ദാദ്രി സംഭവം: വര്‍ഗീയവത്കരിക്കരുതെന്ന് രാജ്നാഥ്; ആളിക്കത്തിച്ച് സംഘ്പരിവാര്‍
text_fieldsന്യൂഡല്‍ഹി: ദാദ്രിയില്‍ ഗോംമാംസം കഴിച്ചെന്നാരോപിച്ച് മധ്യവയസ്കനെ അടിച്ചുകൊന്ന സംഭവം ദൗര്‍ഭാഗ്യകരമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. എന്നാല്‍, പ്രശ്നത്തിന് വര്‍ഗീയനിറം നല്‍കരുതെന്നും രാഷ്ട്രീയവത്കരിക്കരുതെന്നും ഒരു ഒൗദ്യോഗിക പരിപാടിക്കിടെ ഉയര്‍ന്ന ചോദ്യത്തോടു പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.
അതിനിടെ, വിഷയം മുതലെടുത്ത് വര്‍ഗീയത ആളിക്കത്തിക്കാനുള്ള എല്ലാ പരിശ്രമങ്ങളും ബി.ജെ.പിയുടെയും സംഘ്പരിവാറിന്‍െറയും ഭാഗത്തുനിന്ന് തുടരുകയാണ്. മുസഫര്‍നഗര്‍ കലാപക്കേസിലെ പ്രതിയായ എം.എല്‍.എ സംഗീത് സോം ഞായറാഴ്ച ദാദ്രി സന്ദര്‍ശിച്ച് കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളാണ് നടത്തിയത്. പശുവിനെ കൊന്നവരെ വിമാനത്തില്‍ കയറ്റിക്കൊണ്ടുപോയെന്ന് കുറ്റപ്പെടുത്തി സര്‍ക്കാറിനെതിരെ സംസാരിച്ചുതുടങ്ങിയ ഇദ്ദേഹം സംസാരിച്ചതു മുഴുവന്‍ വിഷലിപ്തമായാണ്. സംസ്ഥാനസര്‍ക്കാര്‍ വിഷയം പക്ഷപാതപരമായാണ് കൈകാര്യം ചെയ്യുന്നതെന്നു പറഞ്ഞ സോം നിയമം അതിന്‍െറ രീതിയില്‍ പോയില്ളെങ്കില്‍ നേരത്തേ ചെയ്തതുപോലെ മറുപടി നല്കാന് തങ്ങള്‍ക്കറിയാമെന്നും അറസ്റ്റിലായ ഹിന്ദുയുവാക്കള്‍ക്ക് ജാമ്യമെടുക്കാന്‍ താന്‍ മുന്നിട്ടിറങ്ങുമെന്നും പ്രഖ്യാപിച്ചു. പ്രദേശത്ത് നിലനില്‍ക്കുന്ന നിരോധാജ്ഞ വകവെക്കാതെയാണ് സംഗീത് സോം സന്ദര്‍ശനം നടത്തിയതും ആള്‍ക്കൂട്ടത്തിനു മുന്നില്‍നിന്ന് പ്രസ്താവനകളിറക്കിയതും.
വിദ്വേഷപ്രസംഗങ്ങള്‍ക്ക് കുപ്രസിദ്ധരായ ലോക്സഭാംഗം സാക്ഷി മഹാരാജ്, വി.എച്ച്.പി നേതാവ് സാധ്വി പ്രാചി എന്നിവരും രംഗത്തുണ്ട്. കൊല്ലപ്പെട്ട അഖ് ലാക്കിന്‍െറ കുടുംബത്തിന് 20 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ച സാക്ഷി ഹിന്ദുക്കള്‍ മരിച്ചാല്‍ 20,000 പോലും നല്‍കാത്ത സര്‍ക്കാറാണിതെന്ന് കുറ്റപ്പെടുത്തി. മാട്ടിറച്ചി കഴിക്കുന്നവര്‍ക്കെല്ലാം അഖ് ലാഖിന്േറതിന് സമാനമായ വിധിയാണുണ്ടാവുക എന്നാണ് പ്രാചി പ്രതികരിച്ചത്.
ഇത്തരം പ്രവണതക്കെതിരെ പുരോഗമനചിന്താഗതിക്കാര്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാഷ്ട്രീയ-പ്രത്യയശാസ്ത്ര കൊലയാണ് ദാദ്രിയില്‍ നടന്നത്. രാജ്യത്തിന്‍െറ ചരിത്രംതന്നെ മാറ്റാനുള്ള ശ്രമത്തിലാണ് ചില ആളുകള്‍. ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്. എന്തു കഴിക്കണം, ധരിക്കണം, ചിന്തിക്കണം എന്നെല്ലാം സര്‍ക്കാര്‍ തീരുമാനിക്കുന്നത് അനുവദിച്ചുകൂടെന്നും പാര്‍ട്ടി നേതാവ് മനീഷ് തിവാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
