ബിഹാറില്‍ വോട്ടെടുപ്പ് ആരംഭിച്ചു
text_fieldsപട്‌ന: ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 49 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണിത്. പല ബൂത്തുകള്‍ക്ക് മുന്നിലും വോട്ടര്‍മാരുടെ നീണ്ട ക്യൂ പ്രത്യക്ഷമാണ്. രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് മിക്കയിടങ്ങളിലും വൈകീട്ട് അഞ്ചിന് അവസാനിക്കും. ക്രമസമാധാന സാഹചര്യം പരിഗണിച്ച് ചിലയിടങ്ങളില്‍ മൂന്നുമണിയോടെ നിര്‍ത്തും. അഞ്ചു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 10 ജില്ലകളിലായി 583 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.

ബിഹാറില്‍ കാര്യമായ സ്വാധീനമില്ലാത്ത ബി.എസ്.പിയുടെ ബാനറിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത് 41 പേര്‍. ബി.ജെ.പി 27, ജനതാദള്‍യു 24, ആര്‍.ജെ.ഡി 17, എല്‍.ജെ.പി 13, കോണ്‍ഗ്രസ് എട്ട്, രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടി ആറ്, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച മൂന്ന് എന്നിങ്ങനെയാണ് മറ്റുള്ളവര്‍. സി.പി.ഐ, സി.പി.എം എന്നിവ ഉള്‍പ്പെടുന്ന ഇടതുപക്ഷം വേറിട്ടാണ് മത്സരിക്കുന്നത്. സി.പി.ഐക്കു മാത്രം 25 സ്ഥാനാര്‍ഥികളുണ്ട്. സി.പി.എമ്മിന് 12ഉം. 13,212 പോളിങ് ബൂത്തുകളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമീഷണര്‍ പറഞ്ഞു. 243 അംഗ സഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് നവംബര്‍ അഞ്ചിനാണ്. എട്ടിന് വോട്ടെണ്ണും. നവംബര്‍ 29ന് നിലവിലെ സഭയുടെ കാലാവധി കഴിയുംമുമ്പ് പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കുമെന്നാണ് പ്രതീക്ഷ.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷന്‍ നിതീഷ് കുമാര്‍, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സുഷമ സ്വരാജ്, നിതിന്‍ ഗഡ്കരി, ജെ.പി. നദ്ദ തുടങ്ങിയവര്‍ ഒരുവശത്തും മുഖ്യമന്ത്രി നിതീഷ് കുമാര്‍, മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ മറുവശത്തും അണിനിരന്ന പ്രചാരണം ബിഹാറില്‍ പ്രവചനം അസാധ്യമാക്കിയിട്ടുണ്ടെങ്കിലും ചില മാധ്യമങ്ങള്‍ എന്‍.ഡി.എ സഖ്യത്തിന് അനുകൂലമാകുമെന്ന സൂചന നല്‍കുന്നു.

അതേസമയം, ദലിത് നേതാക്കളായ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി, രാം വിലാസ് പാസ്വാന്‍ എന്നിവര്‍ക്കിടയിലെ തര്‍ക്കം എന്‍.ഡി.എയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ചകായി മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായ എല്‍.ജെ.പിയിലെ വിജയ് സിങ്ങിന് പ്രധാന എതിരാളി എന്‍.ഡി.എ വിമതനാണ്. ഭഗല്‍പൂരില്‍ ബി.ജെ.പി നേതാക്കളായ ഷാനവാസ് ഹുസൈനും അശ്വിനി ചൗബെയും തമ്മിലെ തര്‍ക്കം മൂത്ത് ഒരേ മുന്നണിയിലുള്ളവര്‍ പരസ്പരം കൊമ്പുകോര്‍ക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
