ഇരു മെയ്യും ഒരു മനവുമായി നിതീഷ്-ലാലുമാര്‍
text_fieldsന്യൂഡല്‍ഹി: ബി.ജെ.പി^ആര്‍.എസ്.എസ് പ്രചാരണം പല വിഷയങ്ങളില്‍ തട്ടിത്തടഞ്ഞതിനിടയില്‍ ബിഹാറിലെ തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് മുഖ്യമന്ത്രി നിതീഷ്കുമാറിന്‍െറയും ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്‍െറയും പക്കമേളം മുറുകി.
ബിഹാര്‍ രാഷ്ട്രീയത്തില്‍ പ്രധാന ശത്രുക്കളായിനിന്ന രണ്ടു മുന്‍മുഖ്യമന്ത്രിമാര്‍ തോളില്‍ കൈയിട്ടും കുശലം പറഞ്ഞും ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കണക്കിന് പ്രഹരിച്ചും മുന്നേറുന്നത് തീവ്രമായ പ്രചാരണത്തിനിടയില്‍ കൗതുകം നിറഞ്ഞ കാഴ്ചയാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് 17 മാസം മുമ്പാണെങ്കില്‍, ബദ്ധശത്രുക്കളായിനിന്ന ലാലുവും നിതീഷും കൈകോര്‍ത്തത് മറ്റു മാര്‍ഗങ്ങളില്ലാത്തവിധം അനിവാര്യമായ ഘട്ടത്തിലാണ്.
ബിഹാര്‍ രാഷ്ട്രീയത്തില്‍ കരുത്തരായ രണ്ടു നേതാക്കളെയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മലര്‍ത്തിയടിക്കാന്‍ മോദിക്ക് കഴിഞ്ഞിരുന്നു. മുന്‍വൈരാഗ്യങ്ങള്‍ മാറ്റിവെച്ച് പ്രധാന പ്രതിയോഗിയെ നേരിട്ടില്ളെങ്കില്‍ ആ പതനത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ഒരിക്കലും കഴിയില്ളെന്നാണ് തുടര്‍ന്നുണ്ടായ തിരിച്ചറിവ്. അതിനു മുമ്പില്‍ ഇപ്പോള്‍ ഇടറുന്നത് നരേന്ദ്ര മോദിക്കാണ്.
15 വര്‍ഷം ബിഹാര്‍ അടക്കി ഭരിച്ച നേതാവാണ് ലാലുപ്രസാദ്. അദ്ദേഹത്തോട് ഉടക്കിയും നയങ്ങളെ എതിര്‍ത്തും വികസന പോരായ്മകള്‍ എടുത്തുപറഞ്ഞുമാണ് നിതീഷ് അധികാരം പിടിച്ചത്. നിതീഷിന്‍െറ ഭരണം 10 വര്‍ഷം മുന്നോട്ടു പോയപ്പോഴാണ് സാമുദായിക ധ്രുവീകരണത്തിലൂടെ രണ്ടു പേരെയും തുരത്താമെന്ന പ്രതീക്ഷയോടെ മോദി നേരിട്ട് ഇറങ്ങിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമാണ് പക്ഷേ, ഇപ്പോഴത്തെ പ്രതീതി.
തെരഞ്ഞെടുപ്പിന്‍െറ തുടക്കത്തിലെ ആശങ്കകള്‍ മാറി, ലാലുവിനും നിതീഷിനും കോണ്‍ഗ്രസിനും ഇപ്പോള്‍ ആത്മവിശ്വാസം വന്നിട്ടുണ്ട്. യാദവ^മുസ്ലിം^കുര്‍മി^മഹാദലിത് വിഭാഗങ്ങള്‍ തങ്ങള്‍ക്കു പിന്നില്‍ അണിനിരക്കുന്നത് അവര്‍ കാണുന്നു. അതിനുതക്ക വിഷയങ്ങള്‍ മോദിയും ബി.ജെ.പിയും അവര്‍ക്ക് സമ്മാനിക്കുകയും ചെയ്തു. മതനിരപേക്ഷ ചേരിയിലെ മറ്റു വിഭാഗങ്ങള്‍ സഹകരിക്കാത്തത് ഇതിനിടയില്‍ പ്രസക്തമല്ലാതായി.
പ്രചാരണവേദികളില്‍ ലാലുവും നിതീഷും ഒത്തുവരുന്നത് അപൂര്‍വമാണ്. ഒന്നിച്ചു നടന്നു സമയം പാഴാക്കാനില്ളെന്നാണ് കോണ്‍ഗ്രസിന്‍െറയും തന്ത്രം. ലാലുപ്രസാദ് നാക്കിന്‍െറ വീര്യം മുഴുവനെടുത്താണ് നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും മറ്റുമെതിരെ ആഞ്ഞടിക്കുന്നത്. സൗമ്യനായ നിതീഷ്കുമാര്‍ ബിഹാറിന്‍െറ വികസനത്തെക്കുറിച്ച് ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
എതിരാളികള്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ക്ക് അപ്പപ്പോള്‍ അതേ സ്ഥലത്ത് സ്റ്റേജ് കെട്ടി മറുപടി. പുട്ടിനു പീരയെന്ന മട്ടില്‍ കോണ്‍ഗ്രസിന്‍െറ പ്രചാരണവും ഒപ്പമുണ്ട്. വികസന നായകനായി മോദിയെ അവതരിപ്പിച്ച ബി.ജെ.പിയെ അങ്ങനെ കടത്തിവെട്ടാനാണ് അവര്‍ ശ്രമിക്കുന്നത്. നിതീഷിനെയും ലാലുവിനെയും ചേര്‍ത്ത് ‘നിലു’ എന്ന് ചിലര്‍ വിളിച്ചു തുടങ്ങിയിട്ടുണ്ട്. എങ്കിലും തെരഞ്ഞെടുപ്പില്‍ വിശാലസഖ്യം വിജയിച്ചാല്‍ ലാലു നിതീഷിന് ഉണ്ടാക്കിവെക്കാന്‍ പോകുന്ന തലവേദനകള്‍ ചെറുതാവില്ല. അതേക്കുറിച്ച മന്ത്രണ പ്രചാരണം ബി.ജെ.പി ക്യാമ്പ് നടത്തുന്നുമുണ്ട്.
എങ്കിലും സ്ഥാനാര്‍ഥികള്‍ക്ക് സീറ്റു നല്‍കുന്നത് മിക്കവാറും പ്രശ്നരഹിതമായി നടത്തിയത് ആര്‍.ജെ.ഡിയും ജനതാദള്‍^യു വും ചൂണ്ടിക്കാട്ടുന്നു. ഈഗോ മാറ്റിവെച്ച് ഇരുമെയ്യും ഒരു മനവുമായി പ്രവര്‍ത്തിക്കാന്‍ എല്ലാവരും നിര്‍ബന്ധിതരാണ്. കാരണം, ബിഹാറില്‍ നടക്കുന്നത് നിലനില്‍പിനു വേണ്ടിയുള്ള ജീവന്മരണ പോരാട്ടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
