ഉന്നത വിദ്യാഭ്യാസം, ടൂറിസം രംഗങ്ങളില്‍ കൂടുതല്‍ സഹകരണത്തിന് ഇന്ത്യ–യു.എ.ഇ ധാരണ
text_fieldsന്യൂഡല്‍ഹി: പരസ്പര സഹകരണം കൂടുതല്‍ വിപുലമാക്കുന്നതിന്‍െറ ഭാഗമായി ഉന്നത വിദ്യാഭ്യാസം, ടൂറിസം തുടങ്ങി വിവിധ രംഗങ്ങളില്‍ ഇന്ത്യയും യു.എ.ഇയും ധാരണാപത്രം ഒപ്പുവെച്ചു. നിക്ഷേപ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സംയുക്ത വ്യവസായ കൗണ്‍സിലിനും തുടക്കംകുറിച്ചു. ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തി, തൊഴില്‍രംഗത്തെ വിവിധ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് സംയുക്ത കര്‍മസമിതിക്കു കീഴില്‍ നടപടി മുന്നോട്ടുനീക്കാനും തീരുമാനിച്ചു.
ഡല്‍ഹിയിലത്തെിയ യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആലുനഹ്യാന്‍െറയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍െറയും സംയുക്ത അധ്യക്ഷതയില്‍ നടന്ന ഇന്ത്യ-യു.എ.ഇ സംയുക്ത കമീഷന്‍ യോഗമാണ് സഹകരണം വിപുലമാക്കുന്ന നടപടികളിലേക്ക് കടന്നത്.
നാലു ധാരണാപത്രങ്ങളിലാണ് ഒപ്പുവെച്ചത്. വിദ്യാഭ്യാസ, ടൂറിസം രംഗങ്ങള്‍ക്കു പുറമെ, ശാസ്ത്ര ഗവേഷണത്തിലും സഹകരിക്കാന്‍ ധാരണയായി. രണ്ടിടത്തെയും ടെലികോം നിയന്ത്രണ അതോറിറ്റികളും പരസ്പര സഹകരണത്തിന് ധാരണാപത്രം ഒപ്പുവെച്ചു. ഇലക്ട്രോണിക്സ്, തുറമുഖം, ദേശീയപാത, ഇന്ത്യയില്‍ നിര്‍മിക്കാം പദ്ധതി തുടങ്ങിയ മേഖലകളില്‍ നിക്ഷേപസാധ്യതകള്‍ തേടുന്നതിന് യു.എ.ഇ ചേംബര്‍ ഓഫ് കോമേഴ്സും ഇന്ത്യന്‍ വ്യവസായികളുടെ കൂട്ടായ്മയായ ‘ഫിക്കി’യും ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യു.എ.ഇ സന്ദര്‍ശനത്തിന്‍െറ തുടര്‍ച്ചയായിട്ടാണ്, മൂന്നു വര്‍ഷത്തിനുശേഷം ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംയുക്ത കമീഷന്‍ യോഗം നടന്നത്. യോഗത്തിലെ പൊതുധാരണകള്‍ വിദേശകാര്യ മന്ത്രാലയത്തിലെ കിഴക്കന്‍ മേഖലാ സെക്രട്ടറി അനില്‍ വാധ്വ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
ചികിത്സ, മെഡിക്കല്‍ വിദ്യാഭ്യാസം എന്നീ രംഗങ്ങളില്‍ കൂടുതല്‍ സാധ്യതകള്‍ക്ക് വഴിയൊരുക്കും.
യു.എ.ഇയില്‍ ഇന്ത്യ കൂടുതല്‍ ആശുപത്രിശൃംഖല തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ട്.
മെഡിക്കല്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി പ്രത്യേക മെഡിക്കല്‍ കോഴ്സുകള്‍, മെഡിക്കല്‍ ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കും. ഇന്ത്യയില്‍ മെഡിക്കല്‍ സര്‍വകലാശാല തുടങ്ങുന്നതിന് യു.എ.ഇ താല്‍പര്യം പ്രകടിപ്പിച്ചു.
തൊഴില്‍രംഗത്തെ വിവിധ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് സംയുക്ത കര്‍മസമിതിക്കു കീഴില്‍ നടപടികള്‍ തുടരും. ഏഴു വിഷയങ്ങളാണ് നിര്‍ണയിച്ചിട്ടുള്ളത്. മാതൃകാ കരാര്‍നിയമം തയാറാക്കല്‍, വേതനവ്യവസ്ഥകള്‍, പാസ്പോര്‍ട്ട് പിടിച്ചുവെക്കുന്ന പ്രശ്നം, വേതനം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കല്‍, മറ്റു കമ്പനികളിലേക്ക് ഇന്ത്യന്‍ തൊഴിലാളികളെ മാറ്റുന്ന വിഷയം, മറ്റ് രാജ്യങ്ങളില്‍നിന്നുള്ള അനധികൃത കുടിയേറ്റം സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ എന്നിവയാണ് കര്‍മസമിതി ചര്‍ച്ച ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
