പാചകവാതകം ഇനി രണ്ടു കിലോ സിലിണ്ടറിലും
text_fieldsന്യൂഡല്‍ഹി: അഞ്ചു കിലോ സിലിണ്ടറുകള്‍ വന്‍ വിജയമായതിനു പിന്നാലെ പാചകവാതകം ഇനി രണ്ടു കിലോ മിനി സിലിണ്ടറുകളിലും ലഭ്യമാക്കാന്‍ കേന്ദ്രം ആലോചിക്കുന്നു. പ്രധാനമായും ഗ്രാമീണ മേഖലകളിലുള്ളവരെ ഉദ്ദേശിച്ചുള്ള കൊച്ചുസിലിണ്ടറുകള്‍ രാജ്യത്തുടനീളം വിശിഷ്യ ഗ്രാമങ്ങളില്‍ വരെ വിപണനം നടത്താനാണ് നീക്കം. സബ്സിഡി നിരക്കിലുള്ള സിലിണ്ടറുകളുടെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചതായും കേന്ദ്രം അറിയിച്ചു.
418 രൂപ വിലയുള്ള 14.2 കിലോ സിലിണ്ടറുകള്‍ കൊണ്ടുപോകാനുള്ള അസൗകര്യം കണക്കിലെടുത്താണ് 2013 ഒക്ടോബറില്‍ 155 രൂപ വിലയുള്ള അഞ്ചു കിലോ സിലിണ്ടറുകള്‍ വിപണിയിലത്തെിച്ചത്. ഗ്രാമീണ മേഖലകളില്‍ ഇത് വന്‍ ഹിറ്റായിരുന്നു. ഇതും നല്‍കാന്‍ പ്രയാസമുള്ള പാവങ്ങളെ ലക്ഷ്യമിട്ടാണ് രണ്ടു കിലോ സിലിണ്ടറുകള്‍ വില്‍പനക്കത്തെിക്കുന്നത്. താമസരേഖകള്‍ ഹാജരാക്കാന്‍ പ്രയാസമുള്ള വിദ്യാര്‍ഥികള്‍, കുടിയേറ്റ തൊഴിലാളികള്‍ എന്നിവര്‍ക്കും ഇതിന്‍െറ പ്രയോജനമുണ്ടാകും.
സിലിണ്ടറുകള്‍ ലഭിക്കാന്‍ ഓണ്‍ലൈനായി ബുക് ചെയ്യുന്നവര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ സിലിണ്ടര്‍ എത്തിച്ചുനല്‍കാനാകുമെന്ന് പരിപാടിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. പുതിയ ബുക്കിങ്ങിന് അപേക്ഷിക്കുന്നവര്‍ക്ക് മൂന്നോ നാലോ ദിവസത്തിനുള്ളിലും ലഭ്യമാക്കും. ഇതുവരെയായി 25 ലക്ഷം ഉപഭോക്താക്കള്‍ സബ്സിഡി വേണ്ടെന്നുവെച്ചതായും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
