'ഡി കമ്പനിയില്‍' നിന്ന് രക്ഷപ്പെടാന്‍ ഛോട്ടാ രാജന്‍ കീഴടങ്ങിയതെന്ന് റിപ്പോര്‍ട്ട്
text_fieldsമുംബൈ: ഛോട്ടാരാജന്‍െറ അറസ്റ്റില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് അഭിനന്ദനം ലഭിക്കുന്നതിനിടക്ക് രാജന്‍ കീഴടങ്ങിയതാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നു. ഡി കമ്പനി (ദാവൂദ് ഇബ്രാഹിം സംഘം)യുമായി ശത്രുതയില്‍ കഴിയുന്ന രാജന്‍ അവരില്‍ നിന്ന് രക്ഷപ്പെടാന്‍ കീഴടങ്ങിയതാണെന്ന സൂചനയാണ് മുംബൈ പൊലീസ് വൃത്തങ്ങള്‍ നല്‍കുന്നത്. മിഡ് ഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
20 വര്‍ഷത്തില്‍ ഏറെയായി ഡി കമ്പനിയില്‍ നിന്ന് ഛോട്ടാ രാജന്‍ അകന്നിട്ട്. പിരിയലിന് ശേഷം കടുത്ത ശത്രുതയാണ് ഇരുവര്‍ക്കുമിടയില്‍ നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ ആക്രമണങ്ങള്‍ ഏതുനിമിഷവും എവിടെവച്ചും ഉണ്ടാവാമെന്ന നിലവന്നതോടെ രാജന്‍ കീഴടങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തന്‍െറയും സംഘത്തിന്‍െറയും നീക്കം കാരണമാണ് രാജന് ഇന്തോനേഷ്യയിലേക്ക് മടങ്ങേണ്ടിവന്നതെന്ന് നേരത്തെ ഛോട്ടാ ഷക്കീല്‍ ടൈം ഓഫ് ഇന്ത്യയോട് പറഞ്ഞിരുന്നു.
തിങ്കളാഴ്ചയാണ് ഛോട്ടാ രാജന്‍ കീഴടങ്ങിയെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചത്. ബാലി എയര്‍പോര്‍ട്ടില്‍ ഇന്തോനേഷ്യന്‍ പൊലീസാണ് രാജേന്ദ്ര സദാശിവ് നിഖല്‍ജ് എന്ന ഛോട്ടാ രാജനെ അറസ്റ്റ് ചെയ്തത്. ഇന്‍റര്‍പോള്‍ പുറപ്പെടുവിപ്പിച്ച റെഡ് കോര്‍ണര്‍ നോട്ടീസ് അനുസരിച്ചായിരുന്നു അറസ്റ്റ്. ആസ്ട്രേലിയന്‍ പൊലീസിന്‍െറ സൂചന അനുസരിച്ചായിരുന്നു പൊലീസ് നീക്കമെന്നാണ് ഒൗദ്യോഗിക വിശദീകരണം. വര്‍ഷങ്ങളായി ആസ്ട്രലിയയിലാണ് ഛോട്ടാ രാജന്‍ താമസിക്കുന്നത്.
അതേസമയം എല്ലാ പദ്ധതികളും രാജനാണ് ആസൂത്രണം ചെയ്തതെന്നും തന്നെപ്പറ്റി രാജന്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കുകയായിരുന്നുവെന്നുമാണ് ക്രൈബ്രാഞ്ച് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പല അസുഖങ്ങളും അലട്ടിയിരുന്നുവെങ്കിലും ചിത്തഭ്രമമായിരുന്നു രാജന്‍ നേരിട്ട ഏറ്റവും വലിയ പ്രശ്നം. നിരവധി പേരെ സംശയത്തിന്‍െറ പേരില്‍തന്നെ ഛോട്ടാ രാജന്‍ കൊന്നിട്ടുണ്ടെന്നാണ് അറിയുന്നത്. മിഡ് ഡേ ജേര്‍ണലിസ്റ്റ് ജെ ഡേ, സ്വന്തം സംഘത്തില്‍പെട്ടയാളായ ഫരീദ് തനാഷ എന്നിവര്‍ കൊല്ലപ്പെട്ടവരില്‍ പെടുന്നു. തന്‍െറ ഫോണ്‍ ചോര്‍ത്തിയെന്ന സംശയത്തിന്‍െറ പേരിലായിരുന്നു ഇവരുടെ കൊല നടത്തിയത്.
ഇത്തരത്തില്‍ ജീവിക്കുന്നത് ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കി ഛോട്ടാ രാജന്‍ കീഴടങ്ങുകയായിരുന്നു എന്നാണ് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയിലെ ജയിലില്‍ ജീവിച്ച്, അവിടെ നിന്ന് മറ്റു നീക്കങ്ങള്‍ നടത്താനാണത്രേ പദ്ധതി.
കീഴടങ്ങുന്നതിനായി ഛോട്ടാ രാജന്‍ തന്‍െറ യാത്രാരേഖകള്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നു. ഇതനുസരിച്ചാണ് ഇന്തോനേഷ്യയുടെ ഗരുഡ ഫ്ളൈറ്റില്‍ സിഡ്നിയില്‍ നിന്ന് ബാലിയില്‍ ഇറങ്ങിയ രാജന്‍ അറസ്റ്റിലാവുന്നത്. യാത്രാവിവരങ്ങളും പാസ്പോര്‍ട്ട് നമ്പറും ആസ്ട്രലിയന്‍ പൊലീസിനും ഇന്‍റര്‍പോളിന്‍െറ ഇന്തോനേഷ്യന്‍ വിഭാഗത്തിനും കൈമാറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എയര്‍പോര്‍ട്ടില്‍ എത്തിയ ഉടന്‍ തന്നെ രാജനെ ഇന്‍റര്‍പോളും ഇന്തോനേഷ്യന്‍ അധികൃതരും വളയുകയായിരുന്നു. ആസ്ട്രേലിയയിലെ സൗത്ത് വെയില്‍സില്‍ താമസമാക്കിയിരുന്ന ഛോട്ടാ രാജന്‍, തന്‍െറ അടുത്തയാളായ അനില്‍ ചന്ദ്രയുടെ ഹോട്ടല്‍ സന്ദര്‍ശിക്കാന്‍ ഇടക്കിടക്ക് ബാലിയില്‍ പോകുമായിരുന്നു.
രാജന്‍െറ അറസ്റ്റില്‍ കുടുംബവും ഏറെ ആശ്വാസത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഛോട്ടാ ഷക്കീല്‍ ഏതുസമയവും രാജന്‍െറ ജീവന്‍ അപയാത്തിലാക്കുമെന്ന സാഹചര്യത്തിലാണ് അറസ്റ്റ് സംഭവിച്ചതെന്നതാണ് കുടുംബത്തിന് ആശ്വാസം നല്‍കുന്നത്. കുടുംബവുമായ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടാണിത്. രാജന് ഇന്ത്യയില്‍ എല്ലാ നിയമസഹായവും ലഭ്യമാക്കാനാണ് കുടുംബത്തിന്‍െറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
