പാതിയില്‍ മുറിയുന്ന ഫോണ്‍വിളിക്ക് പകരം സംസാര സമയം: ട്രായി ശിപാര്‍ശ 15നകം
text_fieldsന്യൂഡല്‍ഹി: സിഗ്നല്‍ പ്രശ്നം കാരണം മൊബൈല്‍ ഫോണ്‍ സംഭാഷണം പാതിയില്‍ മുറിഞ്ഞാല്‍ പകരം സൗജന്യമായി അധിക സംസാരസമയം ലഭിക്കും. ഇക്കാര്യത്തില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ശിപാര്‍ശ ഒക്ടോബര്‍ 15നകം നല്‍കുമെന്ന് ചെയര്‍മാന്‍ ആര്‍.എസ്. ശര്‍മ പറഞ്ഞു. ഓരോ പ്രദേശത്തും ഏത് ടെലികോം കമ്പനിക്കാണ് മികച്ച നെറ്റ്വര്‍ക്കും സിഗ്നലും ഉള്ളതെന്ന് കാണിക്കുന്ന പട്ടികയും ട്രായ് വൈകാതെ പുറത്തിറക്കും. ഇതോടെ പ്രസ്തുത പട്ടിക നോക്കി ഉപഭോക്താവിന് കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കുന്ന കമ്പനിയുടെ കണക്ഷനിലേക്ക് മാറാന്‍ കഴിയും. മൊബൈല്‍ സംഭാഷണം പാതിയില്‍ മുറിയുന്ന പ്രശ്നം പരിഹരിക്കാനുള്ള നടപടിയുടെ ഭാഗമായാണിത്.
ടെലികോം കമ്പനികള്‍ തങ്ങളുടെ നെറ്റ്വര്‍ക്ക് സംബന്ധിച്ച വിവരങ്ങള്‍ നിശ്ചിത ഇടവേളതോറും ട്രായിയെ അറിയിക്കണമെന്നത് നിര്‍ബന്ധമാക്കാനും ആലോചിക്കുന്നുണ്ട്. സിഗ്നല്‍ പ്രശ്നം കാരണം ഫോണ്‍വിളി മുറിയുന്നത് സംബന്ധിച്ച പരാതി പരിശോധിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ടെലികോം കമ്പനികളുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട ചുമതലയുള്ള ട്രായിയോട് നിര്‍ദേശിച്ചിരുന്നു. ഡല്‍ഹി, മുംബൈ, പുണെ, അഹ്മദാബാദ് തുടങ്ങിയ നഗരങ്ങളില്‍ ട്രായി ഈയിടെ നടത്തിയ പരിശോധനയില്‍ സംസാരം മുറിയുന്ന പരാതികള്‍ കൂടുതലാണെന്ന് കണ്ടത്തെി. ഇതേതുടര്‍ന്ന് ടെലികോം ഓപറേറ്റര്‍മാരുമായും ഉപഭോക്താക്കളുടെ ഗ്രൂപ്പുകളുമായും ചര്‍ച്ചചെയ്ത ശേഷമാണ് പ്രശ്നപരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍ ട്രായ് തയാറാക്കിയത്.
വിഷയത്തില്‍ കമ്പനികള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ എഴുതി നല്‍കാന്‍ ഒക്ടോബര്‍ അഞ്ചുവരെ സമയം നല്‍കി. സംസാരം മുറിയുന്നതിന് കാരണം മൊബൈല്‍ ടവറുകള്‍ക്കുമേലുള്ള നിയന്ത്രണവും ഇടതടവില്ലാത്ത കണക്ടിവിറ്റി ഉറപ്പാക്കാനുള്ള സ്പെക്ട്രത്തിന്‍െറ അഭാവവുമാണെന്നുമാണ് ടെലികോം കമ്പനികള്‍ യോഗത്തില്‍ വിശദീകരിച്ചത്. എന്നാല്‍, കമ്പനികളുടെ വിശദീകരണം ട്രായ് അംഗീകരിച്ചിട്ടില്ല. പാതിയില്‍ ഫോണ്‍വിളി മുറിയുന്നതിന് പിന്നില്‍ കൂടുതല്‍ ലാഭത്തിന് ടെലികോം കമ്പനികള്‍ നടത്തുന്ന കള്ളക്കളിയാണെന്ന ആക്ഷേപമാണ് ഉപഭോക്താക്കള്‍ ഉന്നയിക്കുന്നത്. പോസ്റ്റ് പെയ്ഡ് വരിക്കാരുടെ താരിഫ് ഏറെയും മിനിറ്റ് ബില്ലിങ് അടിസ്ഥാനത്തിലാണ്. മാത്രമല്ല, പ്രത്യേകം റീചാര്‍ജ് ചെയ്യുമ്പോള്‍ നല്‍കുന്ന സൗജന്യ സംസാര സമയവും മിനിറ്റ് ബില്ലിങ് അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. ഫോണ്‍വിളി പാതിയില്‍ മുറിയുമ്പോള്‍ ഉപയോക്താക്കള്‍ക്ക് സാമ്പത്തിക നഷ്ടം സംഭവിക്കുന്നുണ്ട്. എന്നാല്‍, കള്ളക്കളി ആരോപണം നിഷേധിക്കുന്ന ടെലികോം കമ്പനികള്‍ ഭൂരിപക്ഷം വരിക്കാരുടെയും താരിഫ് പ്ളാന്‍ സെക്കന്‍ഡ് ബില്ലിങ് ആണെന്നാണ് വിശദീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
