‘ഇല്ല, ഈ മക്കളെ ഞാന്‍ കൊലക്ക് കൊടുക്കില്ല’
text_fieldsന്യൂഡല്‍ഹി: ‘നിങ്ങളൊറ്റക്കല്ലല്ളോ, ഞങ്ങളെല്ലാവരുമില്ളേ കൂടെയെന്ന്’ പറഞ്ഞ് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ടി. ആരിഫലി കരംകവര്‍ന്നപ്പോള്‍ കൂടിനിന്നവര്‍ക്ക് മുമ്പിലിരുന്ന് ആ വലിയ മനുഷ്യന്‍ വിതുമ്പിക്കരഞ്ഞു. എന്തൊക്കെയോ പറയാന്‍ ചുണ്ടനക്കിക്കൊണ്ടിരുന്നെങ്കിലും തൊണ്ടയില്‍ കുരുങ്ങിയ ശബ്ദം പുറത്തേക്ക് വന്നില്ല. കണ്ണുനീര്‍ കവിളില്‍നിന്ന് തുടച്ചുമാറ്റുന്നതിനിടെ നാസിര്‍ ഒരുവിധം പറഞ്ഞുമുഴുമിച്ചു, ‘നിവൃത്തികേടില്‍ പറഞ്ഞുപോയതാണ്’.
തളംകെട്ടിനിന്ന നിശ്ശബ്ദതയെ ഭഞ്ജിച്ച് നാസിര്‍ തിരിച്ചുചോദിച്ചു: ചെറിയൊരു കടയുമായി ഉപജീവനം നടത്തുന്ന എന്നെപ്പോലൊരു മനുഷ്യന്‍ ഇങ്ങനെയൊരു പരീക്ഷണത്തിന് മുന്നില്‍ എങ്ങനെ പിടിച്ചുനില്‍ക്കും? ന്യൂഡല്‍ഹി അബുല്‍ ഫസല്‍ എന്‍ക്ളേവിലെ തീവ്രപരിചരണ വിഭാഗത്തിന് പുറത്തായിരുന്നു ഈ സമാഗമം.
അപൂര്‍വ ഞരമ്പുരോഗം ബാധിച്ച് വര്‍ഷങ്ങളായി കിടപ്പിലായ ആറ് മക്കള്‍ക്കും ദയാവധം അനുവദിക്കണമെന്ന് രാഷ്ട്രപതിയോടാവശ്യപ്പെട്ട് ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ നിറഞ്ഞ ആഗ്രയിലെ ഈ ചെറുകിട കച്ചവടക്കാരന്‍ കാരുണ്യഹസ്തങ്ങളുടെ സാന്ത്വനസ്പര്‍ശത്തില്‍ തന്‍െറ അപേക്ഷ തിരിച്ചെടുത്തുവെന്ന് തുടര്‍ന്ന് ‘മാധ്യമ’ത്തോട് പറഞ്ഞു. ‘ഇത്രയും പേര്‍ സഹായത്തിനുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇവരെയെല്ലാം സഹായത്തിനായി ദൈവമയക്കുകയായിരുന്നു. ഇല്ല, ഈ മക്കളെ ഞാന്‍ കൊലക്ക് കൊടുക്കില്ല’. ഏറെ നാളായി കൊതിച്ച ചികിത്സ ലഭിക്കുമെന്ന ആവേശത്തില്‍ നാസിര്‍ പറഞ്ഞു.
