ഷീന ബോറ കേസ്: ഇന്ദ്രാണി ഭാഗികമായി കുറ്റം സമ്മതിച്ചതായി പൊലീസ്
text_fieldsമുംബൈ: ഷീന ബോറ കൊലക്കേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥനും സംശയത്തിന്‍െറ നിഴലില്‍. 2012 ഏപ്രില്‍ 23 റായ്ഗഢ് ജില്ലയിലെ പെന്നിലുള്ള ഗാഗൊഡെ ഖുര്‍ദ് ഗ്രാമത്തില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടത്തെിയതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥനാണ് സംശയനിഴലിലായത്. പാതി കത്തിയെരിഞ്ഞ മൃതദേഹം ഷീന ബോറയുടേതാണെന്നാണ് സംശയിക്കുന്നത്.
അവശിഷ്ടം കണ്ടത്തെിയത് പൊലീസ് സ്റ്റേഷന് ഡയറിയില്‍ രേഖപ്പെടുത്തിയ അന്നത്തെ പെന്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്പെക്ടര്‍ സുരേഷ് മിറാഗെയുടെ മൊഴിയാണ് ഉന്നതനിലേക്ക് ശ്രദ്ധതിരിച്ചത്.
സംശയനിഴലിലുള്ള ഉന്നതന്‍െറ കീഴില്‍ മൃതദേഹം കണ്ടത്തെിയ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സുരേഷ് മിറാഗെ ഡയറിയില്‍ കുറിച്ചിട്ടുണ്ട്. കണ്ടത്തെിയ അവശിഷ്ടങ്ങളുടെ ഭാഗങ്ങള്‍ ഡി.എന്‍.എ പരിശോധനക്കായി മുംബൈയിലെ ജെ.ജെ മെഡിക്കല്‍ കോളജിലേക്ക് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍, പാതിയായ പ്രഥമ വിവര റിപ്പോര്‍ട്ട് കീറക്കളഞ്ഞ ഉന്നതന് കേസ് ഉപേക്ഷിക്കാന്‍ നിര്‍ദേശിച്ചതായാണ് മൊഴി. പിന്നീട് കേസ് അന്വേഷണവും ഫോറന്‍സിക് പരിശോധനയുടെ റിപ്പോര്‍ട്ട് ശേഖരിക്കലുമുണ്ടായിട്ടില്ല.
പെന്നിലെ പൊലീസുകാരില്‍ സംശയം തോന്നിയ മുംബൈ പൊലീസ് ഡി.എന്‍.എ പരിശോധനക്ക് 2012ല്‍ ജെ.ജെ മെഡിക്കല്‍ കോളജില്‍ നല്കിയ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചിട്ടില്ല. ഇന്ദ്രാണി മുഖര്‍ജിയുടെ അറസ്റ്റിനുശേഷം പെന്നില്‍ മൃതദേഹം സംസ്കരിച്ച സ്ഥലത്തുനിന്ന് കണ്ടെടുത്ത എല്ലിന് കഷണങ്ങളാണ് മുംബൈ പൊലീസ് ഡി.എന്‍.എ പരിശോധനക്ക് അയച്ചത്. പെന്‍ പൊലീസ് അയച്ചവയില്‍ കൃത്രിമമുണ്ടായേക്കാമെന്ന സംശയത്തെ തുടര്‍ന്നാണിത്. അതേസമയം, ഇന്ദ്രാണി മുഖര്‍ജിയുടെ ഭര്‍ത്താവ് സ്റ്റാര്‍ ഇന്ത്യ മുന്‍ മേധാവി പീറ്റര്‍ മുഖര്‍ജിയെ പൊലീസ് വ്യാഴാഴ്ചയും ചോദ്യം ചെയ്തു. ഷീന ബോറ ഇന്ദ്രാണിയുടെ സഹോദരിയല്ല, മകളാണെന്ന് ഷീനയും മിഖായേല്‍ ബോറയും ഷീനയുടെ കാമുകനായിരുന്ന തന്‍െറ മകന് രാഹുല്‍ മുഖര്‍ജിയും പറഞ്ഞിരുന്നതായി പീറ്റര്‍ മൊഴിനല്‍കി. എന്നാല്‍, ഇന്ദ്രാണി നിഷേധിച്ചതോടെ താനത് കാര്യമാക്കിയില്ളെന്നും പീറ്റര്‍ പൊലീസിനോട് പറഞ്ഞു.
കുടുംബ സ്വത്തില്‍ ഷീനക്ക് പങ്കുണ്ടായിരുന്നില്ളെന്നുപറഞ്ഞ പീറ്റര്‍ അവളെ പഠനത്തില്‍ ഇന്ദ്രാണിക്കൊപ്പം താനും സഹായിച്ചിരുന്നതായും മൊഴിനല്‍കി. ഷീനയെ കൊന്ന് മൃതദേഹം നശിപ്പിക്കാന്‍ ഉപയോഗിച്ച വാഹനം റോമില്‍ ഇരുന്ന് ബുക് ചെയ്തത് ഇന്ദ്രാണി ആവശ്യപ്പെട്ടതു പ്രകാരമാണ്. തനിക്കും വിധിക്കുമൊപ്പമുണ്ടായിരുന്ന ഇന്ദ്രാണി 2012 ഏപ്രില്‍ 22നാണ് മുംബൈയിലേക്ക് പോന്നത്. പുതുതായി തുടങ്ങുന്ന എച്ച്.ആര് കമ്പനിയുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകള്ക്കായാണ് മുംബൈയിലേക്ക് പോകുന്നതെന്നാണ് ഇന്ദ്രാണി പറഞ്ഞതെന്നും പീറ്റര്‍ മൊഴി നല്കി.
അതേസമയം, ഇന്ദ്രാണി ഭാഗികമായി കുറ്റം സമ്മതിച്ചതായി പൊലീസ് അവകാശപ്പെട്ടു. ഷീനയെ താന്‍ കൊന്നിട്ടില്ളെന്നും എന്നാല്‍, അവളുടെ കൊലപാതകം ആസൂത്രണം ചെയ്തിരുന്നുവെന്നുമാണ് ഇന്ദ്രാണി പറഞ്ഞത്. എന്നാല്‍, പൊലീസിനു മുന്നിലുള്ള കുറ്റസമ്മതം നിലനില്‍ക്കില്ളെന്ന് ഇന്ദ്രാണിയുടെ അഭിഭാഷക പറഞ്ഞു. മകള്‍ വിധിയെ കാണാന്‍ ഇന്ദ്രാണി ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും പൊലീസ് വഴങ്ങിയിട്ടില്ല. സഞ്ജയ് ഖന്നയില്‍ ഇന്ദ്രാണിക്കുള്ള മകളാണ് വിധി. വിധി ഇപ്പോള്‍ പീറ്റര്‍ മുഖര്‍ജിയുടെ ദത്തുപുത്രിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
