ബംഗളുരു സ്ഫോടനകേസ്: ഒന്നിച്ച് വിചാരണ നടത്തിക്കൂടെയെന്ന് സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: ബംഗളുരു സ്ഫോടനക്കേസുകളില്‍ പ്രതികളും സാക്ഷികളും ഒന്നാണെങ്കില് എല്ലാ കേസുകളും ഒരുമിച്ച് വിചാരണ നടത്തിക്കൂടേയെന്ന് സുപ്രീംകോടതി. ഒറ്റ വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് കേസില്‍ പ്രതിയാക്കപ്പെട്ട പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനി സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി കര്‍ണാടക സര്‍ക്കാറിന്‍െറ വിശദീകരണം തേടിയത്. ഇക്കാര്യത്തില്‍ കര്‍ണാകട ഒരാഴ്ചക്കകം മറുപടി നല്‍കണമെന്നും വിചാരണ എപ്പോള്‍ പൂര്‍ത്തിയാക്കാമെന്ന് അറിയക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഒമ്പത് കേസുകളില്‍ പ്രത്യേകം പ്രത്യേകം വിചാരണ നടത്തിയാല്‍ കാലതാമസം നേരിടുമെന്ന് മഅ്ദനിക്കായി ഹാജരായ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് വാദിച്ചു.
ബംഗളുരുവില്‍ നടന്ന വ്യത്യസ്ത സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ഒന്‍പതു കേസുകളാണ് വെവ്വേറെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിലെ സാക്ഷികളും തെളിവുകളുമെല്ലാം ഒന്നുതന്നെയാണ്. ഈ സാഹചര്യത്തില്‍ ഒന്‍പതു കേസുകളും ഒന്നിച്ചാക്കി വിചാരണ നടത്തിയില്ളെങ്കില്‍ നടപടികക്രമങ്ങളില്‍ അനാവശ്യമായ കാലതാമസമുണ്ടാകുമെന്ന് അഡ്വ. ഹാരിസ് ബീരാന് മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മഅ്ദനി ചൂണ്ടിക്കാട്ടിയിരുന്നു. ഒന്‍പതു കേസുകളിലായി 91 സാക്ഷികളെയാണ് ഇനി വിസ്തരിക്കാന്‍ ബാക്കിയുള്ളത്. ഇവരെ ഓരോരുത്തരെയും ഓരോ കേസിലും വെവ്വേറെ വിസ്തരിക്കുമ്പോള്‍ ആകെ 819 വിസ്താരങ്ങള്‍ ആവശ്യമായി വരും. വിചാരണ നടപടികള്‍ എത്രനാള്‍ കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക സര്‍ക്കാറും വിചാരണ കോടതിയും വ്യക്തമാക്കണമെന്ന ആവശ്യവും സത്യവാങ്മൂലത്തില്‍ ഉന്നയിച്ചിരുന്നു. വിചാരണ നടപടി കൂടുതല്‍ നീണ്ടുപോയാല്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്നും ഹരജയില്‍ ആവശ്യപ്പെട്ടിരുന്നു. ചികിത്സ ബംഗളുരുവില്‍ തന്നെ വേണമെന്ന നിബന്ധനയില്‍ ഇളവു നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