തങ്ങളുടെ കഥ രാജ്യമൊട്ടുക്കും കാറ്റും കോളുമുണ്ടാക്കിയതൊന്നുമറിയാതെ തീവ്രപരിചരണ വിഭാഗത്തിനുള്ളില്‍ ചേര്‍ത്ത് നിരത്തിയിട്ട ആറ് ബെഡുകളിലായി കിടത്തിയ ആറു മക്കളില്‍ ഒരാളൊഴികെ എല്ലാവരുംകൂടി ഉരുണ്ടുമറിഞ്ഞു കളിക്കുകയാണ്. കയറിവന്നവരെ കണ്ട് ഒട്ടും അപരിചിതത്വം തോന്നാത്ത ഭാവത്തില്‍ കൂട്ടത്തില്‍ മുതിര്‍ന്ന 18കാരന്‍ ‘അസ്സലാമുഅലൈക്കും’ കൊണ്ട് അഭിവാദ്യം ചെയ്തു. ആറ് മക്കള്‍ക്കും ചായയും ബിസ്ക്കറ്റും നല്‍കുകയാണ് മാതാവ് തബസ്സും. സ്വന്തമായി ഒന്നും ചെയ്യാന്‍ കെല്‍പില്ലാത്ത കുട്ടികളെ സഹായിച്ച് ജാമിഅ നഗറിലെ വനിതാ ആക്ടിവിസ്റ്റും ചിത്രകാരിയുമായ ശബ്നവുമുണ്ട്.
ദയാവധത്തിനുള്ള അപേക്ഷയുടെ വാര്‍ത്തകേട്ട് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍െറ പ്രതിനിധികള്‍ ആഗ്രയില്‍പോയി ഏറ്റെടുത്ത നാസിറിന്‍െറ ആറ് മക്കളെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ചികിത്സക്കായാണ് ഡല്‍ഹിയിലത്തെിച്ചത്. വിഷന്‍ 2016 പദ്ധതിയുടെ ഭാഗമായി പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച അല്‍ശിഫ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയിലേക്കാണ് നാസിറിനും ഭാര്യ തബസ്സുമിനൊപ്പം ആറ് മക്കളെ കൊണ്ടുവന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ പാര്‍പ്പിച്ച് പരിശോധനകള്‍ക്കായി എയിംസിലേക്ക് കൊണ്ടുപോയി. എയിംസിലെ ഡോ. ശിഫാലി ഗുലാത്തിയുടെ നേതൃത്വത്തില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ സാമ്പിളുകള്‍ ശേഖരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ ആറ് മക്കളില്‍ ഒരേ തരത്തിലുള്ള ജനിതക വ്യതിയാനം കണ്ടത്തെിയിട്ടുണ്ട്. ഒരു കുഴപ്പവുമില്ലാതെ ജനിച്ച ആറ് പേരിലും ഒരേ തരത്തിലുള്ള രോഗലക്ഷണങ്ങളാണ് കാണുന്നത്. ചെറുപ്പത്തില്‍ കണ്ടത്തെിയാല്‍ ഭേദമാക്കാന്‍ കഴിയുന്ന ജനിതക വ്യതിയാനമാണിതെന്നാണ് എയിംസിലെ വിദഗ്ധാഭിപ്രായം.
രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ രക്തപരിശോധനാഫലം കിട്ടുന്നതിന് മുമ്പേ പ്രാഥമിക ചികിത്സ തുടങ്ങിയതായി എയിംസ് അധികൃതര്‍ ‘മാധ്യമ’ത്തോടു പറഞ്ഞു. ‘എയിംസി’ല്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്താലയത്തിന് കീഴിലുള്ള ഗവേഷണ സ്ഥാപനമായ സി.എസ്.ഐ.ആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്‍ഡ് ഇന്‍റഗ്രേറ്റീവ് ബയോളജി പരിശോധനകള്‍ക്കും ചികിത്സക്കും മേല്‍നോട്ടം വഹിക്കുന്നുണ്ട്. ഒരു മാസത്തേക്ക് ഓരോരുത്തര്‍ക്കും 90 ഗുളികകളുണ്ടെന്നും ആറ് പേര്‍ക്കും കൂടി പ്രതിമാസം 10,000 രൂപ ഈ ഗുളികകള്‍ക്ക് മാത്രം ചെലവ് വരുമെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ കൊടുത്ത മരുന്നിന്‍െറ പ്രതികരണമറിയിക്കാന്‍ ബുധനാഴ്ച നാസിറിനോട് മാത്രം വരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതോടുകൂടി ചിട്ടയായ ചികിത്സയിലേക്ക് കടക്കുമെന്നും എയിംസ് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
