത്യാവശ്യം ഉപകരണങ്ങളും മാത്രമാണുള്ളത്. എന്നാല്‍, ഗര്‍ഭാവസ്ഥയിലും ജനിച്ചയുടനും വേണ്ടത്ര പരിചരണം കിട്ടാത്തതാണ് ഇവിടെ കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതിയെ ബാധിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. ആദിവാസി വിഭാഗങ്ങള്‍ പ്രസവത്തിന് ആശുപത്രികളെ സമീപിക്കാന്‍ തയാറാവാത്തതും സ്ഥിതി വഷളാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
