വേദങ്ങളുടെ പഴക്കം തേടി ഐ.സി.സി.ആര് സംഘം റഷ്യയിലേക്ക്
text_fields
ന്യൂഡല്‍ഹി: വേദങ്ങളുടെ പാരമ്പര്യവും പഴക്കവുമറിയാനുള്ള ഗവേഷണത്തിന്‍െറ ഭാഗമായി ഹിന്ദുത്വപണ്ഡിതരെ കേന്ദ്ര സര്‍ക്കാര്‍ ചെലവില്‍ റഷ്യയിലേക്കയക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ചറല്‍ റിലേഷന്‍സ് (ഐ.സി.സി.ആര്), റഷ്യന്‍ സ്റ്റേറ്റ് യൂനിവേഴ്സിറ്റി ഫോര്‍ ദ ഹ്യൂമാനിറ്റീസുമായി ചേര്‍ന്നാണ് ഇതിന് അവസരമൊരുക്കുന്നത്.
റഷ്യയില്‍ സൂക്ഷിച്ചിരിക്കുന്ന പുരാതന ഇന്ത്യയെക്കുറിച്ചുള്ള അറിവ് കരസ്ഥമാക്കാനാണ് യാത്രയെന്ന് ഐ.സി.സി.ആര് അറിയിച്ചു. ഗവേഷണത്തിന്‍െറ ഭാഗമായുള്ള രണ്ടു ദിവസത്തെ ചരിത്രസമ്മേളനം 28ന് മോസ്കോയില്‍ തുടങ്ങും. വേദങ്ങളുടെ യഥാര്‍ഥ പഴക്കം സമ്മേളനം ചര്‍ച്ചചെയ്യും. അഥര്‍വ വേദത്തിലെ മതപരവും തത്ത്വശാസ്ത്രപരവുമായ ചിന്തകളെക്കുറിച്ചും സമ്മേളനത്തില്‍ പണ്ഡിതര്‍ സംസാരിക്കും. വേദപഠനത്തിന് റഷ്യന്‍ പണ്ഡിതര്‍ നല്കിയ സംഭാവനയും ചര്‍ച്ചചെയ്യും.
ഡല്‍ഹി സര്‍വകലാശാലയിലെ സംസ്കൃത വിഭാഗം തലവന്‍ രമേശ് ഭരദ്വാജാണ് വേദങ്ങളുടെ കാലപ്പഴക്കം നിര്‍ണയിക്കുന്നതിനുള്ള സമ്മേളനത്തിന്‍െറ ഇന്ത്യന്‍ കോഓഡിനേറ്റര്‍. രാഷ്ട്രപതി പ്രണബ് മുഖര്‍ജി കഴിഞ്ഞ മേയില്‍ നടത്തിയ റഷ്യന്‍ സന്ദര്‍ശനത്തിനിടെ ചില റഷ്യന്‍ പണ്ഡിതരുമായി കൂടിക്കാഴ്ച നടത്തിയെന്നും അതിന്‍െറ തുടര്‍ച്ചയാണ് സമ്മേളനമെന്നും രമേശ് ഭരദ്വാജ് പറഞ്ഞു. പടിഞ്ഞാറന്‍ ലോകത്ത് ആദ്യമായി സംസ്കൃതപഠനം നടന്നത് റഷ്യയിലാണെന്നും 1725ല്‍ സെന്റ് പീറ്റേഴ്സ് ബര്‍ഗിലായിരുന്നു ഇതെന്നും രമേശ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.