ദലിത് എഴുത്തുകാരുടെ പുസ്തകങ്ങള്‍ നിരോധിച്ചതില്‍ പ്രതിഷേധം
text_fieldsചെന്നൈ: ദലിതര്‍ എഴുതിയ രണ്ടു പുസ്തകങ്ങള്‍ തമിഴ്നാട്ടില്‍ നിരോധിച്ചതിനെതിരെ ചരിത്രകാരന്മാരും സാഹിത്യകാരന്മാരും പ്രതിഷേധവുമായി രംഗത്ത്. ദലിതരുടെ ഉയിര്ത്തെഴുന്നേല്പിനെ തടുക്കുകയാണ് പുസ്തകനിരോധത്തിന്െറ പിന്നിലെ ലക്ഷ്യമെന്നാണ് ആരോപണം. ഭരണകൂടത്തിന്‍െറയും പൊലീസിന്‍െറയും സംയുക്തനീക്കത്തിലൂടെ അഭിപ്രായ-ആശയവിനിമയ സ്വാതന്ത്ര്യം സംസ്ഥാനത്ത് അടിച്ചമര്‍ത്തുകയാണെന്ന് സമാന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി സാംസ്കാരിക പ്രവര്‍ത്തകര്‍ ആരോപിച്ചു.
ഇ. സെന്തില്‍ മള്ളര്‍ എഴുതിയ വേന്ദര്‍ കുലത്തിന് ഇരുപ്പിടം ഏത്? (വേന്ദര്‍ സമുദായത്തിന്‍െറ ഇടം ഏത്?), കുഴന്തൈ റോയപ്പം എഴുതിയ മധുരൈ വീരനിന്‍ ഉണ്മൈ വരളാര് (മധുരൈ വീരന്‍െറ യഥാര്‍ഥചരിത്രം) എന്നീ ചരിത്രഗ്രന്ഥങ്ങളാണ് നിരോധിച്ചത്. വസ്തുതകള്‍ വളച്ചൊടിച്ച പുസ്തകങ്ങള്‍ സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ധയും സംഘര്‍ഷവും വളര്‍ത്തുമെന്ന് ആരോപിച്ചായിരുന്നു നടപടി. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആഭ്യന്തരവകുപ്പാണ് നിരോധ ഉത്തരവിറക്കിയത്. പുറത്തിറക്കിയ പുസ്തകങ്ങള്‍ കണ്ടുകെട്ടാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
സര്‍ക്കാര്‍നിര്‍ദേശം ഒൗദ്യോഗികമായി ലഭിക്കുമ്പോള്‍ തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കുമെന്ന് ഗ്രന്ഥകര്‍ത്താക്കളായ ഇ. സെന്തില്‍ മള്ളറും കുഴന്തൈ റോയപ്പവും പ്രതികരിച്ചു. പുസ്തകനിരോധം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ഉയര്‍ത്തുന്നതിനോടൊപ്പം ഗ്രന്ഥകര്‍ത്താക്കള്‍ നീതിപീഠങ്ങളെയും സമീപിക്കും.
ദലിത് ഉപജാതികളായ പള്ളവരുടെയും അരുണ്ധാതിയാരുടെയും ചരിത്രംകുറിക്കുന്നതാണ് പുസ്തകങ്ങളെന്ന് സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.എസ്. മണി പറഞ്ഞു. ദലിത് സമൂഹങ്ങളുടെ ഉയിര്ത്തെഴുന്നേല്പാണ് ആവശ്യമെന്നും നിരോധമല്ല സര്‍ക്കാര്‍ സ്വീകരിക്കേണ്ട സമീപനമെന്നും അദ്ദേഹം പറഞ്ഞു. ദലിത് സമൂഹങ്ങളെ അടിച്ചമര്‍ത്തി ഭരിക്കുന്നവര്ക്കനുകൂലമായി ചരിത്രം രചിക്കപ്പെടുകയാണ് കഴിഞ്ഞ 2000 വര്‍ഷമായി നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്ത് ദലിത് സാഹിത്യകാരന്മാരുടെ രംഗപ്രവേശത്തില്‍ ചിലര്‍ വിറളിപിടിച്ചിരിക്കുകയാണെന്ന് കാലച്ചുവട് പ്രസിദ്ധീകരണ ശാലയുടെ ഉടമ കണ്ണന് സുന്ദരും പറഞ്ഞു. പെരുമാള്‍ മുരുകന്‍െറ ‘മാതൊരുഭഗന്‍’ (അര്ധനാരീശ്വരന്) പ്രസിദ്ധീകരിച്ചത് ഇവരാണ്. ഈ ഗ്രന്ഥത്തിനെതിരെ ഉയര്‍ന്ന ജാതിസംഘടനകള്‍ പ്രതിഷേധം സൃഷ്ടിച്ചിരുന്നു.
പുസ്തകനിരോധം പിന്‍വലിച്ചില്ളെങ്കില്‍ തെരുവിലിറങ്ങി സമരം ചെയ്യുമെന്ന് ആദി തമിഴര്‍ പേരവൈ സംഘടന അറിയിച്ചു. രചനകള്‍ തള്ളണമോ അംഗീകരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് വായനക്കാരാണെന്ന് പ്രമുഖ കവി സല്‍മ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
