സൈനിക പെന്ഷന് വര്‍ഷംതോറും കൂട്ടാനാവില്ലെന്ന് ജെയ്റ്റ്ലി; മന്ത്രി രാജ്യത്തിന്‍െറ ശത്രുവെന്ന് ജത്മലാനി
text_fieldsന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്ഷന് ആവശ്യമുന്നയിച്ച് സമരം നടത്തുന്ന വിമുക്ത ഭടന്മാരോട് കടുത്ത വാക്കുകളോതി കേന്ദ്ര സര്‍ക്കാര്‍. വാക്കുപാലിച്ചില്ളെങ്കില് വരാനിരിക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കണക്കുചോദിക്കുമെന്ന് മുന്‍ സൈനികരും. നിരാഹാരസമരം നടത്തുന്ന ഒട്ടേറെ പൂര്‍വ സൈനികര്‍ അവശനിലയിലായതോടെ അനുനയമാര്ഗത്തിലൂടെ സര്‍ക്കാര്‍ പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്ന ധാരണ പരക്കുന്നതിനിടെ നേരത്തേ പ്രതിരോധ വകുപ്പിന്‍െറകൂടി ചുമതല വഹിച്ചിരുന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് എല്ലാ ആവശ്യങ്ങള്‍ക്കും സര്‍ക്കാര്‍ വഴങ്ങില്ളെന്ന് തുറന്നടിച്ചത്. ഒരു റാങ്ക് ഒരു പെന്‍ഷന്‍െറ അടിസ്ഥാനത്തില്‍ വര്‍ഷംതോറും പെന്ഷന് പുതുക്കാനാവില്ളെന്ന് ജെയ്റ്റ്ലി വ്യക്തമാക്കി.
ഇതു ലോകത്തെവിടെയും കേട്ടുകേള്‍വിയില്ലാത്ത രീതിയാണ്. ഉയര്‍ന്ന പെന്ഷന് ആവശ്യപ്പെടുന്നത് ന്യായമാണ്. അത് ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധവുമാണ്. എന്നാല്‍, അത് എല്ലാ വര്‍ഷവും പുതുക്കണമെന്നത് അംഗീകരിക്കാനാകില്ല. വികാരത്തള്ളിച്ചയുടെ പുറത്ത് ഉന്നയിക്കുന്ന ആവശ്യങ്ങള്‍ യുക്തിക്കു നിരക്കുന്നതാണോ എന്നുകൂടി പരിശോധിക്കണം. മുന്‍ സൈനികരുടെ ആവശ്യത്തിനു വഴങ്ങിയാല്‍ നാളെ മറ്റു വിഭാഗങ്ങളും ഇത്തരം ആവശ്യങ്ങള്‍ ഉന്നയിച്ചെന്നിരിക്കും. അത് രാജ്യത്തിന് വന്‍ ബാധ്യതകള്‍ക്കു വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ജെയ്റ്റ്ലി വിമുക്ത ഭടന്മാരുടെയും രാജ്യത്തിന്‍െറയും ശത്രുവാണെന്ന ആരോപണവുമായി മുതിര്‍ന്ന അഭിഭാഷകനും ബി.ജെ.പി സഹയാത്രികനുമായ രാം ജത്മലാനി സമരസേനാനികള്‍ക്ക് പിന്തുണ അര്‍പ്പിക്കാനത്തെി. സമരം 78 ദിവസം തികഞ്ഞ തിങ്കളാഴ്ച സമരപ്പന്തലിലത്തെിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രൂക്ഷ വിമര്‍ശങ്ങളുയര്‍ത്തി. മോദിയെക്കുറിച്ചുള്ള എല്ലാ സ്വപ്നങ്ങളും പൊളിഞ്ഞെന്നും രാഷ്ട്രീയംകളിയില്‍ മാത്രം ശ്രദ്ധിക്കുന്നവര്‍ രാജ്യത്തോടും ജനങ്ങളോടുമുള്ള കടമ വിസ്മരിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.
അതിനിടെ, സൈനികരും മുന്‍ സൈനികരും ഒട്ടേറെയുള്ള ബിഹാറില്‍ ബി.ജെ.പിക്കെതിരെ പ്രചാരണം നടത്താന്‍ ഒരു വിഭാഗം സമരക്കാര്‍ തീരുമാനിച്ചു. വീടുവീടാന്തരം കയറി സര്‍ക്കാറിന്‍െറ വഞ്ചന ബോധ്യപ്പെടുത്താനാണ് പദ്ധതിയെന്ന് മേജര്‍ സത്ബീര്‍ സിങ് വ്യക്തമാക്കി.
ജന്തര്‍മന്തറിലെ സമരപ്പന്തലില്‍ ഒമ്പത് വിമുക്തഭടന്മാരും ഒരു യുദ്ധരക്തസാക്ഷിയുടെ പിതാവുമാണ് ഇപ്പോള്‍ മരണം വരെ നിരാഹാരസമരം അനുഷ്ഠിക്കുന്നത്. കേണല്‍ പുഷ്പേന്ദര്‍ സിങ്, ഹവീല്‍ദാര്‍ മേജര്‍ സിങ്, ഹവീല്‍ദാര്‍ അശോക് ചൗഹാന്, ഹവീല്‍ദാര്‍ സാഹിബ് സിങ്, മേജര്‍ പിയര്‍ ചന്ദ് റാണ, നായിക് ഉദയ് സിങ്, കമാന്‍ഡര്‍ എ.കെ. ശര്‍മ, വിജയ് സിങ് യാദവ്, എസ്.ഡബ്ള്യു.ആര് കേശവ് സിങ്, സാംവാള്‍ രാം യാദവ് എന്നിവരാണ് സമരത്തില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
